കോച്ചിന് അതൃപ്തി; കരീം ബെൻസെമ സൗദി വിടുമോ..?
text_fieldsറിയാദ്: സൂപ്പർതാരങ്ങളെ തേടി പിടിച്ച് സൗദിയിലെത്തിക്കാൻ പ്രൊലീഗ് ക്ലബുകൾ ഓടിനടക്കുമ്പോഴാണ് സൗദിയിലെത്തിയ വമ്പൻതാരം കൈവിട്ടുപോകുമെന്ന വാർത്ത പരക്കുന്നത്. റയൽ മാഡ്രിഡിൽ നിന്ന് 'പൊന്നുംവിലക്ക്' അൽ ഇത്തിഹാദ് കൊണ്ടുവന്ന ഫ്രഞ്ച് സൂപ്പർ സ്ട്രൈക്കറും ബാലൻഡി ഓർ ജേതാവുമായ കരീം ബെൻസെമയാണ് ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്നത്.
കരീം ബെൻസെമ തന്റെ തന്ത്രപരമായ ശൈലിക്ക് അനുയോജ്യമല്ലെന്ന് മാനേജർ നുനോ എസ്പിരിറ്റോ സാന്റോ അൽ-ഇത്തിഹാദ് ബോർഡിനെ അറിയിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പോർച്ചുഗീസുകാരനായ മാനേജറുടെ പ്രഫഷണനല്ലാത്ത പെരുമാറ്റത്തിൽ ബെൻസെമക്കും അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്.
ഇവർ തമ്മിലുള്ള തർക്കത്തിന്റെ പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കുന്നത് ക്യാപ്റ്റന്റെ ആംബാൻഡാണ്. കരാർ ഒപ്പിടുമ്പോൾ, മുൻ റയൽ ക്യാപ്റ്റൻ അൽ ഇത്തിഹാദ് ക്യാപ്റ്റൻ ആകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ചുമതല കൈമാറിയിരുന്നില്ല. പകരം അത് ദീർഘകാലമായി ക്ലബിന് വേണ്ടി കളിക്കുന്ന ബ്രസീൽ താരം റൊമാരീഞ്ഞോയ്ക്ക് നൽകുകയായിരുന്നു.
ഇരുവരും തമ്മിലുള്ള തർക്കം പരസ്യമായതോടെ പ്രശ്നത്തിൽ ഉടൻ പരിഹാരം കാണണമെന്ന് ബെൻസെമ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ക്ലബ് വിടാനുള്ള സാധ്യത കുറവാണെങ്കിലും മാനേജ്മന്റെിന്റെ നിലപാട് നിർണായകമാകും. അൽ ഇത്തിഹാദിൽ ബെൻസെമ മികച്ച തുടക്കമാണ് നൽകിയത്. ഏഷ്യൻ ക്ലബ്ബ് ചാമ്പ്യൻസ് കപ്പിൽ ബെൻസമ മൂന്ന് ഗോളുകൾ നേടി വരവറിയിച്ചിരുന്നു. സൗദി പ്രൊ ലീഗിൽ അൽ ഇത്തിഹാദ് ഇന്ന് അൽ റിയാദുമായി ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

