
സോസിദാദുമായി സമനിലക്കുരുക്കിൽ സിദാൻ സംഘം; ഇനി മഡ്രിഡ് നാട്ടങ്കം
text_fields
മഡ്രിഡ്: ലാ ലിഗയിൽ ഇനിയും കരുത്തരുടെ പട്ടികയിൽ ഇരിപ്പുറക്കാത്ത റയൽ സോസിദാദിനെതിരെ അവസാന നിമിഷങ്ങളിൽ വിനീഷ്യസ് ജൂനിയർ നേടിയ ഗോളിന് സമനിലയുമായി രക്ഷപ്പെട്ട റയൽ മഡ്രിഡിനെ ഇനി കാത്തിരിക്കുന്നത് നാട്ടങ്കം. ലാ ലിഗയിൽ ഒരു കളി കുറച്ചും അഞ്ചു പോയിന്റ് കൂടുതലുമുള്ള അത്ലറ്റികോ മഡ്രിഡുമായാണ് ഞായറാഴ്ചത്തെ തീപാറും പോരാട്ടം.
റയൽ നിരയിൽ മൈതാനം നിറഞ്ഞ് മരിയാനോയും റാഫേൽ വരാനെയും പറന്നു നടന്നിട്ടും ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം ആദ്യ വെടിപൊട്ടിച്ചത് റയൽ സോസിദാദ്. 55ാം മിനിറ്റിൽ പോർട്ടുവാണ് സന്ദർശകരെ മുന്നിലെത്തിച്ചത്. മിടുക്കർ വേണ്ടുവോളമുള്ള റയൽ നിരക്ക് കൂടുതൽ കരുത്തുപകർന്ന് 61ാം മിനിറ്റിൽ വിനീഷ്യസ് എത്തിയതോടെ കളിക്കു വേഗം കൂടി. കളിയിൽ ആധിപത്യം കടുപ്പിച്ച റയൽ 89ാം മിനിറ്റിലാണെങ്കിലും വിനീഷ്യസ് നേടിയ വിലപ്പെട്ട ഗോളിൽ കളി ഒപ്പം പിടിച്ചു. ലുക്കാസ് വാസ്ക്വേസായിരുന്നു ഗോളിൽ സഹായി.
ഇന്നലെയും കളി സമനിലയിൽ തീർന്നതോടെ ലാ ലിഗയിൽ ബാഴ്സലോണയെ കടന്ന് രണ്ടാം സ്ഥാനത്തേക്കു കയറാമെന്ന റയൽ മോഹം പിന്നെയും പാതിവഴിയിലായി. റയൽ സോസിദാദ് അഞ്ചാമതുണ്ട്.
അതേ സമയം, സെർജിയോ റാമോസ്, കരീം ബെൻസേമ എന്നിവർ പരിക്കുമായി ഇപ്പോഴും പുറത്തിരിക്കുന്ന റയൽ നിരയിൽ ഫെഡറികോ വെൽവേഡേ, റോഡ്രിഗോ, മാഴ്സലോ എന്നിവർ പരിക്കുമാറി തിരിച്ചുവന്നത് സിദാന് ആശ്വാസമായി.
