ഗസ്സ വംശഹത്യക്ക് കടുത്ത ശിക്ഷ; ഇസ്രായേലിനെ വിലക്കാൻ യുവേഫ
text_fieldsപാരിസ്: ഗസ്സയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 65,000ത്തിൽ ഏറെ ഫലസ്തീനികളെ കൊന്നൊടുക്കി വംശഹത്യ തുടരുന്ന ഇസ്രായേലിന് കനത്ത ശിക്ഷക്ക് ഒരുക്കി യൂറോപ്യൻ ഫുട്ബാൾ ഭരണ സമിതിയായ യുവേഫ.
അന്താരാഷ്ട്ര മര്യാദകൾ ലംഘിച്ചും, ലോകത്തിന്റെ അഭ്യർത്ഥന തള്ളിയും വംശഹത്യ തുടരുന്ന ഇസ്രായേലിനെ ഫുട്ബാൾ വേദിയിൽ വിലക്കണമെന്ന അംഗ രാജ്യങ്ങളുടെ ആവശ്യത്തിൽ ചൊവ്വാഴ്ച ചേരുന്ന യുവേഫ എക്സിക്യൂട്ടീവ് യോഗം തീരുമാനമെടുക്കും.
അംഗരാജ്യങ്ങൾക്കിടയിലെ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാവും നടപടി. ഇസ്രായേൽ ദേശീയ ടീമിനെ മുഴുവൻ യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ നിന്നും വിലക്കുന്നതിനൊപ്പം, യുവേഫ യൂറോപ ലീഗിൽ കളിക്കുള്ള മകാബി തെൽ അവീവിനെയും വിലക്കും. രണ്ടു വർഷത്തിലേക്കടുക്കുന്ന ഗസ്സ ആക്രമണങ്ങൾക്കു പിന്നാലെ, യുവേഫയുമായി അടുത്ത ബന്ധം നിലനിർത്തുന്ന ഖത്തറിനെയും ഇസ്രായേൽ ആക്രമിച്ചത് യൂറോപ്യൻ ഫുട്ബാൾ ഭരണസമിതിയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. പ്രസിഡന്റ് അലക്സാണ്ടർ സെഫറിന്റെ അധ്യക്ഷതയിൽ ചേരുന്ന 20 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയാവും ഇസ്രായേൽ വിലക്ക് സംബന്ധിച്ച് തീരുമാനമെടുക്കുക.
രണ്ടോ, മൂന്നോ അംഗങ്ങൾ വിലക്ക് നീക്കത്തെ എതിർക്കാൻ സാധ്യതയുണ്ട്. എന്നാൽ, ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ യൂറോപ്യൻഫുട്ബാളിൽ നിന്നുള്ള വിലക്ക് ഉറപ്പാണെന്ന അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജർമനി, ഹംഗറി എന്നിവരുടെ പിന്തുണ ഇസ്രായേലിന് ആയിരിക്കുമെന്ന് ഇസ്രായേൽ ഹായോം ഡെയ്‍ലി റിപ്പോർട്ട് ചെയ്തു. അതേസമയം, വിലക്ക് നീക്കത്തിനെതിരെ കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ഉറപ്പിക്കാനായി ഇസ്രായേൽ ഫുട്ബാൾ ഫെഡറേഷനും, സർക്കാറും രംഗത്തുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഐ.എഫ്.എക്ക് ഉറക്കമില്ലാ ദിനങ്ങളായിരുന്നുവെന്നും, യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെത്തി തിരിക്കിട്ട കൂടിയാലോചനയിലായിരുന്നുവെന്നും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിലക്ക് പ്രാബല്ല്യത്തിൽ വരുന്നതോടെ ലോകകപ്പ് ഫുട്ബാൾ യോഗ്യതാ മത്സരം, യുവേഫ നാഷനസ് ലീഗ് മത്സരം എന്നിവയിൽ നിന്നും ഇസ്രായേൽ പുറത്താകും.
ഗസ്സയിലെ വംശഹത്യക്കെതിരെ യൂവേഫ സൂപ്പർ കപ്പ് മത്സരത്തിന് മുന്നോടിയായി മൈതാനത്ത് പ്രദർശിപ്പിച്ച സന്ദേശം
ഇസ്രായേലിനെ വിലക്കണമെന്ന ആവശ്യവുമായി ഇതിനകം തന്നെ വിവിധ ഫെഡറേഷനുകളും അസോസിയേഷനുകളും രംഗത്തു വന്നിരുന്നു. അന്താരാഷ്ട്ര ഫുട്ബാൾ വേദിയിൽ ഇസ്രായേലിന് ഇടം നൽകരുതെന്ന് രണ്ടാഴ്ച മുമ്പ് ഇറ്റാലിയൻ കോച്ചുമാരുടെ കൂട്ടായ്മയും യുവേഫയോടും ഫിഫയോടും ആവശ്യമുന്നയിച്ചിരുന്നു.
ഇസ്രായേലിനെ അന്താരാഷ്ട്ര വേദിയിൽ കളിപ്പിക്കരുതെന്ന് ആവശ്യവുമായി മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ്-ഫ്രഞ്ച് താരം എറിക് കന്റോണയും കഴിഞ്ഞ ദിവസം രംഗത്തെത്തി. ഇതിനു പുറമെ, യൂറോപ്പിലെ വിവിധ ലീഗ് മത്സര വേദികളും ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങളും ഫലസ്തീൻ ഐക്യദാർഢ്യവുമായി സജീവമാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇസ്രായേൽ-ഇറ്റലി മത്സരവും പ്രതിഷേധങ്ങളുടെ വേദിയായി മാറി. 2022 ഫെബ്രുവരിയിൽ യുക്രെയ്നെ ആക്രമിച്ച റഷ്യക്കെതിരെ നാലു ദിവസത്തിനുള്ളിൽ വിലക്ക് പ്രഖ്യാപിച്ച ഫിഫയും യുവേഫയും രണ്ടു വർഷമാവുന്ന ഗസ്സ ആക്രമണത്തിനിടയിലും ഇസ്രായേലിനെ സംരക്ഷിക്കുവെന്ന് വ്യാപക വിമർശനമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

