ആ ‘ഇരട്ട പ്രഹര’ത്തിൽ പൊലിഞ്ഞ് സിറ്റി; റയൽ, പി.എസ്.ജി, ആഴ്സനൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ
text_fieldsഇരട്ടഗോൾ നേടിയ ബ്രസീലിയൻ സ്ട്രൈക്കർ വിനീഷ്യസ് ജൂനിയറിനെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ
മാഞ്ചസ്റ്റർ: പ്രീക്വാർട്ടർ ഫൈനലിന്റെ ഇരുപാദങ്ങളിലും റയൽ മഡ്രിഡിനു മുന്നിൽ അടിയറവു പറഞ്ഞ മാഞ്ചസ്റ്റർ സിറ്റി യുവേഫ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനൽ കാണാതെ പുറത്ത്. അവസാന എട്ടിലെത്താതെ തുടർച്ചയായ രണ്ടാം വർഷമാണ് സിറ്റി ചാമ്പ്യൻസ് ലീഗിൽ ഇടറി വീണത്.
ആദ്യപാദത്തിൽ ഫെഡറിക്കോ വാൽവെർദെയുടെ തകർപ്പൻ ഹാട്രിക്കിൽ 3-0ത്തിന് മാഞ്ചസ്റ്ററുകാരെ മലർത്തിയടിച്ച റയൽനിര രണ്ടാം പാദത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് എതിരാളികളുടെ തട്ടകത്തിൽ വിജയം ആവർത്തിച്ചത്. ഇരട്ടഗോൾ നേടിയ ബ്രസീലിയൻ സ്ട്രൈക്കർ വിനീഷ്യസ് ജൂനിയറാണ് റയലിന്റെ വിജയശിൽപി.
മൂന്നുഗോളിന്റെ കടവുമായി സ്വന്തം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ തിരിച്ചുവരവ് കൊതിച്ച സിറ്റിക്ക് 20-ാം മിനിറ്റിൽ ഒരേസമയം പെനാൽറ്റികിക്കിന്റെയും റെഡ് കാർഡിന്റെയും രൂപത്തിലാണ് തിരിച്ചടി നേരിട്ടത്. വിനീഷ്യസിന്റെ ഷോട്ട് ഗോൾലൈനിൽനിന്ന് കൈകൊണ്ട് തടഞ്ഞതിന് ബെർണാഡോ സിൽവക്ക് മാർച്ചിങ് ഓർഡർ നൽകിയ റഫറി ഒപ്പം പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടുകയും ചെയ്തു. നായകനായ സിൽവ തിരിച്ചുകയറിയതോടെ 10 പേരായി ചുരുങ്ങിയ സിറ്റിക്ക് ആശിച്ച തിരിച്ചുവരവ് സാധിച്ചില്ല. രണ്ടാം പാദത്തിലും തോറ്റതോടെ മൊത്തം സ്കോർ 5-1നാണ് മാഞ്ചസ്റ്ററുകാർ റയൽ മഡ്രിഡിനുമുന്നിൽ തകർന്നത്. സിറ്റിയുടെ ആശ്വാസഗോൾ ഏർലിങ് ഹാലൻഡ് നേടി.
പ്രീമിയർ ലീഗിൽ കഴിഞ്ഞ കളിയിൽ വെസ്റ്റ് ഹാമിനോട് സമനില വഴങ്ങിയതോടെ ഒന്നാം സ്ഥാനത്തുള്ളവരേക്കാൾ ഒമ്പത് പോയിന്റ് പിന്നിലാണ് മാഞ്ചസ്റ്റർ സിറ്റി. എട്ട് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ കിരീടം നിലനിർത്തുക എന്നത് സിറ്റിക്ക് പ്രയാസകരമാകും. കൂടാതെ എഫ്.എ കപ്പ് ക്വാർട്ടറിൽ ലിവർപൂളിനെയാണ് സിറ്റിക്ക് നേരിടാനുള്ളത്. ചാമ്പ്യൻസ് ലീഗ് കിനാവുകൾ അവസാനിച്ചെങ്കിലും ഞായറാഴ്ച വെംബ്ലിയിൽ നടക്കുന്ന കാരബാവോ കപ്പ് ഫൈനലിൽ ആഴ്സനലിനെ നേരിടാനൊരുങ്ങുകയാണ് സിറ്റി.
മാഞ്ചസ്റ്റർ സിറ്റിയിൽ പെപ്പിന്റെ ഭാവി സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായിട്ടുണ്ട്. ’ഇനിയും പത്ത് വർഷം കൂടി താൻ പരിശീലക സ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്നു’ എന്ന് അദ്ദേഹം വ്യക്തമാക്കിയെങ്കിലും, സിറ്റി മാനേജ്‌മെന്റ് പുതിയ പരിശീലകനെ കണ്ടെത്താൻ നീക്കം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.
ആഴ്സനലും പി.എസ്.ജിയും മുന്നോട്ട്, ചെൽസിക്ക് മടക്കം
മറ്റു മത്സരങ്ങളിൽ ബയേർ ലെവർകൂസനെതിരെ തോൽപിച്ച് ആഴ്സനലും ചെൽസിയെ തകർത്ത് നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയും ക്വാർട്ടർ ഫൈനലിലെത്തി. ബയേറിനോട് ആദ്യപാദത്തിൽ 1-1ന് സമനില വഴങ്ങേണ്ടിവന്നെങ്കിലും രണ്ടാം പാദത്തിൽ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്കായിരുന്നു ഗണ്ണേഴ്സിന്റെ വിജയം. ഇരുപകുതികളിലായി എബെറെച്ചി എസെയും ഡെക്ലാൻ റൈസും ഗോൾ നേടിയപ്പോൾ മൊത്തം സ്കോർ 3-1നായിരുന്നു വിജയം.
പാരിസിലെ ആദ്യപാദത്തിൽ പി.എസ്.ജിയോട് 5-2ന് തോറ്റമ്പിയ ചെൽസിക്ക് ലണ്ടനിലെ സ്റ്റാംഫോർഡ് ബ്രിഡ്ജിലെ രണ്ടാം പാദത്തിലും അതുതന്നെയായിരുന്നു അവസ്ഥ. ക്വിച്ച ഖ്വെറസ്കേലിയ, ബ്രാഡ്‍ലി ബാർകോള, സെന്നി മയൂളു എന്നിവർ ലക്ഷ്യം കണ്ട കളിയിൽ 3-0ത്തിനായിരുന്നു പാരിസുകാരുടെ ജയം. മൊത്തം സ്കോർ 8-2ന്റെ തകർപ്പൻ ജയമാണ് അവർ സ്വന്തമാക്കിയത്.
തകർപ്പൻ തിരിച്ചുവരവുമായി സ്പോർട്ടിങ്, ഗ്ലിംറ്റിന്റെ കുതിപ്പിന് വിരാമം
അതേസമയം, ആദ്യപാദത്തിൽ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് കീഴടങ്ങിയശേഷം ലിസ്ബണിലെ രണ്ടാം പാദത്തിൽ 5-0ന്റെ മിന്നും ജയവുമായി മൊത്തം സ്കോർ 5-3ന് ജയിച്ചുകയറിയ സ്പോർട്ടിങ് ലിസ്ബണിന്റെ ക്വാർട്ടർ പ്രവേശം കെങ്കേമമായി. ടൂർണമെന്റിൽ ഈ സീസണിലെ അതിശയ ടീമായ നോർവീജിയൻ സംഘം ബോഡോ/ഗ്ലിംറ്റിന്റെ അഭൂതപൂർവമായ കുതിപ്പിനാണ് ലിസ്ബൺ തടയിട്ടത്. ഗോൺസാലോ ഇനാസിയോ, പെഡ്രോ ഗോൺസാൽവസ്, ലൂയി സുവാരസ്, മാക്സിമിലിയാനോ അറോയോ, റാഫേൽ നെൽ എന്നിവരാണ് പോർച്ചുഗീസ് ക്ലബിന്റെ തകർപ്പൻ തിരിച്ചുവരവിലേക്ക് വല കുലുക്കിയത്.
------------------------------------------------------------------------------------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

