അര മണിക്കൂറില്‍ പന്ത് തൊട്ടത് മൂന്ന് തവണ! ഇത് നോര്‍വീജിയന്‍ ലുകാകു!!
text_fieldsജര്‍മന്‍ ക്ലബ്ബ് ബൊറുസിയ ഡോട്മുണ്ടിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിംഗ് ഹാലന്‍ഡിനെ വലിയ വില കൊടുത്ത് മാഞ്ചസ്റ്റര്‍ സിറ്റി വാങ്ങിയത് പാളിയോ? ലിവര്‍പൂളിനെതിരെ കമ്മ്യൂണിറ്റി ഷീല്‍ഡില്‍ ആദ്യ അര മണിക്കൂറില്‍ സിറ്റിയുടെ നോര്‍വെ സ്‌ട്രൈക്കര്‍ പന്തില്‍ തൊട്ടത് മൂന്ന് തവണ മാത്രം! ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ശൈലിയുമായി ഒത്തു പോകുവാന്‍ ഹാലന്‍ഡിന് കഴിയാതെ പോകുന്ന കാഴ്ച. മത്സരം ലിവര്‍പൂള്‍ 3-1ന് ജയിച്ചപ്പോള്‍ ഹാലന്‍ഡ് നിരാശനായി നില്‍ക്കുകയായിരുന്നു.
ലിവര്‍പൂള്‍ ആരാധകര്‍ ട്വിറ്ററില്‍ ഹാലന്‍ഡിനെ പരിഹസിച്ചു കൊണ്ട് പോസ്റ്റിട്ടു. 'നോര്‍വീജിയന്‍ ലുകാകു' എന്നാണ് താരത്തെ വിശേഷിപ്പിച്ചത്. ചെല്‍സിയുടെ ബെല്‍ജിയം സ്‌ട്രൈക്കര്‍ റൊമേലു ലുകാകു പ്രീമിയര്‍ ലീഗ് വിട്ടത് പ്രതീക്ഷിച്ചത് പോലെ കളിക്കാന്‍ സാധിക്കാതെ വന്നതോടെയാണ്. ഹാലന്‍ഡിനും ലുകാകുവിന്റെ ഗതി തന്നെയാകുമെന്നാണ് ട്വീറ്റുകള്‍.
മറുഭാഗത്ത് ലിവര്‍പൂളിനായി അരങ്ങേറിയ അല്‍വാരസും ഡാര്‍വിന്‍ നുനെസും തിളങ്ങുകയും ചെയ്തു. ഇഞ്ചുറി ടൈമില്‍ ലിവര്‍പൂളിനായി മൂന്നാം ഗോള്‍ നേടിയത് നുനെസായിരുന്നു.
ഇരുപത്തിരണ്ട് വയസുള്ള ഹാലന്‍ഡ് 90 മിനുട്ട് കളിച്ചിട്ടും ലിവര്‍പൂള്‍ ഗോള്‍ മുഖം വിറപ്പിക്കാനായില്ല. ഇഞ്ചുറി ടൈമില്‍ വലിയൊരു അവസരം പാഴാക്കിയതിന്റെ പേരിലാകും ഹാലന്‍ഡിന്റെ അരങ്ങേറ്റ മത്സരം ഓര്‍മിക്കപ്പെടുക. ഓപ്പണ്‍ ഗോള്‍ നേടാനുള്ള അവസരം ക്രോസ് ബാറിലടിച്ച് കളഞ്ഞു ഹാലന്‍ഡ്.
ലിവര്‍പൂള്‍ ഡിഫന്‍ഡര്‍മാരുടെ മാര്‍ക്കിംഗ് ഹാലന്‍ഡ് അതിജീവിച്ചത് കുറഞ്ഞ സന്ദര്‍ഭങ്ങളില്‍ മാത്രമായിരുന്നു.
എന്നാല്‍, ഹാലന്‍ഡിനെ അളക്കാന്‍ സമയമായിട്ടില്ലെന്നും പ്രീമിയര്‍ ലീഗ് ആരംഭിച്ചിട്ടില്ലെന്ന് ഓര്‍ക്കണമെന്നും സിറ്റിയുടെ ആരാധകര്‍ മറുപടി നല്‍കി.
കമ്മ്യൂണിറ്റി ഷീല്‍ഡില്‍ ട്രെന്‍റ് അലക്‌സാണ്ടര്‍-അര്‍നോള്‍ഡിന്റെ ഗോളില്‍ ലിവര്‍പൂളാണ് ആദ്യം ലീഡെടുത്തത്. സിറ്റിയുടെ സമനില ഗോള്‍ പുതിയ താരം ജൂലിയന്‍ അല്‍വാരെസാണ് നേടിയത്. വിഡിയോ പരിശോധിച്ചതിന് ശേഷമായിരുന്നു ഗോള്‍ അനുവദിച്ചത്. ലിവര്‍പൂള്‍ രണ്ടാം ഗോള്‍ നേടിയത് വാര്‍ പരിശോധനക്ക് ശേഷം ലഭിച്ച പെനാല്‍റ്റിയില്‍. നുനെസിന്റെ ഹെഡര്‍ സിറ്റി ഡിഫന്‍ഡര്‍ റുബെന്‍ഡയസിന്റെ കൈയ്യില്‍ തട്ടിയതിനാണ് പെനാല്‍റ്റി. മുഹമ്മദ് സല പെനാല്‍റ്റി ഗോളാക്കി. നുനെസ് ഗോളടിക്കുകയും ചെയ്തതോടെ ഈ സീസണില്‍ പ്രീമിയര്‍ ലീഗിലേക്ക് ഏറ്റവും വലിയ ട്രാന്‍സ്ഫറില്‍ എത്തിയത് വെറുതെയല്ലെന്ന് ബോധ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

