അവർ എല്ലായ്പ്പോഴും ഞങ്ങൾക്കൊപ്പമുണ്ട്; അടുത്ത തവണ കപ്പടിക്കും, ബ്ലാസ്റ്റേഴ്സ് ആരാധകരെ കുറിച്ച് ഡയമന്റക്കോസ്
text_fieldsകേരള ബ്ലാസ്റ്റേഴ്സിനേയും മഞ്ഞപ്പടയുടെ കാണികളേയും പുകഴ്തി സ്ട്രൈക്കർ ദിമിത്രികോസ് ഡയമന്റിക്കോസ്. ബ്ലാസ്റ്റേഴ്സുമായി ഒരു വർഷത്തെ കരാർ ഒപ്പിട്ടതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് താരത്തിന്റെ പ്രതികരണം. ഈ സീസണിൽ ടീമിനായി താൻ നടത്തിയ പ്രകടനത്തിൽ തൃപ്തിയുണ്ടെന്നും അടുത്ത സീസണിൽ കിരീടം നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
2022ലാണ് ദിമിത്രികോസ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. 2022-23 സീസണിൽ ദിമിത്രികോസായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോറർ. 12 ഗോളുകളാണ് അദ്ദേഹം നേടിയത്. മൂന്ന് അസിസ്റ്റുകളും കുറിച്ചു. ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലെത്തുന്നതിന് വലിയ സംഭാവന നൽകിയ താരമായിരുന്നു ദിമിത്രിക്കോസ്.
കഴിഞ്ഞു പോയത് മികച്ച സീസണാണെന്ന് എനിക്ക് പറയാനാകും. ഞാൻ ഗോളുകൾ നേടി. എന്നാൽ, എന്റെ ഗോളുകൾ ടീമിനെ ലക്ഷ്യം നേടാൻ പ്രാപ്തമാക്കിയില്ല. അടുത്ത സീസണിൽ വിജയിക്കുമെന്നാണ് പ്രതീക്ഷ. തന്റെ പ്രകടനത്തിൽ കോച്ചിങ് സ്റ്റാഫിനോടും സഹതാരങ്ങളോടുമാണ് നന്ദിപറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. കാണികളുടെ പിന്തുണയും ദിമിത്രികോസ് എടുത്ത് പറഞ്ഞു. ഓരോ വിജയങ്ങൾക്കൊപ്പവും കാണികൾ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. പരാജയങ്ങൾക്ക് ശേഷവും അവർ ഒപ്പമുണ്ടായിരുന്നുവെന്നും ദിമിത്രികോസ് പറഞ്ഞു.