സംസ്ഥാന സീനിയർ വനിത ഫുട്ബാൾ കിരീടം തൃശൂരിന്
text_fieldsകൊച്ചി: സംസ്ഥാന സീനിയർ വനിത ഫുട്ബാൾ കിരീടം തൃശൂരിന്. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ നിശ്ചിത സമയത്ത് ഗോൾ ഒന്നും വീഴാത്തതിനെത്തുടർന്ന് ഷൂട്ടൗട്ടിലാണ് തൃശൂർ കോഴിക്കോടിനെ തോൽപിച്ചത്. സ്കോർ: 4-3.
തൃശൂരിനായി സിവിഷ, എസ്. നിദിയ, സി. രേഷ്മ, മഞ്ജു ബേബി എന്നിവർ ഗോൾ നേടി. കെ. മാനസ, എസ്. കാർത്തിക, വേദവള്ളി എന്നിവർക്കാണ് കോഴിക്കോടിനായി ഗോൾവല കുലുക്കാനായത്. ലൂസേഴ്സ് ഫൈനലിൽ മലപ്പുറത്തെ തോൽപിച്ച് പത്തനംതിട്ട മൂന്നാം സ്ഥാനം നേടി. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഈ കളിയിലും വിധി നിർണയിച്ചത്.
നിശ്ചിത സമയത്ത് 1-1 ആയിരുന്നു സ്കോർ. പതിനാലാം മിനിറ്റിൽ അർച്ചനയിലൂടെ മലപ്പുറമാണ് മുന്നിൽ എത്തിയത്. 69ാം മിനിറ്റിൽ നിഖില പത്തനംതിട്ടക്ക് സമനില നൽകി. കളി പെനാൽറ്റി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ 4-3ന് പത്തനംതിട്ട വിജയിച്ചു.
നിഖില, ഉണ്ണിമായ, ശ്രീലക്ഷ്മി, ഭാഗ്യശ്രീ എന്നിവർ പത്തനംതിട്ടക്ക് വേണ്ടി പെനാൽറ്റി ഗോൾ നേടി. മലപ്പുറത്തിനായി അനഘ, കെ.എ. അക്ഷര, ടി. യാര മുഫീന എന്നിവരും ലക്ഷ്യം കണ്ടു.

