‘പന്തിനൊപ്പം പണം വാരുന്നവർ’; ലോക ഫുട്ബാളിലെ ധനികരായ താരങ്ങൾ ഇവരാണ്...
text_fieldsക്രിസ്റ്റ്യാനോ റൊണാൾഡോ (2321 കോടി രൂപ)
2024ൽ ലോക ഫുട്ബാളിൽ ഏറ്റവുമധികം പണം സമ്പാദിച്ച താരങ്ങളിൽ ഒന്നാമത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. പോയ വർഷം വരുമാനത്തിൽ റെക്കോർഡിട്ട താരങ്ങളെ പരിചയപ്പെടുത്തി ഫ്രഞ്ച് മാധ്യമമായ ഫൂട്ട് മെര്‍ക്കാറ്റോയാണ് ലിസ്റ്റ് പുറത്തുവിട്ടത്. 263 മില്യൻ യൂറോ (2321 കോടി രൂപ) യുമായി 39കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാമതെത്തി. റൊണാൾഡോ ഇപ്പോൾ സൗദി അൽ നസ്ർ ക്ലബിനു വേണ്ടിയാണ് കളിക്കുന്നത്. നൈക്ക് ഉൾപ്പെടെയുള്ള ബ്രാൻഡുകളുമായി താരത്തിന്റെ കരാർ നിലവിലുണ്ട്. അൽ-നസ്റുമായുള്ള കരാറിൽ നിന്ന് റൊണാൾഡോ 204 ദശലക്ഷം യൂറോയാണ് നേടിയത്.
2. ലയണല്‍ മെസ്സി (1094 കോടി രൂപ)
124 മില്യണ്‍ യൂറോയുമായി ലയണല്‍ മെസ്സി ലിസ്റ്റിൽ രണ്ടാമതാണ്. നിലവിൽ യു.എസിലെ ഇൻറർ മിയാമിക്ക് വേണ്ടിയാണ് താരം കളിക്കുന്നത്. അഡിഡാസ്, ആപ്പിൾ ടി.വി തുടങ്ങിയ ബ്രാൻഡുകളുമായുള്ള പങ്കാളിത്തത്തിലൂടെ ഏകദേശം 70 മില്യൺ യൂറോ മെസി സമ്പാദിക്കുന്നു. 500 ദശലക്ഷത്തിലധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സും സ്വന്തം പ്രൊഡക്ഷൻ കമ്പനിയും മെസിക്കുണ്ട്. 124 ദശലക്ഷം യൂറോയാണ് കഴിഞ്ഞ വർഷം താരത്തിന്റെ വരുമാനം.
3. നെയ്മര്‍ (891 കോടി രൂപ)
101 മില്യൻ യൂറോയുമായി (891 കോടി രൂപ) ബ്രസീലിയൻ സൂപ്പർതാരം നെയ്മര്‍ മൂന്നാമതായി പട്ടികയിലുണ്ട്. നിലവിൽ നെയ്മര്‍ സൗദി അൽഹിലാൽ ക്ലബിനു വേണ്ടിയാണ് കളിക്കുന്നത്. 2024-2025 സീസൺ വരെ താരം കരാറിലാണ്. 32കാരനായ താരം പ്യൂമ പോലുള്ള ബ്രാൻഡുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്നാണ് റിപ്പോർട്ട്.
4. കരിം ബെൻസെമ (847 കോടി രൂപ)
ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ കരിം ബെൻസെമ സൗദി അറേബ്യയുടെ അൽ-ഇത്തിഹാദിന്റെ ക്യാപ്റ്റനായി പന്തുതട്ടുന്നു. ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന താരം വിവിധ കരാറുകാരിൽ നിന്ന് ഏകദേശം 91.5 മില്യൻ യൂറോയാണ് സമ്പാദിക്കുന്നത്.
5. കിലിയന്‍ എംബാപ്പെ (732 കോടി രൂപ)
റയൽ മാഡ്രിഡിൽ കളിക്കുന്ന എംബാപ്പെ 2024ൽ സമ്പാദിച്ചത് 732 കോടിയിലധികം രൂപയാണ്. ഫ്രാൻസിനെ യൂറോ 2024 സെമി ഫൈനലിലേക്ക് നയിക്കാൻ അദ്ദേഹം മുഖ്യ പങ്കുവഹിച്ചു. താരം നൈക്, ലക്ഷ്വറി ബ്രാൻഡായ ഡിയോർ ഉൾപ്പെടെയുള്ളവയുടെ പങ്കാളിത്തത്തോടെയാണ് ഇത്രയും വരുമാനം ഉണ്ടാക്കിയത്.
6. എർലിങ് ഹാലൻഡ് (485 കോടി)
മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി പന്തുതട്ടുന്ന എർലിങ് ഹാലൻഡ് വരുമാനത്തിന്റെ കാര്യത്തിൽ ആറാം സ്ഥാനത്താണ്. കളിക്കളത്തിനു പുറത്തും വിവിധ സ്പോൺസർഷിപ്പുകളിലൂടെ ഹാലൻഡ് വരുമാനം വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. 2022ൽ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നാണ് താരം സിറ്റിയിൽ ചേർന്നത്.
7. വിനീഷ്യസ് ജൂനിയർ (480 കോടി)
പട്ടികയിൽ ഏഴാം സ്ഥാനത്താണ് വിനീഷ്യസ് ജൂനിയർ. 24 കാരനായ ബ്രസീലിയൻ താരം 18 വയസ്സ് മുതൽ റയൽ മഡ്രിഡിനൊപ്പമുണ്ട്. കൂടാതെ ഗോൾ സ്കോറിങ് മികവിന് പ്രശസ്തനാണ്. പെപ്‌സി, പ്ലേസ്റ്റേഷൻ എന്നിവ ഉൾപ്പെടെയുള്ള പ്രധാന ബ്രാൻഡുകളുമായി വിനീഷ്യസിനു കരാർ നിലവിലുണ്ട്.
8. മുഹമ്മദ് സലാഹ് (432 കോടി രൂപ)
ലിവർപൂളിൻ്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർമാരിൽ ഒരാളാണ് ഈജിപ്ഷ്യൻ താരമായ സലാഹ്. കളിക്കളത്തിനു പുറത്ത് വോഡഫോൺ, അഡിഡാസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുമായി സഹകരിച്ച് മുഹമ്മദ് സലാഹ് വൻ വരുമാനമാണ് ഉണ്ടാക്കുന്നത്.
9. സാദിയോ മാനെ (423 കോടി രൂപ)
സെനഗൽ താരമായ സാദിയോ മാനെ നിലവിൽ വരുമാനത്തിന്റെ കാര്യത്തിൽ ഒമ്പതാം സ്ഥാനത്താണ്. സൗദി അറേബ്യയിലെ അൽ നസ്ർ എഫ്.സിക്ക് വേണ്ടിയാണ് താരം നിലവിൽ കളിക്കുന്നത്. സെനഗലിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററാണ് മാനെ. നിരവധി മുൻനിര കമ്പനികളുമായി താരം കരാറിലാണ്.
10. കെവിൻ ഡി ബ്രൂയ്ൻ (317 കോടി രൂപ)
കെവിൻ ഡി ബ്രൂയ്‌നാണ് പട്ടികയിലെ മറ്റൊരു താരം. ബെൽജിയം താരം നിലവിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയാണ് കളിക്കുന്നത്. 33കാരനായ മിഡ്ഫീൽഡർ അൽ നസ്റിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകളുണ്ട്. നൈക്ക്, മക്ഡൊണാൾഡ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുമായി ഡി ബ്രൂയ്‌നിന് കരാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.