യു.എഫ്.സി സാരി സൂപ്പർ കപ്പ്-2022 ടൂർണമെന്റ് 16 മുതൽ
text_fieldsയു.എഫ്.സി സാരി സൂപ്പർ കപ്പ്-2022 ഫുട്ബാൾ ടൂർണമെന്റ് സംഘാടകർ വാർത്തസമ്മേളനത്തിൽ
റിയാദ്: സാരി ആപ്ലിക്കേഷനുമായി സഹകരിച്ച് റിയാദിലെ യുനൈറ്റഡ് എഫ്.സി സംഘടിപ്പിക്കുന്ന ഇലവൻസ് ഫുട്ബാൾ ടൂർണമെന്റ് ഈ മാസം 16, 23, 30 തീയതികളിൽ നടക്കും. റിയാദ്-അൽഖർജ് റോഡിലെ ഇസ്‌കാൻ ഗ്രൗണ്ടിലാണ് മത്സരമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത എട്ടു ടീമുകളെ ഉൾപ്പെടുത്തിയാണ് മത്സരം. പങ്കെടുക്കുന്ന കളിക്കാർക്കുള്ള ജഴ്‌സി ടൂർണമെന്റ് കമ്മിറ്റി നൽകും. ഒന്നാമത്തെ ദിവസം നാലു മത്സരങ്ങളും രണ്ടാം ദിവസം സെമിഫൈനലും മൂന്നാം ദിവസം ഫൈനൽ മത്സരവുമായാണ് നടക്കുക. മൂന്നാം ദിവസം ഫൈനലിന് മുന്നോടിയായി സാരി ഇലവനും യുനൈറ്റഡ് എഫ്.സി റിയാദും തമ്മിലുള്ള സൗഹൃദ മത്സരവും ഉണ്ടാകും.
ജേതാക്കൾക്ക് 7,001 സൗദി റിയാലും ട്രോഫിയും റണ്ണേഴ്‌സിന് 3,001 റിയാലും ട്രോഫിയും സമ്മാനിക്കും. റിയാദിൽ ഇതാദ്യമായാണ് ഇത്രയും വലിയ പ്രൈസ് മണി നൽകുന്നതെന്ന് സംഘാടകർ അവകാശപ്പെട്ടു. ഫോക്കസ് ലൈൻ ഷിപ്പിങ് റോയൽ ഫോക്കസ് ലൈൻ, കിംസ് ജരീർ മെഡിക്കൽസ് യൂത്ത് ഇന്ത്യ ഇലവൻ, ബ്ലാസ്റ്റേഴ്‌സ് വാഴക്കാട് അസീസിയ്യ സോക്കർ, റെയിൻബോ സുലൈ എഫ്.സി, ഐബിടെക് ലാന്റേൺ എഫ്.സി, ഈത്താർ ഹോളിഡേയ്‌സ് റിയൽ കേരള റിയാദ് ബ്ലാസ്റ്റേഴ്‌സ്, മുത്താജിർ റോയൽ ബ്രദേഴ്സ് കാളികാവ്, ബറകാത്ത് ഡേറ്റ്സ് ഐ.എഫ്.എഫ്.സി എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്.
റിയാദ് മലസിലെ പേപ്പർ ട്രീ ഹാളിൽ നടന്ന വാർത്തസമ്മേളനത്തിൽ സാരി മൊബൈൽ ആപ്ലിക്കേഷൻ ചീഫ് കമേഴ്‌സ്യൽ ഓഫിസർ അബ്ദുല്ല അബ ഹുസൈൻ, ഹെഡ് ഓഫ് ഗ്രോത്ത് അസദ് അലി ഷാഹ്, ഗ്രോത്ത് പെർഫോമൻസ് മാനേജർ ശഫീഖ് വാളക്കുണ്ടിൽ, യു.എഫ്.സി ഭാരവാഹികളായ അബ്‌ദുറഹ്‌മാൻ കരുവാരകുണ്ട്, ഫൈസൽ പാഴൂർ എന്നിവർ പങ്കെടുത്തു. അലി കൊളത്തിക്കൽ (മുഖ്യ രക്ഷാധികാരി), ബാബു മഞ്ചേരി (ചെയർ.), കുട്ടി വല്ലപ്പുഴ (വൈ. ചെയർ.), നൗഷാദ് കോട്ടക്കൽ (ട്രഷ.), ശൗലിക്, റഫ്സാൻ (വളൻറിയർ ക്യാപ്റ്റന്മാർ) എന്നിവരാണ് ടൂർണമെന്റ് സംഘാടക സമിതി അംഗങ്ങൾ. മൻസൂർ തിരൂർ, ശബീർ, ശരത്, ചെറിയാപ്പു, മുഷ്‌താഖ്, സലിം ഒറ്റപ്പാലം, ആദിൽ, അസ്ഹർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

