Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപൂർണചന്ദ്രശോഭയിൽ റയൽ...

പൂർണചന്ദ്രശോഭയിൽ റയൽ മഡ്രിഡ്; ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെ 1-0ത്തിന് വീഴ്ത്തി 14ാം കിരീടം

text_fields
bookmark_border
പൂർണചന്ദ്രശോഭയിൽ റയൽ മഡ്രിഡ്; ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെ 1-0ത്തിന് വീഴ്ത്തി 14ാം കിരീടം
cancel
Listen to this Article

പാരിസ്: റയൽ ഗോൾവലക്കു മുന്നിൽ ചോരാ കൈകളുമായി തിബോ കുർട്ടോ എന്ന അതികായനില്ലായിരുന്നെങ്കിൽ.. പ്രതികാരം വീട്ടാൻ പലവട്ടം പന്തുമായി പറന്നിറങ്ങിയ മുഹമ്മദ് സലാഹ് കാലും തലയുംകൊണ്ട് നടത്തിയ എണ്ണംപറഞ്ഞ ആക്രമണങ്ങളിൽ ഒന്നെങ്കിലും വല ചുംബിച്ചിരുന്നെങ്കിൽ.. 20ാം മിനിറ്റിൽ വെടിയുണ്ട കണക്കെ സാദിയോ മാനെ പായിച്ച ഷോട്ട് ഗോളിയുടെ കൈതൊട്ട് പോസ്റ്റിൽ തട്ടി തിരികെ വന്നത് പകരം അകത്തേക്ക് തിരിഞ്ഞിരുന്നെങ്കിൽ... എത്രയെത്ര സാധ്യതകളെ നിശ്ശൂന്യമാക്കിയാണ് വിനീഷ്യസ് ജൂനിയർ എന്ന ബ്രസീലുകാരൻ കളി പാതിയിലേറെയും പിന്നിട്ട സമയത്ത് ലിവർപൂൾ കാവൽനിരയെയും ഗോളി അലിസണെയും കാഴ്ചക്കാരനാക്കി പന്ത് വെറുതെ വലയിലെത്തിച്ചത്.

ശനിയാഴ്ച രാത്രി പാരിസിൽ കളി കാണാനെത്തിയ ലിവർപൂൾ ആരാധകർ മൈതാനത്തിനു പുറത്ത് നേരിട്ട പ്രയാസങ്ങൾ ശരിക്കും വരാനിരിക്കുന്നതിന്റെ സൂചനയായിരുന്നോ? പ്രിമിയർ ലീഗും ചാമ്പ്യൻസ് ലീഗുമടക്കം നാലു കിരീടങ്ങളെന്ന അത്ഭുതം കിനാവുകണ്ട ക്ലോപ്പിന്റെ കുട്ടികൾ ഒടുവിൽ അത്ര പ്രധാനമല്ലാത്ത രണ്ട് ട്രോഫികളുമായി സീസൺ അവസാനിപ്പിക്കുമ്പോൾ ആൻഫീൽഡിൽ കണ്ണീർമഴ തോരുന്നില്ല.

പാരിസിലെ സ്റ്റേഡി ഡി ഫ്രാൻസിൽ ശനിയാഴ്ച രാത്രി എതിരില്ലാത്ത ഒരു ഗോളിന് ചെമ്പടയെ കടന്നായിരുന്നു യൂറോപ്പിന്റെ കളിനായകപ്പട്ടം റയൽ തലയിൽചാർത്തിയത്. ഒമ്പതു വർഷത്തിനിടെ അവർ നേടുന്നത് അഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടം. മൊത്തം 14ാമതും. കണക്കുകളിൽ രണ്ടാമതുള്ള എ.സി മിലാൻ സ്വന്തമാക്കിയ ഏഴെണ്ണം മാത്രമാണെന്നോർക്കണം.

മൈതാനം നിറഞ്ഞ് ചെമ്പട

ഇടതുവിങ്ങിൽ ഏതു നിമിഷവും മിന്നൽപിണരായേക്കാവുന്ന വിനീഷ്യസിനെ പിടിച്ചുകെട്ടി വിർജിൽ വാൻ ഡൈകും ഇബ്രാഹിം കൊനാട്ടെയും പ്രതിരോധമുറപ്പിച്ചുനിന്ന കളിയിൽ ആദ്യവസാനം നിറഞ്ഞുനിന്നത് ലിവർപൂൾ. അലമാല കണക്കെ തുടർച്ചയായ ഗോൾനീക്കങ്ങളുമായി മുഹമ്മദ് സലാഹും സാദിയോ മാനേയും എതിർ കാവൽക്കാരൻ തിബോ കുർട്ടോയെ പരീക്ഷിച്ചപ്പോൾ ഏതുനിമിഷവും റയൽ വല കുലുങ്ങുമെന്ന് തോന്നിച്ചു. എന്നാൽ, അമാനുഷ മികവോടെ ക്രോസ്ബാറിനു താഴെ കൈകൾ നീട്ടിപ്പിടിച്ചുനിന്ന തിബോ കുർട്ടോ ഒരിക്കലും പതറിയില്ല. മുഹമ്മദ് സലാഹിൽനിന്ന് മാത്രം പറന്നെത്തിയത് എണ്ണം പറഞ്ഞ ആറ് ഗോൾ നീക്കങ്ങൾ. ആധിയേതുമില്ലാതെ അപകടമൊഴിവാക്കിയ താരം 20ാം മിനിറ്റിൽ സാദിയോ മാനെയുടെ തകർപ്പൻ അടി തടുത്തിട്ടത് നേരെ പോസ്റ്റിൽ തട്ടി മടങ്ങിയത് മുന്നിലേക്ക്.

റയൽ നേടിയത് 'രണ്ട് ഗോളുകൾ'

ചെമ്പടക്ക് സാധിക്കാതെ പോയത് രണ്ടുവട്ടം പൂർത്തിയാക്കി റയൽ പക്ഷേ, കളിയിലെ ക്ലാസ് വ്യക്തമാക്കിയിരുന്നു. ഒന്നാം പകുതി അവസാനിക്കാനിരിക്കെ കരീം ബെൻസീമയായിരുന്നു 'സ്കോറർ'. ആദ്യ പകുതി അവസാനിക്കാനിരിക്കെ ലിവർപൂൾ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ കരീം ബെൻസീമ ഒരിക്കൽ അടിച്ചത് എവിടെയുമെത്തിയില്ലെങ്കിലും പിന്നെയും കാലിൽ കിട്ടിയപ്പോൾ അനായാസം വലയിലെത്തിച്ചു. ഏറെ നേരമെടുത്ത വാർ പരിശോധനയിൽ പക്ഷേ, ഓഫ്സൈഡിൽ കുടുങ്ങി.

58ാം മിനിറ്റിലായിരുന്നു ലിവർപൂൾ നെഞ്ചകം പിളർത്തി 21കാരന്റെ ഗോളെത്തുന്നത്. സ്വന്തം ഹാഫിൽ കാലിൽ ലഭിച്ച പന്തുമായി കരീം ബെൻസേമ തുടക്കമിട്ട നീക്കമാണ് പല കാൽ മറിഞ്ഞ് ഒടുവിൽ വെൽവെർഡെയുടെ മനോഹര പാസായും വിനീഷ്യസിന്റെ ഗോളായും രൂപമെടുക്കുന്നത്.

മൂന്നുപേർ കാവൽനിന്ന പ്രതിരോധത്തിന്റെ കാലുകൾക്കിടയിലൂടെയായിരുന്നു ഇടതുവശത്ത് കാത്തുനിന്ന വിനീഷ്യസിന്റെ കാലുകളിലെത്തുന്നത്.

ഗോളി അലിസൺ മറുവശത്തുനിൽക്കെ താരം വെറുതെ തട്ടിയിട്ട് ഗോൾ കുറിച്ചു. പിന്നീടെല്ലാം ചടങ്ങായിരുന്നു. സലാഹിന്റെ ഗോൾനീക്കങ്ങൾ അപായസൂചനയായെങ്കിലും റയൽ വിജയമുറപ്പിച്ചിരുന്നു.

പി.എസ്.ജി നൽകിയ തുടക്കം

കഴിഞ്ഞ മാർച്ചിൽ കരുത്തരായ പി.എസ്.ജിക്കെതിരെ നോക്കൗട്ടിൽ അനായാസം തോൽവി സമ്മതിക്കുമായിരുന്ന ഘട്ടത്തിൽ ഗോളി ഡോണറുമ്മ നൽകിയ പാസിൽ കിട്ടിയ തുടക്കമാണ് റയൽ കിരീടത്തിലെത്തിച്ചത്. അന്ന് കരീം ബെൻസേമയുടെ കാലുകളിലേക്ക് വെറുതെനൽകിയ പന്ത് വലയിലെത്തിച്ചപ്പോൾ ലഭിച്ച ആവേശം ടീം ഓരോ കളിയിലും തിരിച്ചുവരവിന്റെ ഊർജമാക്കുകയായിരുന്നു. അന്ന് പി.എസ്.ജിക്കെതിരെ അവസാനം ജയിച്ച ടീം പിന്നീട് ചെൽസിക്കെതിരെയും അതുകഴിഞ്ഞ് മാഞ്ചസ്റ്റർ സിറ്റിക്കെതിരെയും അതേരീതിയിൽതന്നെ ജയിച്ചു. ഒടുവിൽ ലിവർപൂളിനെതിരെയും. മറുവശത്ത്, അത്ര കരുത്തരായ എതിരാളികളെ ഏറെയൊന്നും നേരിടേണ്ടിവന്നിട്ടില്ലാത്ത ലിവർപൂളിന് ഒടുവിൽ റയലിനെ ലഭിച്ചപ്പോൾ അതു പരാജയവുമായി.

കപ്പുമായി മാർസലോ പടിയിറങ്ങി

പാരിസ്: അഞ്ചാമത്തെ ചാമ്പ്യൻസ് ലീഗ് കീരീടത്തിലും മുത്തമിട്ട് റയൽ മഡ്രിഡ് നായകൻ മാർസലോ വിയേര‍യുടെ പടിയിറക്കം. ലിവർപൂളിനെതിരായ ഫൈനൽ റയലിന് വേണ്ടിയുള്ള തന്റെ അവസാന മത്സരമാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രസീലിയൻ ലെഫ്റ്റ് ബാക്കായ മാർസലോ 2006ലാണ് ക്ലബിലെത്തുന്നത്. ഭാവി പരിപാടികൾ 34കാരൻ വെളിപ്പെടുത്തിയിട്ടില്ല.

ലിവർപൂൾ ആരാധകർക്ക് നേരെ കണ്ണീർവാതക പ്രയോഗം

പാരിസ്: ചാമ്പ്യൻസ് ലീഗ് ഫൈനൽ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കാൻ വൈകിയതിനെ തുടർന്ന് പ്രകോപിതരായ ലിവർപൂൾ ആരാധകർക്ക് നേരെ കണ്ണീർ വാതകവും കുരുമുളക് സ്പ്രേയും പ്രയോഗിച്ച് പൊലീസ്. സുരക്ഷ പ്രശ്നത്തെ തുടർന്ന് 37 മിനിറ്റോളമാണ് ഫൈനൽ തുടങ്ങാൻ വൈകിയത്.

അക്രമാസക്തരായവർ വ്യാജ ടിക്കറ്റുകളുമായി എത്തിയവരാണെന്നും ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നും ‍‍യുവേഫ വ്യക്തമാക്കി. ഇതു കാരണം യഥാർഥ ടിക്കറ്റുമായി എത്തിയ പലർക്കും ഫൈനൽ കാണാൻ കഴിഞ്ഞില്ല. അതേസമയം, ആരാധകർ നേരിട്ട സുരക്ഷ പ്രശ്നങ്ങളിൽ ലിവർപൂൾ പ്രതിഷേധം രേഖപ്പെടുത്തി.

Show Full Article
TAGS:Real Madrid Liverpool UEFA champions league 
News Summary - UEFA Champions League Final 2022 Highlights: Real Madrid beat Liverpool 1-0 to win record-extending 14th title
Next Story