Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right'ഇതായിരുന്നു എൻ്റെ...

'ഇതായിരുന്നു എൻ്റെ ലോകകപ്പ്, ചേർത്തുപിടിച്ചതിന് നന്ദി'; യു.എസ് വിലക്കിന് യുവേഫയുടെ വേദിയിലൂടെ ഉമർ അർത്താൻ്റെ മറുപടി

text_fields
bookmark_border
ഇതായിരുന്നു എൻ്റെ ലോകകപ്പ്, ചേർത്തുപിടിച്ചതിന് നന്ദി; യു.എസ് വിലക്കിന് യുവേഫയുടെ വേദിയിലൂടെ ഉമർ അർത്താൻ്റെ മറുപടി
cancel

പാരീസ്: പി.എസ്.ജിയും ആസ്റ്റൺ വില്ലയും തമ്മിൽ നടന്ന യുവേഫ സൂപ്പർ കപ്പ് ഫൈനൽ മത്സരം നിയന്ത്രിച്ചത്, അമേരിക്ക വിസ നിഷേധിച്ചതിനെ തുടർന്ന് ലോകകപ്പ് വേദി നഷ്ടമായ സോമാലിയൻ റഫറി ഉമർ അർത്താനായിരുന്നു. ഈ സൂപ്പർ കപ്പ് ഫൈനൽ തന്റെ 'ലോകകപ്പാ'ണെന്നാണ് മത്സരശേഷം അദ്ദേഹം പ്രതികരിച്ചത്. ലോകകപ്പ് നിയന്ത്രിക്കാൻ ഫിഫ തെരഞ്ഞെടുത്ത റഫറിമാരുടെ പാനലിൽ ഈ മുപ്പത്തിനാലുകാരൻ ഉൾപ്പെട്ടിരുന്നെങ്കിലും, അമേരിക്കയുടെ വിലക്കിനെ തുടർന്ന് ആ വലിയ അവസരം നഷ്ടമാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് സൂപ്പർ കപ്പ് ഫൈനൽ നിയന്ത്രിക്കാൻ യുവേഫ അദ്ദേഹത്തെ ക്ഷണിച്ചത്.

സാൽസ്ബർഗിൽ നടന്ന സൂപ്പർ കപ്പിൽ പി.എസ്.ജി 2-1ന് ആസ്റ്റൺ വില്ലയെ പരാജയപ്പെടുത്തിയിരുന്നു. മത്സര ശേഷം 'ഇതായിരുന്നു എൻ്റെ ലോകകപ്പ്'എന്ന് ഒമർ അർത്താൻ എഴുതിയ മാച്ച് ബോളിൻ്റെ ചിത്രം യുവേഫ തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചു. 'ഒമർ അർത്താനിൽ നിന്നുള്ള പ്രത്യേക സൂപ്പർ കപ്പ് സുവനീർ' എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.

ലോകകപ്പിനായി എത്തിയ അദ്ദേഹത്തിന് മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് അമേരിക്ക പ്രവേശനം നിഷേധിച്ചത്. ഭീകര സംഘടനകളുമായി ബന്ധമുള്ളതായി സംശയിക്കുന്ന വ്യക്തികളുമായി അർത്താന് ബന്ധമുണ്ടെന്നും, അതിനാൽ അമേരിക്കയിൽ പ്രവേശിക്കാൻ അർഹതയില്ലെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ അർത്താൻ ശക്തമായി നിഷേധിച്ചു. റഫറിയെ വിലക്കിയ യു.എസ് നടപടി സോമാലിയയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നാട്ടിൽ തിരിച്ചെത്തിയ അർത്താന് വൻ സ്വീകരണമാണ് ജനങ്ങൾ നൽകിയത്.

അമേരിക്കയിൽ നിന്ന് തിരിച്ചയക്കപ്പെട്ടതിന് പിന്നാലെ സൂപ്പർ കപ്പ് നിയന്ത്രിക്കാനുള്ള യുവേഫയുടെ അപ്രതീക്ഷിത ക്ഷണം അർത്താന് വലിയ ആശ്വാസമായി. തന്നെ ഇരുകയ്യും നീട്ടി സ്വീകരിച്ചതിനും, വിശ്വാസമർപ്പിച്ച് അവസരം നൽകിയതിനും യുവേഫക്കും ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷനും ഇൻസ്റ്റാഗ്രാമിലൂടെ അദ്ദേഹം നന്ദി അറിയിച്ചു. ഇരു ഫുട്ബാൾ കോൺഫെഡറേഷനുകളും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി ഏപ്രിലിൽ സി.എ.എഫും ആയി ഒപ്പുവെച്ച കരാറിൻ്റെ അടിസ്ഥാനത്തിലാണ് അർത്താന് അവസരം നൽകിയതെന്നാണ് യുവേഫയുടെ ഔദ്യോഗിക വിശദീകരണം.

എന്നാൽ, ഫിഫയുമായി ഏറെ നാളായി ഇടഞ്ഞു നിൽക്കുന്ന യുവേഫയുടെ കൃത്യമായ രാഷ്ട്രീയ നീക്കം കൂടിയായാണ് ഫുട്ബോൾ ലോകം ഇതിനെ വിലയിരുത്തുന്നത്. ലോകകപ്പിലേക്ക് സ്വകാര്യ നിക്ഷേപകരെ കൊണ്ടുവരാനുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോയുമായി യുവേഫ ഭിന്നതയിലാണ്. ഫിഫ ടൂർണമെൻ്റുകൾ ബഹിഷ്കരിക്കുമെന്ന മുന്നറിയിപ്പ് നൽകി ഇൻഫാൻ്റിനോയെ സ്ഥാനമൊഴിയാൻ പ്രേരിപ്പിക്കുന്ന യുവേഫയുടെ നയതന്ത്രനീക്കങ്ങളുടെ പശ്ചാത്തലത്തിൽ സോമാലിയൻ റഫറിക്ക് നൽകിയ ഈ വേദി വലിയ പ്രാധാന്യമർഹിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFAuefaus visa banUEFA Super CupFIFA World Cup 2026Omar Artan
News Summary - This Was My World Cup: Somali Referee Omar Artan Officiates UEFA Super Cup After US Ban
Next Story