ചാമ്പ്യൻസ് ലീഗ്: യുവന്റസ്, ബൊറൂസിയ പുറത്ത്; റയൽ, പി.എസ്.ജി, അറ്റ് ലാന്റ, ഗലാറ്റസറായ് മുന്നോട്ട്
text_fieldsബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ അറ്റ്ലാൻറയുടെ ജയമാഘോഷിക്കുന്ന ബെറാത് ദിംസ്തി, മാർട്ടിൻ ഡിറൂൺ, മാരിയോ പാസലിച്, സീഡ് കൊലാസിനാച് എന്നിവർ
യുവേഫ ചാമ്പ്യൻസ് ലീഗ് പ്ലേഓഫ് മത്സരങ്ങളിൽ ജയവുമായി നിലവിലെ ചാമ്പ്യന്മാരായ പാരിസ് സെന്റ് ജർമനും കരുത്തരായ റയൽ മഡ്രിഡും നോക്കൗട്ട് റൗണ്ടിലേക്ക് ടിക്കറ്റെടുത്തപ്പോൾ വമ്പന്മാരായ യുവന്റസും ബൊറൂസിയ ഡോർട്ട്മുണ്ടും പുറത്തായി. തകർപ്പൻ തിരിച്ചുവരവുമായി അറ്റ്ലാന്റയും, രണ്ടാം പാദത്തിൽ തോറ്റിട്ടും അധികസമയത്തെ ഗോളുകളുടെ ബലത്തിൽ ഗലാറ്റസറായിയും മുന്നേറി. മൊണാകോയും ബെൻഫികയും പുറത്തേക്കുള്ള വഴികണ്ടു. റയൽ മഡ്രിഡ് 3-1ന് ബെൻഫികയെയും (രണ്ടാം പാദത്തിൽ 2-1) പി.എസ്.ജി 5-4ന് മൊണാകോയെയും (രണ്ടാം പാദത്തിൽ 2-2) ഗലാറ്റസറായ് 7-5ന് യുവന്റസിനെയും (രണ്ടാം പാദത്തിൽ 2-3) അറ്റ്ലാന്റ 4-3ന് ബൊറൂസിയ ഡോർട്ട്മുണ്ടിനെയും (രണ്ടാം പാദത്തിൽ 4-1) ആണ് തോൽപിച്ചത്.
നാടകീയ തിരിച്ചുവരവിൽ അറ്റ് ലാന്റ
ആദ്യ പാദത്തിൽ ബൊറൂസിയയോട് 2-0ത്തിന് തോൽവി വഴങ്ങിയിരുന്ന അറ്റ്ലാന്റ രണ്ടാം പാദത്തിൽ 4-1ന്റെ മിന്നുംജയം സ്വന്തമാക്കിയാണ് മുന്നേറിയത്. ഇഞ്ചുറി സമയത്തിന്റെ അവസാന നിമിഷം ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലാസർ സമർദിച്ചാണ് ഇറ്റാലിയൻ ടീമിന് അവിസ്മരണീയ ജയമൊരുക്കിയത്. ഒരു മണിക്കൂറിനിടെ ഗിയാൻലുക സമാക്ക (5), ഡേവിഡ് സപകോസ്റ്റ (45), മാരിയോ സപാലിച് (57) എന്നിവരുടെ ഗോളുകളിൽ മുൻതൂക്കം നേടിയ അറ്റ്ലാന്റക്കെതിരെ 75ാം മിനിറ്റിൽ കരീം അഡയെമിയുടെ ഗോളോടെ ബൊറൂസിയ ഇരുപാദ സ്കോർ 3-3ലെത്തിച്ചിരുന്നു. എന്നാൽ, അവസാനഘട്ടത്തിൽ നികോ ഷ്ലോട്ടർബെക്ക്, റാമി ബെൻസെബിയാനി എന്നിവർ ചുവപ്പുകാർഡ് കണ്ടതോടെ തളർന്ന ജർമൻ ക്ലബിനെതിരെ സമർദിച്ചിന്റെ 90+8ാം മിനിറ്റിലെ പെനാൽറ്റി ഗോളിൽ 4-3 മുൻതൂക്കവുമായി അറ്റ്ലാന്റ നോക്കൗട്ടിലേക്ക് കടന്നു.
യുവന്റസിന്റെ തിരിച്ചുവരവ് മോഹം തകർത്ത് ഗലാറ്റസറായ്
ആദ്യപാദത്തിൽ ഗലാറ്റസറായിക്ക് മുന്നിൽ 5-2ന് തകർന്നിരുന്ന യുവന്റസിന് സ്വന്തം തട്ടകത്തിൽ വൻ വിജയം അനിവാര്യമായിരുന്നു. മാനുവൽ ലോകട്ടെല്ലിയുടെ (37) പെനാൽറ്റി ഗോളിൽ മുന്നിൽ കടന്ന യുവെക്ക് 48ാം മിനിറ്റിൽ ലോയ്ഡ് കെല്ലി ചുവപ്പുകാർഡ് കണ്ടത് തിരിച്ചടിയായി. എന്നാൽ, തളരാതെ പൊരുതിയ യുവന്റസ് ഫെഡറികോ ഗാറ്റിയുടെയും (70) വെസ്റ്റൻ മക്കെന്നിയുടെയും (82) ഗോളുകളിൽ 3-0 ലീഡ് പിടിച്ചതോടെ മൊത്തം സ്കോർ 5-5 ആയി. ഇതോടെ അധിക സമയത്തേക്ക് നീണ്ട കളിയിൽ തുർക്കി ക്ലബ് ജയം പിടിച്ചെടുത്തു. വിക്ടർ ഒസിമെനും (105) ബാരിസ് യിൽമാസും (119) ആണ് ഇറ്റാലിയൻ ടീമിന്റെ കഥ കഴിച്ചത്.
വീണ്ടും വിനിയുടെ ചിറകിൽ റയൽ
ആദ്യ പാദത്തിൽ മനോഹര ഗോളുമായി ബെൻഫികക്കെതിരെ റയലിന് 1-0ത്തിന്റെ ജയമൊരുക്കിയ സൂപ്പർ താരം വിനീഷ്യസ് ജൂനിയർതന്നെയാണ് രണ്ടാം പാദത്തിൽ ടീമിന് 2-1ന്റെ ജയം സമ്മാനിക്കുന്നതിലും നിർണായക പങ്ക് വഹിച്ചത്. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ ആദ്യം വെടിപൊട്ടിച്ചത് എതിരാളികളാണ്. 14ാം മിനിറ്റിൽ റഫ സിൽവയുടെ ഗോളിൽ മുന്നിലെത്തിയ ബെൻഫിക ഇരുപാദ സ്കോർ തുല്യമാക്കിയെങ്കിലും രണ്ടു മിനിറ്റിനകം ഓർലീൻ ഷൗമെനിയുടെ ഗോളിൽ റയൽ മുൻതൂക്കം വീണ്ടെടുത്തു. 80ാം മിനിറ്റിലായിരുന്നു വിനീഷ്യസിന്റെ ഗോൾ.
ഫ്രഞ്ച് പോരിൽ പി.എസ്.ജി
ആദ്യ പാദത്തിൽ മൊണാകോക്കെതിരെ 3-2ന്റെ ജയം സ്വന്തമാക്കിയിരുന്ന പി.എസ്.ജി സ്വന്തം മൈതാനത്ത് 2-2 സമനിലയുമായി നോക്കൗട്ടിൽ കടന്നുകൂടുകയായിരുന്നു. മഗ്നിസ് അക്ലിയൂഷിന്റെ ഗോളിൽ 45ാം മിനിറ്റിൽ മുന്നിൽ കടന്ന മൊണാകോ മൊത്തം സ്കോർ 3-3ലെത്തിച്ചിരുന്നു. എന്നാൽ, മമദൗ കൗലിബാലി 58ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ടതോടെ തളർന്ന മൊണാകോക്കെതിരെ 60, 66 മിനിറ്റുകളിൽ മാർക്വിന്യോസും ക്വിച ക്വാററ്റ്സ്കേലിയയും പി.എസ്.ജിക്കായി സ്കോർ ചെയ്തു. ഇഞ്ചുറി സമയത്ത് ജോർഡൻ ടെസെ മൊണാകോക്കായി ഗോൾ നേടിയെങ്കിലും കാര്യമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

