സൗഹൃദം ജയിച്ച് യു.എ.ഇ ലബനാനെ 1-0ത്തിന് തോൽപിച്ചു
text_fieldsലബനാനെതിരെ ഗോൾ നേടിയ സെബാസ്റ്റ്യൻ തിഗാലിയെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു
ദുബൈ: ഇറാഖിൽ നടക്കുന്ന ഗൾഫ് കപ്പിനു മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ലബനാനെ തോൽപിച്ച് യു.എ.ഇ. ദുബൈ അൽനാസർ ക്ലബിലെ അൽ മക്തൂം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് യു.എ.ഇയുടെ ജയം. 78ാം മിനിറ്റിൽ പെനാൽറ്റി ഏരിയയിൽനിന്ന് ഹരബ് അബ്ദുല്ല നൽകിയ പാസ് സെബാസ്റ്റ്യൻ തിഗാലിയാണ് ഗോളാക്കി മാറ്റിയത്. ആക്രമണ ഫുട്ബാൾ കാഴ്ചവെച്ച മത്സരത്തിൽ രണ്ടു ടീമുകളും അവസരങ്ങൾ പാഴാക്കി.
ഗൾഫ് കപ്പിന് ഒരുങ്ങുന്നതിനാൽ പരമാവധി താരങ്ങൾക്ക് അവസരം നൽകാനായിരുന്നു കോച്ചിന്റെ ശ്രമം. രണ്ടാം പകുതിയിൽ ആറ് സബ്സ്റ്റിറ്റ്യൂഷനുകൾ നടത്തി. ടീം തിങ്കളാഴ്ച ഇറാഖിലേക്ക് തിരിക്കും. ബസ്രയിൽ ജനുവരി ആറു മുതൽ 19 വരെയാണ് ടൂർണമെന്റ്. ജനുവരി ഏഴിന് ബഹ്റൈനെതിരെയാണ് യു.എ.ഇയുടെ ആദ്യ മത്സരം. ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവയടങ്ങിയ ഗ്രൂപ് ‘ബി’യിലാണ് യു.എ.ഇ. ജനുവരി പത്തിന് കുവൈത്തിനെയും 13ന് ഖത്തറിനെയും നേരിടും. ഗ്രൂപ്പിൽ ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്നത് ഖത്തറാണ്.
ലോകകപ്പിൽ കളിച്ച പരിചയസമ്പത്തുമായാണ് ഖത്തർ എത്തുന്നത്. ലോകകപ്പിനുശേഷം അവർ കളിക്കുന്ന ആദ്യ ടൂർണമെന്റാണിത്. ഗ്രൂപ് ‘എ’യിൽ സൗദി അറേബ്യ, ഒമാൻ, ഇറാഖ്, യമൻ എന്നീ ടീമുകളാണ് ഏറ്റുമുട്ടുന്നത്. രണ്ടു ഗ്രൂപ്പുകളിലായി രണ്ടു ടീമുകൾ വീതം സെമിയിലേക്ക് യോഗ്യത നേടും.

