കുതിപ്പ് തുടർന്ന് അർജന്‍റീന; മെക്സിക്കോയെ വീഴ്ത്തി അണ്ടർ 20 ലോകകപ്പ് സെമിയിൽ
text_fieldsസാന്‍റിയാഗോ (ചിലി): അർജന്‍റീന അണ്ടർ 20 ഫുട്ബാൾ ലോകകപ്പ് സെമി ഫൈനലിൽ. ക്വാർട്ടർ പോരാട്ടത്തിൽ മെക്സിക്കോയെ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് അർജന്‍റീനയുടെ കൗമാരപ്പട തകർത്തത്. 2007നുശേഷം ആദ്യമായാണ് അർജന്‍റീന അണ്ടർ 20 ലോകകപ്പ് സെമിയിലെത്തുന്നത്.
മഹര്‍ കാരിസോ, മറ്റിയോ സിൽവെറ്റി എന്നിവരാണ് വിജയഗോൾ നേടിയത്. സെമിയിൽ കൊളംബിയയാണ് എതിരാളികൾ. ശനിയാഴ്ച നടന്ന ക്വാർട്ടറിൽ സ്പെയിനെ 3-2ന് തോൽപിച്ചാണ് കൊളംബിയ അവസാന നാലിലെത്തിയത്. കളിയിലെ കണക്കിൽ മെക്സിക്കോ മുന്നിട്ടുനിന്നെങ്കിലും ഗോളടിക്കാൻ മറന്നു. മത്സരത്തിന്‍റെ 67 ശതമാനവും പന്ത് കൈവശം വെച്ചത് മെക്സിക്കോ താരങ്ങളായിരുന്നു. 12 തവണയാണ് ഗോളിലേക്ക് ഷോട്ടുകൾ തൊടുത്തത്.
കളിയുടെ ഒഴുക്കിന് വിപരീതമായി ഒമ്പതാം മിനിറ്റിൽതന്നെ അർജന്‍റീന ലീഡെടുത്തു. മെക്സിക്കൻ ഗോൾകീപ്പർ തട്ടിയകറ്റിയ റീബൗണ്ട് പന്താണ് താരം വലയിലാക്കിയത്. 56ാം മിനിറ്റിലാണ് പകരക്കാരൻ മറ്റിയോ സിൽവെറ്റി ടീമിന്‍റെ രണ്ടാം ഗോൾ നേടിയത്. ഇൻജുറി ടൈമിൽ മെക്സിക്കോയുടെ ഡീഗോ ഒച്ചാവോയും തഹീൽ ജിമെനെസും ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയി. ടൂർണമെന്‍റിൽ അപരാജിത കുതിപ്പ് തുടരുന്ന അർജന്‍റീനയുടെ അഞ്ചാം ജയമാണിത്. ആറു തവണ ചാമ്പ്യന്മാരായിട്ടുണ്ട്.
പ്രീ ക്വാർട്ടർ പോരാട്ടത്തിൽ നൈജീരിയയെ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് അർജന്‍റീന തരിപ്പണമാക്കിയത്. രണ്ട് വർഷം മുമ്പ് ലാറ്റിനമേരിക്കൻ രാജ്യം ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോൾ പ്രീ ക്വാർട്ടറിൽ നൈജീരിയയോട് തോറ്റ് പുറത്തായതിനുള്ള പകരം വീട്ടൽ കൂടിയായി ഈ ഗംഭീര വിജയം. ഗ്രൂപ്പ് ജേതാക്കളായാണ് അർജന്‍റീന പ്രീ ക്വാർട്ടറിലെത്തിയത്. അഞ്ചു തവണ ലോകചാമ്പ്യന്മാരായ ബ്രസീൽ ഗ്രൂപ്പ് റൗണ്ടിൽ ഒരു ജയം പോലുമില്ലാതെ ദയനീയമായാണ് പുറത്തായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

