
ഇൻസ്റ്റഗ്രാം റെക്കോഡുകൾ ഭേദിച്ച് റൊണാൾഡോ തിരിച്ചുവരവ് അറിയിച്ച യുനൈറ്റഡ് പോസ്റ്റ്
text_fieldsലണ്ടൻ: സീരി എ വിട്ട് പ്രിമിയർ ലീഗിലെ പഴയ തട്ടകത്തിലേക്ക് ആവേശപൂർവം മടങ്ങിയെത്തിയ പോർച്ചുഗീസ് സൂപർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തിരിച്ചുവരവ് അറിയിച്ച് ഇൻസ്റ്റഗ്രാമിലിട്ട പോസ്റ്റ് കുറിച്ചത് പുതിയ റെക്കോഡ്. ഇതുവരെ 1.3 കോടി ലൈകാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. ഒരു ക്ലബ് ഇട്ട പോസ്റ്റിന് ലഭിക്കുന്ന ഏറ്റവും കൂടുതൽ ലൈക് എന്ന റെക്കോഡാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് സ്വന്തമാക്കിയത്. മെസ്സി ടീമിലെത്തുന്നതായി അറിയിച്ച് പി.എസ്.ജി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോക്ക് 78 ലക്ഷം ലൈക്കുകൾ ലഭിച്ചിരുന്നു.
അതേ സമയം, ഇൻസ്റ്റഗ്രാമിൽ ഏറ്റവും ജനപ്രീതി നേടിയ സ്പോർട്സ് ഫോട്ടോക്കുള്ള റെക്കോഡ് മെസ്സിയുടെ പേരിലാണ്. കോപ അമേരിക്ക ട്രോഫി പിടിച്ചുള്ള താരത്തിന്റെ പോസ്റ്റ് രണ്ടു കോടിയിലേറെ പേരാണ് ലൈക് നൽകിയിരുന്നത്. നേരത്തെ അർജന്റീന ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങിയപ്പോൾ ക്രിസ്റ്റ്യാനോ ഇരുവരും ഒന്നിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തത് രണ്ടു കോടിയോളം പേർ ലൈക് ചെയ്തിരുന്നു.
