Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോർണറിലും രണ്ടാം...

കോർണറിലും രണ്ടാം മഞ്ഞക്കാർഡിലും ഇനി 'വാർ' ചെക്ക്

text_fields
bookmark_border
കോർണറിലും രണ്ടാം മഞ്ഞക്കാർഡിലും ഇനി വാർ ചെക്ക്
cancel

ലണ്ടൻ: ഫുട്ബോൾ മത്സരങ്ങളിലെ സമയനഷ്ടം കുറയ്ക്കുന്നതിനും കളിയുടെ വേഗത നിലനിർത്തുന്നതിനുമായി സുപ്രധാന നിയമ പരിഷ്കാരങ്ങളുമായി ഫുട്ബോൾ നിയമനിർമാണ സമിതിയായ ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് (ഇഫാബ്). വീഡിയോ അസിസ്റ്റന്റ് റഫറി (വാർ) സംവിധാനത്തിന്റെ അധികാരം വർധിപ്പിച്ചതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ഇനി മുതൽ രണ്ടാമത്തെ മഞ്ഞക്കാർഡ് നൽകുന്നതിലും കോർണർ കിക്കുകളിലും ഇടപെടാൻ വാറിന് അനുമതിയുണ്ടാകും. മത്സരത്തിന്റെ ഒഴുക്കിനെ ബാധിക്കാത്ത രീതിയിലായിരിക്കും ഈ പരിശോധനകൾ.


കളിക്കാർ ബോധപൂർവം സമയം കളയുന്നത് തടയാൻ കർശന നിയമങ്ങളാണ് ഇഫാബ് കൊണ്ടുവരുന്നത്. ഗോൾകീപ്പർമാർ പന്ത് കൈവശം വെക്കുന്നതിനുള്ള സമയം എട്ട് സെക്കൻഡായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ത്രോ ഇന്നിനും ഗോൾ കിക്കിനും കളിക്കാർ കൂടുതൽ സമയമെടുത്താൽ റഫറിക്ക് അഞ്ച് സെക്കൻഡ് കൗണ്ട്ഡൗൺ ആരംഭിക്കാൻ അധികാരമുണ്ടാകും. ഗോൾ കിക്കെടുക്കാൻ വൈകിയാൽ എതിർ ടീമിന് കോർണർ കിക്ക് അനുവദിക്കും. ത്രോ ഇൻ എടുക്കാൻ വൈകിയാൽ ആ ത്രോ ഇൻ എതിർ ടീമിന് നൽകും. സബ്സ്റ്റിറ്റ്യൂഷൻ വഴി കളത്തിൽ നിന്ന് പുറത്തുപോകുന്ന താരങ്ങൾ 10 സെക്കൻഡിനുള്ളിൽ ഗ്രൗണ്ട് വിടണം. ഇതിൽ വീഴ്ച വരുത്തിയാൽ പകരക്കാരനായ താരം കുറഞ്ഞത് ഒരു മിനിറ്റ് നേരത്തേക്കെങ്കിലും പുറത്തിരിക്കേണ്ടി വരും. കൂടാതെ, ഒരു താരത്തിന്റെ പരിക്ക് കാരണം കളി നിർത്തിവെക്കേണ്ടി വന്നാൽ, ആ താരം കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഗ്രൗണ്ടിന് പുറത്തിരിക്കണമെന്നതും പുതിയ നിയമമാണ്. പ്രീമിയർ ലീഗിൽ 30 സെക്കൻഡ് നിയമം പരീക്ഷിച്ചിരുന്നെങ്കിലും അത് പര്യാപ്തമല്ലെന്ന വിലയിരുത്തലിലാണ് ഒരു മിനിറ്റാക്കി മാറ്റാനുള്ള തീരുമാനം.

രണ്ടാമതൊരു മഞ്ഞക്കാർഡ് നൽകി താരത്തെ പുറത്താക്കുന്ന തീരുമാനങ്ങളിൽ വ്യക്തമായ തെറ്റുണ്ടെങ്കിൽ മാത്രമേ വാർ ഇടപെടുകയുള്ളൂ. അതുപോലെ, കോർണർ കിക്കുകളിലെ വാർ പരിശോധന നിർബന്ധമുള്ള കാര്യമല്ല. കളി പുനരാരംഭിക്കാൻ വൈകാത്ത രീതിയിൽ, റഫറിയുടെ തീരുമാനത്തിൽ വ്യക്തമായ പിഴവുണ്ടെങ്കിൽ മാത്രമായിരിക്കും വാർ പരിശോധന നടക്കുക. ഫീൽഡിൽ റഫറി നൽകാത്ത ഒരു രണ്ടാമത്തെ മഞ്ഞക്കാർഡ് നൽകാൻ വാർ ഒരിക്കലും നിർദ്ദേശിക്കില്ല. വാറിന്റെ അധികാരം ഗോളുകൾ, പെനാൽറ്റികൾ, ചുവപ്പ് കാർഡുകൾ എന്നിവയിൽ ഒതുങ്ങിനിൽക്കണമെന്ന അടിസ്ഥാന നയത്തിൽ മാറ്റമില്ലെന്നും ഇഫാബ് വ്യക്തമാക്കി.

ഗോൾകീപ്പർമാർ ബോധപൂർവം പരിക്കഭിനയിച്ച് സമയം കളയുന്ന രീതി അവസാനിപ്പിക്കാനും പുതിയ മാർഗങ്ങൾ ഇഫാബ് ആലോചിക്കുന്നുണ്ട്. റഫറിയുടെ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് ടീമുകൾ ഒന്നടങ്കം ഗ്രൗണ്ട് വിട്ടുപോകുന്നതും (ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ സെനഗൽ താരങ്ങൾ ചെയ്തത് പോലെ), എതിർതാരങ്ങളെ അധിക്ഷേപിക്കുന്നത് മറച്ചുവെക്കാൻ വായ പൊത്തി സംസാരിക്കുന്നതും കർശനമായി നിരീക്ഷിക്കും. ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനെതിരെ ബെൻഫിക്ക താരം ജിയാൻലൂക്ക പ്രെസ്റ്റിയാനി വായ പൊത്തി വംശീയാധിക്ഷേപം നടത്തിയെന്ന ആരോപണം യുവേഫയുടെ അന്വേഷണത്തിലാണ്. വെയിൽസിൽ നടന്ന വാർഷിക യോഗത്തിലാണ് പുതിയ മാറ്റങ്ങൾക്ക് അംഗീകാരം നൽകിയത്. ജൂലൈ ഒന്ന് മുതലാണ് പുതിയ നിയമങ്ങൾ ഔദ്യോഗികമായി പ്രാബല്യത്തിൽ വരിക. അതിനാൽ, ജൂൺ 11 ന് ആരംഭിക്കുന്ന ലോകകപ്പിലും ഈ നിയമങ്ങൾ നടപ്പിലാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFAVARIFAB2026 FIFA World Cup
News Summary - VARs will intervene on second yellows and corners after football law changes
Next Story