ചാമ്പ്യൻസ് ലീഗിൽ ഇനി കൊട്ടിക്കലാശം
text_fieldsബുഡാപെസ്റ്റ് (ഹംഗറി): ലോകത്തെ ഏറ്റവും വലിയ ഫുട്ബാൾ വൻകരയിലെ ചാമ്പ്യന്മാരുടെ ചാമ്പ്യൻ ആരാവും? ബുഡാപെസ്റ്റിലെ പുസ്കാസ് അരീനയിലെ പച്ചപ്പുൽ മൈതാനം ശനിയാഴ്ച കേവലമൊരു ഫുട്ബാൾ മത്സരത്തിനല്ല, മറിച്ച് രണ്ട് വ്യത്യസ്ത തത്ത്വശാസ്ത്രങ്ങളുടെ, വിഭിന്ന കാവ്യശൈലികളുടെ വന്യമായ സമാഗമത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. സീരീ എയിൽ നിന്ന് യൂറോപ്പിന്റെ രാജകിരീടത്തിലേക്ക് വളർന്ന പാരിസ് സെന്റ് ജെർമെയ്ൻ ചാമ്പ്യൻപട്ടം നിലനിർത്താനിറങ്ങുമ്പോൾ ഇംഗ്ലണ്ടിൽ കപ്പിനും ചുണ്ടിനുമിടയിൽ പലനാൾ വഴുതിയ പ്രീമിയർ ലീഗ് കിരീടം രണ്ട് പതിറ്റാണ്ടിനുശേഷം ഇക്കുറി തിരിച്ചുപിടിച്ചതിന്റെ ആവേശത്തിലാണ് ആഴ്സനൽ.
കളിക്കളത്തിൽ സുന്ദരമായ ആക്രമണത്തിന്റെ വരികൾ കോറിയിടുന്ന നക്ഷത്രക്കൂട്ടങ്ങളാണ് പി.എസ്.ജി. ലീഗ് വണ്ണിൽ ഒരിക്കൽക്കൂടി ജേതാക്കളായി ഫ്രാൻസിൽ ആധിപത്യം അരക്കിട്ടുറപ്പിച്ചവർ. മറുവശത്ത് പ്രീമിയർ ലീഗിന്റെ ചെങ്കോലേന്തി വരുകയാണ് പീരങ്കിപ്പടയാളികൾ. പ്രതിരോധത്തിന്റെ വന്മതിലുകൾ തീർത്ത്, അച്ചടക്കത്തിന്റെ ഓരോ അധ്യായങ്ങളും മനഃപാഠമാക്കിയ മിക്കൽ ആർട്ടേറ്റയുടെ സൈന്യത്തിന് ലക്ഷ്യം ആദ്യ കിരീടം. ചാമ്പ്യൻസ് ലീഗിൽ ഒറ്റ തോൽവിയറിയാതെ ഫൈനലിലെത്തി കപ്പുമായി മടങ്ങിയപ്പോൾ ഫുട്ബാൾ ചരിത്രത്തിൽ അത് തങ്കലിപികളാൽ രേഖപ്പെട്ട് കിടക്കും. സീസണിൽ 44 ഗോളുകൾ അടിച്ചുകൂട്ടി റെക്കോഡിട്ട മുന്നേറ്റനിരയാണ് പി.എസ്.ജിയുടേത്. എന്നാൽ, വെറും ആറ് ഗോളുകൾ മാത്രം വഴങ്ങി ഒമ്പത് ക്ലീൻ ഷീറ്റുകളുമായി ടൂർണമെന്റിലെ ഏറ്റവും മികച്ച പ്രതിരോധ കോട്ടയാണ് ആഴ്സനൽ കെട്ടിപ്പടുത്തിരിക്കുന്നത്.
ബാലൻ ഡി ഓർ പുരസ്കാര ജേതാവ് ഉസ്മാൻ ഡെംബെലെയുടെ പരിക്കാണ് പി.എസ്.ജിക്ക് ചെറിയൊരു ആശങ്ക. 10 ഗോളുകളും ആറ് അസിസ്റ്റുകളും നേടിയ ഖ്വിച്ച ക്വാരത്സ്ഖേലിയയിലാണ് ലൂയിസ് എൻറിക്വെയുടെ പ്രധാന പ്രതീക്ഷ. ബുകായോ സാക്കയും ആർട്ടേറ്റയുടെ മികച്ച സെറ്റ്-പീസ് തന്ത്രങ്ങളുമാണ് ആഴ്സനലിന്റെ കരുത്ത്. ബെൻ വൈറ്റിന് പരിക്കേറ്റതിനാൽ ക്രിറ്റ്യൻ മോസ്ക്വേര റൈറ്റ് ബാക്കായി കളിക്കാൻ സാധ്യതയുണ്ട്. ഗണ്ണേഴ്സിന് ഗോൾ വലയിൽ വിശ്വസ്തനായ ഡേവിഡ് റയ ഉള്ളപ്പോൾ പി.എസ്.ജി ഗോൾകീപ്പർ സഫോനോവിന്റെ സമീപകാല പിഴവുകൾ എതിരാളികൾ മുതലെടുത്തേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

