മ്യൂളറിന് എം.എൽ.എസിൽ അരങ്ങേറ്റം; രണ്ടാം മിനിറ്റിലെ ഗോൾ ഓഫ് സൈഡായി
text_fieldsന്യൂയോർക്ക്: 17 വർഷക്കാലം, 500ൽ ഏറെ മത്സരങ്ങളിലായി ബയേൺ മ്യുണികിന്റെ പടനായകനായി കളം വാണ തോമസ് മ്യൂളർ അമേരിക്കയിലെ മേജർ ലീഗ് സോക്കർ ടീമിനായി അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെ കാലം സ്വന്തംമണ്ണിലെ ക്ലബിനായി കളിച്ച താരം, വാൻകൂവർ വൈറ്റ്കാപ്സ് എഫ്.സിക്കുവേണ്ടിയായിരുന്നു തന്റെ 35ാം വയസ്സിൽ കഴിഞ്ഞ ദിവസം പന്തു തട്ടി അരങ്ങേറ്റം കുറിച്ചത്. രണ്ടാം പകുതിയിൽ പകരക്കാരനായിറങ്ങിയ താരം രണ്ടാം മിനിറ്റിൽ ആരാധകരെ ആവേശത്തിലേക്ക് നയിച്ച ഗോൾ കുറിച്ചെങ്കിലും ഓഫ്സൈഡിൽ കലാശിച്ചത് നിരാശയായി . ഹൂസ്റ്റൻ ഡൈനാമോക്കെതിരായ മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു.
ലോകകപ്പ് കിരീടവും 13 ബുണ്ടസ് ലീഗ കിരീടവും ഉൾപ്പെടെ നേട്ടങ്ങളുടെ കൊടുമുടിയേറിയ കരിയറുമായി വാൻകൂവറിൽ അരങ്ങേറിയ മ്യുളറെ നിറഞ്ഞ കൈയടികളോടെയാണ് ആരാധകർ വരവേറ്റത്. സൂപ്പർ താരത്തിന്റെ അരങ്ങേറ്റത്തിന് സാക്ഷ്യം വഹിക്കാൻ കാൽ ലക്ഷത്തോളം കാണികളുമെത്തി.
തന്റെ അരങ്ങേറ്റത്തിനൊത്ത മത്സര ഫലമല്ലെന്നതിന്റെ നിരാശയിലായിരുന്നു മ്യൂളർ. ‘സത്യം പറഞ്ഞാൽ മത്സര ഫലം നിരാശപ്പെടുത്തി. ആദ്യ ടച്ച് ഗോളാകാനുള്ള അവസരമുണ്ടായിരുന്നു. പക്ഷേ, ഓഫ്സൈഡായി. അടുത്ത കളിയിൽ മികച്ച ഫലം ഉറപ്പു നൽകുന്നു. ഈ ആരാധകരും പിന്തുണയും സന്തോഷം നൽകുന്നതാണ്’ -മ്യൂളർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

