പോർസംഘങ്ങളെത്തുന്നു; പോരാട്ടവേദിയുണർത്താൻ
text_fieldsലോകകപ്പിനെ വരവേൽക്കാൻ ദോഹ കോർണിഷിൽ ഒരുക്കിയ കട്ടൗട്ടറിൽ കളിക്കുന്ന കുട്ടികൾ
ദോഹ: എല്ലാ ഓഫ്സൈഡ് ട്രാപ്പുകളും പൊട്ടിച്ച് ഖത്തർ ആവേശക്കളത്തിലേക്കിറങ്ങുകയാണ്. അടുത്ത നാലഞ്ചു ദിവസങ്ങൾക്കുള്ളിൽ കളിയുടെ റൺവേയിലേക്ക് ലോകത്തിന്റെ താരകുമാരന്മാർ പറന്നിറങ്ങും. ഞായറാഴ്ച മൊറോക്കോ എത്തുന്നതോടെ കളിസംഘങ്ങളുടെ ഒഴുക്കിന് തുടക്കമാകും. പിറ്റേന്ന് തുനീഷ്യ, ഇറാൻ, ദക്ഷിണ കൊറിയ, സ്വിറ്റ്സർലൻഡ് ടീമുകളും ദോഹയിലെത്തും.
ഈ മാസം പത്തിന് യു.എസ്.എ ടീമാണ് ഖത്തറിൽ ആദ്യമെത്തിയത്. അതിനുമുമ്പ് ജപ്പാന്റെയും അർജന്റീനയുടെയും കോച്ചിങ് സ്റ്റാഫിലെ ചിലർ ദോഹയിലെത്തിയിരുന്നു. അർജന്റീനയുടെ സൂപ്പർ കോച്ച് ലയണൽ സ്കലോണി അടക്കമുള്ളവരാണ് ആദ്യസംഘത്തിൽ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച കിരീട പ്രതീക്ഷയുമായി ഇംഗ്ലണ്ട്, നെതർലൻഡ്സ് ടീമുകൾ വിമാനമിറങ്ങും. ഡെന്മാർക്ക്, എക്വഡോർ ടീമുകളും 15നാണ് ഖത്തറിലെത്തുന്നത്. ഖത്തറിലെ ആരാധകക്കൂട്ടം ആവേശപൂർവം കാത്തിരിക്കുന്ന ഇതിഹാസ താരം ലയണൽ മെസ്സി ബുധനാഴ്ച ഖത്തറിന്റെ മണ്ണിൽ കാലുകുത്തും. 16ന് യു.എ.ഇയിൽ സന്നാഹ മത്സരം കളിച്ചശേഷമാണ് മെസ്സിയും കൂട്ടുകാരും ദോഹയിലെത്തുക.
ഖത്തർ സർവകലാശാല കാമ്പസ് ഹോസ്റ്റലിലാണ് ടീമിന് താമസ-പരിശീലന സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. അർജന്റീനക്കൊപ്പം നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും ബുധനാഴ്ചയാണെത്തുക. കിലിയൻ എംബാപ്പെയും കരീം ബെൻസേയുമടങ്ങുന്ന ഫ്രഞ്ച് സംഘത്തിന് ഖത്തറിൽ ആരാധകരേറെയുണ്ട്. സാദിയോ മാനെയുടെ നേതൃത്വത്തിൽ സെനഗലും ഗാരെത് ബെയ്ൽ നയിക്കുന്ന വെയ്ൽസുമാണ് ബുധനാഴ്ച ഖത്തറിലെത്തുന്ന മറ്റുടീമുകൾ.
ആതിഥേയരുടെ അയൽക്കാരായ സൗദി അറേബ്യയാണ് വ്യാഴാഴ്ച ദോഹയിലിറങ്ങുന്ന ആദ്യസംഘം. കപ്പിൽ കണ്ണുനട്ട് യൂറോപ്യൻ കരുത്തരായ ജർമനിയും ഗ്രൂപ് ഘട്ടത്തിൽ അർജന്റീനയുടെ എതിരാളികളായ പോളണ്ട്, മെക്സികോ ടീമുകളും വ്യാഴാഴ്ചയെത്തും. കനഡയും 17നാണ് ദോഹയിലെത്തുന്നത്.
മുൻ ചാമ്പ്യന്മാരായ സ്‍പെയിനാണ് വെള്ളിയാഴ്ച ലോകകപ്പിനായി പറന്നിറങ്ങുന്ന പ്രധാന ടീമുകളിലൊന്ന്. നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യക്കുപുറമെ യൂറോപ്പിൽനിന്ന് ബെൽജിയവും അന്നെത്തും. ആഫ്രിക്കൻ കരുത്തരായ ഘാനയും ഏഷ്യൻ പ്രതീക്ഷയായ ജപ്പാനും കോസ്റ്ററീക്കയുമാണ് 18ന് ഖത്തറിലെത്തുന്ന മറ്റു ടീമുകൾ.
നെയ്മറുടെ നേതൃത്വത്തിൽ കളത്തിലിറങ്ങുന്ന ബ്രസീലിന്റെ മഞ്ഞപ്പട ഖത്തറിന്റെ മണ്ണിലിറങ്ങുന്നത് വിശ്വമേളക്ക് കിക്കോഫ് വിസിൽ മുഴങ്ങുന്നതിന്റെ തലേദിവസമാണ്. 20ന് തുടങ്ങുന്ന ലോകകപ്പിനായി 19ന് ദോഹയിലെത്തുന്ന ബ്രസീലിനൊപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോ യിക്കുന്ന പോർചുഗലിന്റെ പറങ്കിപ്പടയും അന്നുതന്നെ ഹമദ് എയർപോർട്ടിലിറങ്ങും. ഡീഗോ ഫോർലാനും എഡിൻസൺ കവാനിയും അണിനിരക്കുന്ന ഉറുഗ്വായും ആഫ്രിക്കൻ പ്രതീക്ഷയായ കാമറൂണും അന്നെത്തും. സെർബിയയും 19നാണ് ലോകകപ്പിനായി ഖത്തറിലിറങ്ങുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

