ലോകകപ്പിലെ മികവ്; മൊറോക്കൻ താരങ്ങളുടെ വിപണിമൂല്യം 77 ശതമാനം വർധിച്ചു
text_fieldsലോകകപ്പിനിടെ മൊറോക്കൻ താരങ്ങൾ
ദോഹ: ഖത്തർ ലോകകപ്പിൽ മികച്ച പ്രകടനം നടത്തി സെമിഫൈനൽ വരെയെത്തിയ മൊറോക്കോയുടെ ഫുട്ബാൾ വിപണിമൂല്യം 77 ശതമാനമായി വർധിച്ചു. മൊറോക്കൻ പടയോട്ടത്തിൽ നിർണായക പങ്ക് വഹിച്ച ഇസുദ്ദീൻ ഔനാഹി, സുഫിയാൻ അംറബത്, വാലിദ് ഖെദീര എന്നിവരുൾപ്പെട്ട മൊറോക്കൻ പുതു താരനിരയാണ് കേളികേട്ട പല കളിക്കാരെയും കവച്ചുവെച്ച് വിലപിടിപ്പുള്ള താരങ്ങളായത്.
ലോകകപ്പിന്റെ കലാശക്കളിയിലെത്തിയ ഫ്രഞ്ച്, അർജന്റീന താരങ്ങളായ കിലിയൻ എംബാപ്പെ, യൂലിയൻ അൽവാരസ്, എൻസോ ഫെർണാണ്ടസ് തുടങ്ങിയവരെക്കാൾ വിപണിയിൽ ശ്രദ്ധ നേടാൻ മൊറോക്കൻ താരങ്ങൾക്ക് കഴിഞ്ഞു. ഖത്തർ ലോകകപ്പിലെ മികച്ച പ്രകടനത്തോടെ ലോകകപ്പിന്റെ സെമിഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കൻ, അറബ് രാജ്യമായി മൊറോക്കോ മാറിയിരുന്നു. അറ്റ്ലസ് ലയൺസ് എന്നറിയപ്പെടുന്ന മൊറോക്കൻ ടീമിന്റെ ചരിത്രപരമായ ലോകകപ്പ് മുന്നേറ്റത്തോടെ വിപണിമൂല്യം 77.2 ശതമാനമായാണ് വർധിച്ചത്.
ലോകകപ്പിന് ശേഷം ഔനാഹിയുടെ വിപണിമൂല്യം 328.5 ശതമാനം വർധിച്ചു. വിപണിമൂല്യം 150 ശതമാനം വർധിച്ച് അംറബത് തൊട്ടുപിന്നാലെയുണ്ട്. സ്പാനിഷ് കായിക മാധ്യമമായ എ.എസാണ് ഇക്കാര്യം പുറത്തുവിട്ടത്. ടൂർണമെൻറ് കാലയളവിലും ശേഷവും ആഗോള തലത്തിൽ തന്നെ മൊറോക്കോയുടെ ലോകകപ്പ് പ്രകടനം ഏറെ വാർത്തപ്രാധാന്യം നേടിയിരുന്നു. ബെൽജിയം, സ്പെയിൻ, പോർചുഗൽ തുടങ്ങിയ യൂറോപ്യൻ വമ്പന്മാരെ മലർത്തിയടിച്ചാണ് അറ്റ്ലസ് ലയൺസ് അവസാന നാലിലെത്തിയത്.
മൊറോക്കൻ മുന്നേറ്റത്തിൽ മികച്ച പ്രകടനം നടത്തിയ താരങ്ങൾ ഇതിനകംതന്നെ ലോകത്തിലെ വമ്പൻ ക്ലബുകളുടെ റഡാറുകളിൽ ഇടം നേടിയിട്ടുണ്ട്. ശൈത്യകാല ട്രാൻസ്ഫർ വിൻഡോയിൽ ഇസുദ്ദീൻ ഔനാഹിയെ ടീമിലെത്തിക്കാൻ എ.സി മിലാൻ, ബാഴ്സലോണ, ലെസ്റ്റർ സിറ്റി, സെവിയ്യ എന്നീ ടീമുകളാണ് മുൻപന്തിയിലെന്ന് റിപ്പോർട്ടിൽ പറയുന്നു. യൂറോപ്യൻ വിപണിയിൽ ഏറ്റവും ഡിമാൻഡുള്ള താരങ്ങളിലൊരാൾ 22കാരനായ ഔനാഹിയാണ്. ഔനാഹിയുടെ പ്രകടനം സ്പാനിഷ് പരിശീലകനായ ലൂയിസ് എൻറികിന്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 35 ലക്ഷം യൂറോയിൽനിന്നും ഔനാഹിയുടെ മൂല്യം 1.5 കോടിയായാണ് വർധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

