ഗണ്ണേഴ്സിന്റെ സ്വപ്നം തകർത്ത് പി.എസ്.ജി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
text_fieldsപാരിസ്: സ്വന്തം മണ്ണിൽ കൈവിട്ട ജയം എതിരാളികളുടെ തട്ടകത്തിൽ വൻമാർജിനിൽ തിരിച്ചുപിടിച്ച് യൂറോപ്പിന്റെ ചാമ്പ്യൻ പോരാട്ടത്തിലേക്ക് ടിക്കറ്റെടുക്കാമെന്ന ഗണ്ണേഴ്സിന്റെ സ്വപ്നങ്ങളെ തച്ചുടച്ച് പി.എസ്.ജി കലാശപ്പോരിലേക്ക് മുന്നേറി.
യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ സെമിയിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് (2-1) പി.എസ്.ജിയുടെ ജയം. എമിറേറ്റ്സിലെ ഒറ്റ ഗോളിന്റെ കരുത്ത് കൂടി ചേരുമ്പോൾ 3-1 അഗ്രഗേറ്റ് സ്കോർ സ്വന്തമാക്കിയാണ് ഫ്രഞ്ച് പടയുടെ ഫൈനൽ പ്രവേശം.
കളിയുടെ 27ാം മിനിറ്റിൽ ഫാബിയൻ റൂയിസിലൂടെയാണ് പി.എസ്.ജി ആദ്യ ലീഡെടുക്കുന്നത്. പി.എസ്.ജിക്ക് അനുകൂലമായി ലഭിച്ച് ഫ്രീകിക്ക് ഗണ്ണേഴ്സ് പ്രതിരോധത്തിൽ തട്ടിയകന്നെങ്കിലും ഒന്നാന്തരം ഇടങ്കാലൻ വോളിയിലൂടെ ഫാബിയൻ റൂയിസ് വലയിലെത്തിച്ചു.
മറുപടി ഗോളിനായുള്ള ആഴ്സനൽ ശ്രമങ്ങളെ ഒരോന്നായി തടയിട്ടതോടെ ഒരു ഗോളിന്റെ ബലത്തിൽ കളി എഴുപത് മിനിറ്റിലധികം കടന്നുപോയി. ഇതിനിടെ 65ാം മിനിറ്റിൽ ബോക്സിനകത്തെ ഹാൻഡ്ബോളിന് ലഭിച്ച പെനാൽറ്റി പി.എസ്.ജി സ്ട്രൈക്കർ വിറ്റിൻഹ ഗോൾകീപ്പറുടെ കൈകളിലേക്ക് അടിച്ചുകൊടുത്തു.
എന്നാൽ, 72ാം മിനിറ്റിൽ പി.എസ്.ജി ഗോൾ ഇരട്ടിയാക്കി (2-0). അഷ്റഫ് ഹക്കീമിയാണ് ഗോൾ നേടിയത്. നിരന്തര പോരാട്ടത്തിനൊടുവിൽ 76ാം മിനിറ്റിൽ ബുക്കായോ സാക്കയിലൂടെ ആഴ്സനൽ ആദ്യ ഗോൾ കണ്ടെത്തി (2-1). നാല് മിനിറ്റിനുള്ള സമനില ഗോൾ നേടാനുള്ള സുവർണാവസരവും സാക്ക പുറത്തേക്കടിച്ചതോടെ ഗണ്ണേഴ്സ് അവരുടെ പുറത്തേക്കുള്ള വഴി ഉറപ്പാക്കുകയായിരുന്നു. ജൂൺ ഒന്നിന് നടക്കുന്ന കലാശപ്പോരിൽ പി.എസ്.ജി ഇന്റർ മിലാനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

