ഗാലറിയിൽ ആ അമ്മ കണ്ണീർ വാർത്തു; ഒരു ഫുട്ബാളറുടെ ഏറ്റവും കയ്പേറിയ അരങ്ങേറ്റം കണ്ട്...VIDEO
text_fieldsഇസ്തംബൂൾ: തുർക്കി ക്ലബായ ആന്റലിസാപോറിലേക്ക് ഈ സീസണിൽ ചേക്കേറിയതാണ് ജപ്പാന്റെ ഇന്റർനാഷനൽ ഫുട്ബാളറായ ഷോയ നകാജിമ. തുർക്കി ലീഗിൽ അദാന ദെമിർസ്പോറിനെതിരായ ഹോം മത്സരത്തിൽ പുതിയ ക്ലബിനുവേണ്ടി അരങ്ങേറാൻ അവസരം ലഭിച്ച സന്തോഷത്തിൽ കളത്തിലെത്തിയത് 59-ാം മിനിറ്റിൽ. അരങ്ങേറ്റം കാണാൻ ഗാലറിയിൽ മാതാവ് ഉൾപെടെ ആവേശത്തോടെ കുടുംബാംഗങ്ങൾ.
പക്ഷേ, ആ ആഹ്ലാദമെല്ലാം കെട്ടടങ്ങിയത് വെറും ഒമ്പതു സെക്കൻഡിൽ. എതിർ താരത്തിലേക്കുള്ള പന്തിന്റെ നീക്കം തടയാൻ കാൽനീട്ടിവെച്ച ഷോയയുടെ കണക്കുകൂട്ടൽ തെറ്റിയപ്പോൾ അതൊരു ഫൗളായി മാറി. റഫറി ഉടൻതന്നെ മഞ്ഞക്കാർഡെടുത്ത് വീശി.
എന്നാൽ, ഫൗളിന്റെ വ്യാപ്തിയെക്കുറിച്ച് 'വാറി'ൽ പരിശോധന നടത്തിയതോടെ റഫറി നിലപാടു കടുപ്പിച്ചു. ആ ടാക്ലിങ് ഏറെ അപകടരമാണെന്ന് വിധിയെഴുതിയ റഫറി മഞ്ഞക്കാർഡ് പിൻവലിച്ച് പോക്കറ്റിൽനിന്ന് ചുകപ്പുകാർഡെടുത്ത് നീട്ടി. ഷോയ കളത്തിലെത്തിയശേഷം കളി പുനരാരംഭിച്ച് ഒമ്പതു സെക്കൻഡിനകമാണ് ആ ഫൗൾ നടന്നത്. പിന്നാലെ തിരിച്ചുപോക്കും.
ഗാലറിയിൽ ഇതുകണ്ട ഷോയയുടെ മാതാവിന് കരച്ചിലടക്കാനായില്ല. മകന്റെ അരങ്ങേറ്റ മത്സരത്തിന് സാക്ഷിയാകാനെത്തിയ അവർക്ക് ചുകപ്പുകാർഡിന്റെ ശിക്ഷാവിധിയിൽ മകൻ കളത്തിൽനിന്ന് തിരിച്ചുകയറുന്നത് കാണാനായിരുന്നു നിയോഗം.
28കാരനായ ഷോയ പോർചുഗീസ് ക്ലബായ എഫ്.സി പോർട്ടോയിൽനിന്നാണ് ഈ സീസണിൽ തുർക്കി ക്ലബിലേക്ക് ചേക്കേറിയത്. 'എക്കാലത്തെയും ഏറ്റവും മോശം അരങ്ങേറ്റം' എന്നാണ് മാധ്യമങ്ങൾ ഷോയയുടെ 'പ്രകടനത്തെ' വിശേഷിപ്പിച്ചത്. മത്സരത്തിൽ ആന്റലിസാപോർ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് തോൽവി വഴങ്ങുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

