വിനീഷ്യസിനെതിരെ വംശീയാധിക്ഷേപം; മൂന്നുപേർ അറസ്റ്റിൽ
text_fieldsലാ ലിഗയിൽ വലൻസിയക്കെതിരായ മത്സരത്തിൽ റയല്‍ മഡ്രിഡിന്റെ ബ്രസീല്‍ സൂപ്പർതാരം വിനീഷ്യസ് ജൂനിയറിനെ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ മൂന്ന് യുവാക്കൾ അറസ്റ്റിൽ. 18നും 21 വയസിനും ഇടയില്‍ പ്രായമുള്ളവരെയാണ് സ്പാനിഷ് പൊലീസ് അറസ്റ്റ് ചെയ്തത്.
വലൻസിയയുടെ ഹോം ഗ്രൗണ്ടായ മെസ്റ്റാല സ്റ്റേഡിയത്തിൽ ഞായറാഴ്ച വൈകീട്ട് നടന്ന മത്സരം അവസാന മിനിറ്റുകളിലേക്ക് നീങ്ങവെയാണ് ടീമിന്‍റെ ആരാധകരിൽനിന്ന് മോശമായ പെരുമാറ്റം വിനീഷ്യസ് നേരിടേണ്ടി വന്നത്. അതേസമയം, കഴിഞ്ഞ ജനുവരിയില്‍ റയല്‍ മഡ്രിഡിന്റെ പരിശീലന മൈതാനത്തിന് അടുത്തുള്ള പാലത്തില്‍ വിനീഷ്യസിന്റെ ഡമ്മി തൂക്കിലേറ്റിയ തരത്തില്‍ കണ്ടെത്തിയ സംഭവത്തിലും നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മത്സരത്തിനായി ടീം ബസ് സ്റ്റേഡിയത്തില്‍ എത്തിയതു മുതല്‍ വലന്‍സിയ ആരാധക കൂട്ടം വിനീഷ്യസിനെ കുരങ്ങനെന്ന് വിളിച്ച് അധിക്ഷേപിക്കാന്‍ തുടങ്ങിയിരുന്നു. സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെയും നെയ്മറും ഉൾപ്പെടെയുള്ളവർ വിനീഷ്യസിന് പിന്തുണയുമായി രംഗത്തെത്തി.