Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightത്രില്ലർപോര്...

ത്രില്ലർപോര് ജയിച്ചിട്ടും ബാഴ്സ പുറത്ത്, അത്ലറ്റികോ ചാമ്പ്യൻസ് ലീഗ് സെമിയിൽ; ലിവർപൂളിനെ വീഴ്ത്തി പി.എസ്.ജിയും അവസാന നാലിൽ

text_fields
bookmark_border
UEFA Champions League
cancel

ത്രില്ലർപോരിൽ അത്ലറ്റികോ മഡ്രിഡിനെ വീഴ്ത്തിയിട്ടും ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ കാണാതെ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ പുറത്ത്. എതിരാളികളുടെ തട്ടകത്തിൽ നടന്ന രണ്ടാംപാദ ക്വാർട്ടറിൽ 2-1ന് പൊരുതി ജയിച്ചിട്ടും ആദ്യപാദത്തിലെ രണ്ടു ഗോളിന്‍റെ തോൽവിയാണ് കറ്റാലന്മാർക്ക് തിരിച്ചടിയായത്. ഇരുപാദങ്ങളിലുമായി 3-2 സ്കോറിനാണ് ഡീഗോ സിമിയോണിയും സംഘവും അവസാന നാലിലെത്തിയത്.

ആൻഫീൽഡിൽ നടന്ന രണ്ടാംപാദ ക്വാർട്ടറും രണ്ടു ഗോളിന് ജയിച്ച് നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയും ചാമ്പ്യൻസ് ലീഗ് സെമിയിലെത്തി. ഇരുപാദങ്ങളിലുമായി 4-0 എന്ന സ്കോറിനാണ് പാരിസുകാരുടെ ജയം. സൂപ്പർതാരം ലമീൻ യമാൽ, ഫെറാൻ ടോറസ് എന്നിവരാണ് ബാഴ്സക്കായി വലകുലുക്കിയത്. അത്ലറ്റികോക്കായി അഡിമോല ലുക്മാൻ നിർണായക ഗോൾ കണ്ടെത്തി. 79ാം മിനിറ്റിൽ എറിക് ഗാർസിയ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ ബാഴ്സ പത്തുപേരിലേക്ക് ചുരുങ്ങി. സ്വന്തം തട്ടകമായ ക്യാമ്പ് നൗവിൽ വഴങ്ങിയ രണ്ടു ഗോളിന്‍റെ കടം തിരിച്ചുകൊടുക്കാമെന്ന പ്രതീക്ഷയിൽ എതിരാളികളുടെ കളത്തിലിറങ്ങിയ ബാഴ്സ, അഞ്ചാം മിനിറ്റിൽ തന്നെ യുവതാരം ലമീൻ യമാലിന്‍റെ ഗോളിലൂടെ ആരാധകരെ സന്തോഷിപ്പിച്ചു.

അത്ലറ്റികോ പ്രതിരോധ താരം ക്ലെമന്‍റ് ലെങ്ലെറ്റിന്‍റെ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ഫെറാൻ ടോറസ് നൽകിയ പാസാണ് ഒരു ക്ലിനിക്കൽ ഫിനിഷിങ്ങിലൂടെ യമാൽ അത്ലറ്റികോ ഗോൾകീപ്പർ യുവാൻ മുസ്സോയെ കീഴ്പ്പെടുത്തി വലയിലാക്കിയത്. 24ാം മിനിറ്റിൽ ടോറസിലൂടെ ലീഡ് ഉയർത്തി, ബാഴ്സ ഇരുപാദ സ്കോറിൽ അത്ലറ്റികോക്ക് ഒപ്പമെത്തിയതോടെ ഗാലറി നിശ്ശബ്ദമായി. ഡാനി ഓൽമോയുടെ ഒരു മനോഹന പാസ്സാണ് ഗോളിലെത്തിയത്. അഞ്ച് മിനിറ്റിനുള്ളിൽ ഫെർമിൻ ലോപ്പസിന്‍റെ ഗോളെന്ന് ഉറപ്പിച്ചൊരു ഹെഡ്ഡർ അത്ലറ്റികോ ഗോൾകീപ്പർ മുസ്സോ തട്ടിയകറ്റി. അത്ലറ്റികോ ഗോൾമുഖത്ത് ബാഴ്സ താരങ്ങൾ അപകടം വിതച്ചുകൊണ്ടിരുന്നു. 31ാം മിനിറ്റിൽ ലുക്മാൻ ഒരു ഗോൾ മടക്കിയതോടെ അഗ്രഗേറ്റ് സ്കോറിൽ ആതിഥേയർ വീണ്ടും മുന്നിലെത്തി.

മാർകോസ് ലോറന്‍റെയാണ് അസിസ്റ്റ് നൽകിയത്. 1-2 എന്ന സ്കോറിനാണ് ഇടവേളക്ക് പിരിഞ്ഞത്. രണ്ടാം പകുതിയിലും ബാഴ്സ പോരാട്ടവീര്യം കൈവിട്ടില്ല. സമനില ഗോളിനായി ശ്രമം തുടർന്നു. ഇതിനിടെ അത്ലറ്റികോ സ്ട്രൈക്കർ അലക്സാണ്ടർ സൊർലോത്തിനെ വീഴ്ത്തിയതിന് ഗാർസിയക്ക് ചുവപ്പ് കാർഡ്, ടീം പത്തുപേരിലേക്ക് ചുരുങ്ങി. അവസാന മിനിറ്റുകളിൽ പൊരുതിനോക്കിയെങ്കിലും സമനില ഗോൾ കണ്ടെത്താനായില്ല. 3-2 എന്ന ഇരുപാദ സ്കോറിൽ അത്ലറ്റികോ സെമിയിലേക്ക്. ആഴ്സനൽ-സ്പോർട്ടിങ് സി.പി മത്സരത്തിലെ വിജയികളെയാണ് അത്ലറ്റികോ നേരിടുക.

രണ്ടടിച്ച് ഡെംബല, പതിവുതെറ്റിക്കാതെ ചെമ്പട

സൂപ്പർതാരം ഉസ്മാൻ ഡെംബലയുടെ ഇരട്ടഗോൾ മികവിൽ രണ്ടാംപാദ ക്വാർട്ടറിലും ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂളിനെ രണ്ടു ഗോളിന് വീഴ്ത്തിയാണ് ലൂയിസ് എൻറിക്വും സംഘവും സെമി ഉറപ്പിച്ചത്. 72, 90+1 മിനിറ്റുകളിലായിരുന്നു ഗോളുകൾ. ബയേൺ മ്യൂണിക്ക്-റയൽ മഡ്രിഡ് മത്സരത്തിലെ വിജയികളെയാണ് സെമിയിൽ പി.എസ്.ജി നേരിടുക. തുടർച്ചയായ രണ്ടാം തവണയാണ് പി.എസ്.ജിയോട് തോറ്റ് ചെമ്പട ചാമ്പ്യൻസ് ലീഗിൽനിന്ന് പുറത്താകുന്നത്. അലക്സാണ്ടർ ഐസക്ക് പ്ലെയിങ് ഇലവനിൽ എത്തിയപ്പോൾ, ഈജിപ്ഷ്യൻ ഇതിഹാസം മുഹമ്മദ് സലാഹിന് ബെഞ്ചിലായിരുന്നു സ്ഥാനം.

ആദ്യപകുതിയിൽ ഡെംബല നിരവധി ഗോളവസരങ്ങളാണ് നഷ്ടപ്പെടുത്തിയത്. ഇതിനിടെ ഹ്യൂഗോ എകിറ്റികെ പരിക്കേറ്റ് പുറത്തുപോയതോടെ സലാഹ് കളത്തിലെത്തി. രണ്ടാം പകുതിയിൽ കോഡ് ഗാക്പോ, ഡോ ഗോമസ് എന്നിവരെ കളത്തിലിറക്കിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. 65ാം മിനിറ്റിൽ ലിവർപൂളിന് അനുകൂലമായി റഫറി പെനാൽറ്റി വിളിച്ചെങ്കിലും വാർ പരിശോധനയിൽ നിഷേധിച്ചു. ചാമ്പ്യൻസ് ലീഗിലും വീണതോടെ സീസണിൽ ആർനെ സ്ലോട്ടിന്‍റെയും സംഘത്തിന്‍റെയും സീസണിലെ ഏക കിരീട പ്രതീക്ഷയും പൊലിഞ്ഞു. പ്രീമിയർ ലീഗിലും തിരിച്ചടികൾ നേരിടുന്ന ടീമിന്‍റെ അടുത്ത ചാമ്പ്യൻസ് ലിഗ് യോഗ്യതയും ഭീഷണിയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uefa champions leagueLamine YamalPSGLiverpool fcbarcelona fc
News Summary - UEFA Champions League Quarter-finals
Next Story