പ്രീമിയർ ലീഗിൽ നാളെ കൊട്ടിക്കലാശം; ലിവർപൂളിന് നിർണായകം
text_fieldsലണ്ടൻ: കിരീടമുറപ്പിച്ച് ഗണ്ണേഴ്സും ചാമ്പ്യൻസ് ലീഗ് ഉറപ്പിച്ച് യുനൈറ്റഡ്, ആസ്റ്റൺ വില്ല ടീമുകളുമടക്കം ചിത്രം ഏകദേശം തെളിഞ്ഞ പ്രീമിയർ ലീഗിൽ നാളെ കൊട്ടിക്കലാശം. എല്ലാ ടീമുകൾക്കും ഒരു മത്സരം ബാക്കിനിൽക്കെ നാളെ രാത്രി 8.30നാകും അവസാന പോരാട്ടങ്ങൾ.പോയന്റ് പട്ടികയിലെ ആദ്യ നാലിൽ മാറ്റങ്ങളുണ്ടാകില്ലെന്നതിനാൽ ചാമ്പ്യൻസ് ലീഗിലെ അവശേഷിക്കുന്ന ഇടംതേടി ലിവർപൂൾ ഇറങ്ങുന്നതാണ് ശ്രദ്ധേയ പോരാട്ടം. കരുത്തരായ ബ്രെന്റ്ഫോർഡാണ് എതിരാളികൾ. മത്സരം സമനില പിടിച്ചാൽ ചെമ്പടക്ക് ചാമ്പ്യൻസ് ലീഗ് ഉറപ്പിക്കാം. മുഹമ്മദ് സലാഹ്, ആൻഡി റോബർട്സൺ എന്നിവർ പടിയിറങ്ങുന്നുവെന്ന പരിഭവവും ടീമിനുണ്ടാകും. അവസാന മത്സരത്തിൽ സലാഹും റോബർട്സണും ഇറങ്ങിയേക്കില്ല.
കഴിഞ്ഞ കളിയിൽ മാഞ്ചസ്റ്റർ സിറ്റി ബോൺമൗത്തുമായി സമനില പാലിച്ചതോടെ ഗണ്ണേഴ്സ് കിരീടമുറപ്പിച്ചിരുന്നു. 22 വർഷത്തിനു ശേഷമാണ് ടീമിന്റെ കിരീടനേട്ടം.ആറു വർഷമായി ടീമിനെ പരിശീലിപ്പിക്കുന്ന മൈക്കൽ ആർട്ടേറ്റക്കു ലഭിച്ച മധുര സമ്മാനവുമായി കിരീടനേട്ടം. വരുംദിവസം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പി.എസ്.ജിയെ വീഴ്ത്താനായാൽ യുറോപ്പിന്റെ ചാമ്പ്യന്മാരുമെന്ന അപൂർവ ചരിത്രവും ഗണ്ണേഴ്സിന് സ്വന്തമാകും. ഒരു ഘട്ടത്തിൽ ഒമ്പത് പോയന്റ് ലീഡ് വരെ പിടിച്ചിരുന്ന ആഴ്സനൽ ഏറെ പിറകിൽ പോയി സിറ്റിക്ക് ലീഡ് കൈവിട്ട ഘട്ടം വരെയെത്തിയിരുന്നു. അത് തിരിച്ചുപിടിച്ചാണ് കിരീടയാത്ര.
അതേ സമയം, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കിരീടം നഷ്ടമായ സിറ്റി ദീർഘകാലമായി ടീമിനൊപ്പമുള്ള പെപ് ഗാർഡിയോളയുമായി വഴിപിരിയുന്നുവെന്ന സവിശേഷതയുമുണ്ട്. സീസണിൽ കരബാവോ കപ്പ്, എഫ്.എ കപ്പ് നേട്ടങ്ങളുമായാണ് പെപ്പിന്റെ മടക്കം.നിലവിൽ ആഴ്സനൽ (82), മാഞ്ചസ്റ്റർ സിറ്റി (78), മാഞ്ചസ്റ്റർ യുനൈറ്റഡ് (68)എന്നിവക്ക് പിറകിൽ ആസ്റ്റൺ വില്ലയാണ് നാലാമത്- 62 പോയന്റ്. ടീം കഴിഞ്ഞ ദിവസം യൂറോപ്പ ലീഗ് ചാമ്പ്യന്മാരായതോടെ ഇരട്ട യോഗ്യത ഉറപ്പാക്കിയിരുന്നു. ഇത് ഇംഗ്ലണ്ടിൽനിന്ന് ആറാമതൊരു ടീമിനുകൂടി അവസരം നൽകും.
അഞ്ചാമതുള്ള ലിവർപൂളിനും തൊട്ടുപിറകിലുള്ള ബോൺമൗത്തിനുമിടയിൽ മൂന്ന് പോയന്റ് അകലമുള്ളതിനാൽ ഏകദേശം ഉറപ്പിച്ചുകഴിഞ്ഞിട്ടുണ്ടെങ്കിലും പുറത്താകാനുള്ള നേരിയ സാധ്യത ബാക്കിയുണ്ട്. ആൻഫീൽഡിൽ ചെമ്പട തോൽക്കുന്നതിനൊപ്പം നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ ബോൺമൗത്ത് ആറുഗോൾ മാർജിനിൽ ജയിക്കുകയും ചെയ്യണം.
പലവട്ടം കോച്ചുമാരെ മാറിപ്പരീക്ഷിച്ച ചെൽസി ഇത്തവണ ചാമ്പ്യൻസ് ലീഗിൽ നിന്ന് നേരത്തെ പുറത്തായതിനാൽ യൂറോപ്പ ലീഗിൽ ഇടംതേടിയാകും അങ്കം കുറിക്കുക. എട്ടാം സ്ഥാനത്തുള്ള ടീം അടുത്ത സീസണിൽ കോച്ചായി സാവി അലൻസോയെ പ്രഖ്യാപിച്ചിട്ടുണ്ട്. അവസാന കളി തോറ്റാൽ ചെൽസിയെ കടന്ന് ബ്രെന്റ്ഫോർഡോ സണ്ടർലാൻഡോ യൂറോപ്പ ലീഗിലെത്താൻ സാധ്യതയേറെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

