‘റൊണാൾഡോക്കുനേരെ മെസ്സിയുടെ ആ നോട്ടത്തിലുണ്ട്...’’- വൈറലായി സൂപർ സ്റ്റാറുകൾ മുഖാമുഖം നിൽക്കുന്ന വിഡിയോ
text_fieldsലോകകപ്പിനു ശേഷം യൂറോപ് വിട്ട് സൗദി അറേബ്യയിലേക്ക് കളിമാറ്റിപ്പിടിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അരങ്ങേറ്റം കണ്ട മത്സരമായിരുന്നു കഴിഞ്ഞ ദിവസത്തേത്. മെസ്സിയും എംബാപ്പെയും നെയ്മറുമടക്കം സൂപർ സ്റ്റാറുകൾ അണിനിരന്ന ദിനത്തിൽ കാണികൾ കാത്തുനിന്ന അത്യപൂർവ കൂടിക്കാഴ്ചയും മൈതാനത്തുനടന്നു.
കാൽപന്തു മൈതാനത്തെ ഏറ്റവും മികച്ചവൻ ആരെന്ന ചോദ്യവുമായി ആരാധകർ ഇരുവശത്തുംനിന്ന് കൊമ്പുകോർക്കുന്ന രണ്ടുപേർ തമ്മിലെ മുഖാമുഖമായിരുന്നു അത്. ശതകോടികൾക്ക് അൽനസ്ർ ക്ലബിലെത്തിയ ക്രിസ്റ്റ്യാനോ മൈതാനത്ത് നടന്നുനീങ്ങുമ്പോൾ ഒരുവശത്ത് മെസ്സിയുമുണ്ടായിരുന്നു. സെർജിയോ റാമോസ്, നെയ്മർ അടക്കം സൂപർ താരങ്ങളെ കണ്ട് സ്നേഹം പങ്കിട്ട ക്രിസ്റ്റ്യാനോ അതുകഴിഞ്ഞ് അർജന്റീന ഇതിഹാസം മെസ്സിക്കരികിലുമെത്തി. ഇരുവരും അടുത്തുനിന്ന് പരസ്പരം ആലിംഗനം നടത്തി കടന്നുപോകുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
അതുകഴിഞ്ഞ് കളിക്കിടെയും ഇരുവരും പരസ്പരം അടുത്തുവരുന്നതും കുശലം പറയുന്നതും കാണാം.
പി.എസ്.ജി ഒരു വശത്തും അൽനസ്ർ- അൽഹിലാൽ ഓൾ സ്റ്റാർ ഇലവൻ മറുവശത്തും അണിനിരന്ന മത്സരത്തിൽ തുടക്കത്തിലേ 10 പേരുമായി ചുരുങ്ങിയിട്ടും പി.എസ്.ജിയായിരുന്നു ജയിച്ചത്. മെസ്സി സ്കോറിങ് തുടങ്ങിയ കളിയിൽ 5-4നായിരുന്നു ജയം. സൗദി ടീമിനായി ക്രിസ്റ്റ്യാനോയും ആദ്യ ഗോൾ കണ്ടെത്തി- 34ാം മിനിറ്റിലായിരുന്നു ടീമിനെ ഒപ്പമെത്തിച്ച ഗോൾ. എംബാപ്പെ ഗോളിൽ പിന്നെയും മുന്നിലെത്തിയ പി.എസ്.ജിക്കെതിരെ ഉടനീളം മികച്ച കളിയാണ് ആതിഥേയർ കെട്ടഴിച്ചത്.