Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വലകുലുക്കി വീണ്ടും കെയ്ൻ, ബെർണബ്യൂവിൽ മഡ്രിഡുകാരെ മലർത്തിയടിച്ച് ബയേൺ

text_fields
bookmark_border
യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യപാദ ക്വാർട്ടറിൽ ആഴ്‌സനലിനും വിജയം, സ്പോർട്ടിങ്ങിനെ വീഴ്ത്തിയത് ഇഞ്ചുറി ടൈം ഗോളിൽ
വലകുലുക്കി വീണ്ടും കെയ്ൻ, ബെർണബ്യൂവിൽ മഡ്രിഡുകാരെ മലർത്തിയടിച്ച് ബയേൺ
cancel
camera_alt

ഗോൾ നേടിയ ഹാരി കെയ്ൻ

മാഡ്രിഡ്: ലോകം ഉറ്റുനോക്കിയ ആവേശപ്പോരാട്ടത്തിൽ കരുത്തരായ റയൽ മഡ്രിഡിന് സ്വന്തം തട്ടകത്തിൽ കാലിടറി. എസ്റ്റേഡിയോ ബെർണബ്യൂവിൽ വമ്പന്മാർ ഏറ്റുമുട്ടിയ യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യപാദ ക്വാർട്ടറിൽ ബയേൺ മ്യൂണിക്ക് ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് സ്പാനിഷ് അതികായരെ വീഴ്ത്തിയത്.

തുല്യ​ശക്തികളുടെ പോരാട്ടം കണ്ട കളിയിൽ പന്തടക്കത്തിലും പാസിങ്ങിലും നേരിയ ഭൂരിപക്ഷം ബയേണിനായിരുന്നു. കളിയുടെ ആദ്യഘട്ടത്തിൽ മൈതാനത്ത് ആധിപത്യം പുലർത്തിയ ബയേൺ, 41-ാം മിനിറ്റിൽ ലൂയിസ് ഡയസിലൂടെ ലീഡ് കണ്ടെത്തി. സെർജി ഗാബ്രി നൽകിയ മനോഹരമായ പാസ് കാലിൽ കൊരുത്തെടുത്ത് റയലിന്റെ ഓഫ്‌സൈഡ് ട്രാപ്പ് മറികടന്ന ഡയസ്, ഗോൾ കീപ്പർ ആൻഡ്രി ലുനിനെ കീഴടക്കി പന്ത് വലയിലെത്തിച്ചു. രണ്ടാം പകുതി തുടങ്ങി നിമിഷങ്ങൾക്കകം ബയേൺ ലീഡ് ഉയർത്തി. മൈക്കൽ ഒലീസ് നൽകിയ ക്രോസിൽ നിന്നും സൂപ്പർ താരം ഹാരി കെയ്ൻ ലക്ഷ്യം കണ്ടു. ഈ സീസണിൽ കെയ്‌നിന്റെ 49-ാം ഗോളായിരുന്നു ഇത്.

രണ്ട് ഗോൾ വഴങ്ങിയതോടെ ഉണർന്നു കളിച്ച റയൽ മഡ്രിഡ്, ജർമൻ ക്ലബിന്റെ പ്രതിരോധനിരയെ നിരന്തരം മുൾമുനയിൽ നിർത്തി. 74-ാം മിനിറ്റിൽ ട്രെന്റ് അലക്സാണ്ടർ അർനോൾഡിന്റെ ക്രോസിൽ നിന്നും കിലിയൻ എംബാപ്പെ റയലിനായി ഒരു ഗോൾ മടക്കി. എന്നാൽ, പിന്നീട് സമനില ഗോളിനായുള്ള റയലിന്റെ ശ്രമങ്ങളെല്ലാം ക്യാപ്റ്റൻ മാനുവൽ നോയർ എന്ന വന്മതിലിന് മുന്നിൽ തകർന്നു. എംബാപ്പെയും വിനീഷ്യസ് ജൂനിയറും തൊടുത്ത കരുത്തുറ്റ ഷോട്ടുകൾ അവിശ്വസനീയമായ സേവുകളിലൂടെയാണ് നോയർ തടഞ്ഞത്.

'രണ്ട് ഗോളും ഞങ്ങൾ അവർക്ക് സമ്മാനിച്ചതായിരുന്നു. മികച്ച അവസരങ്ങൾ ലഭിച്ചിട്ടും ബയേൺ ഗോൾ കീപ്പർ നോയറുടെ പ്രകടനം ഞങ്ങൾക്ക് തിരിച്ചടിയായി' - റയലിന്റെ സെൻട്രൽ -ഡിഫൻഡർ അന്റോണിയോ റൂഡിഗർ മത്സരശേഷം പ്രതികരിച്ചു. ഏപ്രിൽ 16ന് ബയേണിന്റെ ഹോം ഗ്രൗണ്ടായ അലയൻസ് അറീനയിലാണ് രണ്ടാംപാദ ക്വാർട്ടർ മത്സരം. ഈ മത്സരത്തിലെ വിജയികൾ സെമി ഫൈനലിൽ പി.എസ്.ജി- ലിവർപൂൾ മത്സരത്തിലെ വിജയികളെ നേരിടും.

മറ്റൊരു മത്സരത്തിൽ സ്പോർട്ടിങ് ലിസ്ബണിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി ആഴ്‍സനലും ആദ്യപാദത്തിൽ മേധാവിത്വം നേടി. ഗോൾരഹിത സമനിലയിലേക്കെന്ന് തോന്നിച്ച കളിയിൽ, ഇഞ്ചുറി ടൈമിലാണ് കയ് ഹവെർട്സ് ആഴ്‍സലിനായി വല കുലുക്കിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UEFA Champions League Kane scores again, Bayern thrash Madrid at Bernabeu
Next Story