ലോക ഫുട്ബാളിലെ ആദ്യ കറുത്ത മുത്ത്
text_fieldsഹോസെ ലിയാന്ദ്രോ ആന്ദ്രാദെ
ഒന്നാന്തരം പന്തയക്കുതിരകളോടു മത്സരിച്ച സാധാരണ കുതിരകളെപ്പോലെ- 1924 പാരിസ് ഒളിമ്പിക്സ് ഫുട്ബാളിൽ ഉറുഗ്വായ് യോടു മത്സരിച്ച യൂറോപ്യൻ ടീമുകളുടെ ദുരവസ്ഥ ഫ്രാൻസിലെ പ്രശസ്ത പത്രമായ ലെകീപ്പിന്റെ ലേഖകൻ വിശേഷിപ്പിച്ചതിങ്ങനെയാണ്. ഉറുഗ്വായ് ഫുട്ബാളിനെക്കുറിച്ച് കേട്ടുകേൾവി മാത്രമുണ്ടായിരുന്ന യൂറോപ്യൻ ടീമുകൾ അവർക്കു മുന്നിൽ തകർന്നടിഞ്ഞതു കണ്ടതിന്റെ ഞെട്ടലിലായിരുന്നു ആ വിശേഷണം. ആദ്യ മത്സരത്തിൽ ഉറുഗ്വായ് യുഗോസ്ലാവിയയെ തകർത്തത് 7-0ന്. നൂറോളം കാണികൾ മാത്രമാണ് ആ മത്സരം കാണാനുണ്ടായിരുന്നത്.
എന്നാൽ, ഉറുഗ്വായ് ടീമിനെക്കുറിച്ചും ആ ടീമിലെ കറുത്ത വർഗക്കാരനായ ഒരു കളിക്കാരനെക്കുറിച്ചും അതിശയകരമായ കഥകൾ പ്രചരിച്ചതോടെ പിന്നീടുള്ള ഓരോ മത്സരത്തിനും ആളു കൂടി. ക്വാർട്ടറിൽ ഉറുഗ്വായ് ആതിഥേയരായ ഫ്രാൻസിനെ 5-1നു നിഷ്പ്രഭരാക്കിയ മത്സരം കാണാനെത്തിയത് അര ലക്ഷത്തോളം പേരാണ്. ആ മത്സരം കഴിഞ്ഞപ്പോഴേക്കും ഉറുഗ്വായ് ടീമിലെ ഹാഫ് ബാക്ക് ഹോസെ ലിയാന്ദ്രോ ആന്ദ്രാദെ ലോക ഫുട്ബാളിലെ ആദ്യ സൂപ്പർ താരമായി ഉദിച്ചുയർന്നു. അപാരമായ അത്‌ലറ്റിക് മികവോടെയും മനോഹരമായ നൃത്തച്ചുവടുകളോടെയും കളിക്കളത്തിൽ നിറഞ്ഞാടിയ ആന്ദ്രാദെയെ പാരിസിലെ കാണികൾ വിളിച്ചു-ബ്ലാക്ക് മാർവെൽ, ലോക ഫുട്ബാളിലെ ആദ്യ കറുത്ത മുത്ത്!
പാരിസിലെ നിശാശലഭം
ആന്ദ്രാദെയുടെ കളി നൃത്തസമാനമായത് അസ്വാഭാവികമായിരുന്നില്ല. ഉറുഗ്വായ് നഗരമായ സാൾട്ടോയിൽ ജനിച്ച ആന്ദ്രാദെ ഒന്നാന്തരം ടാംഗോ നർത്തകനായിരുന്നു. ജീവിക്കാൻ വേണ്ടി കാർണിവൽ പാട്ടുകാരനായും ഷൂ പോളിഷുകാരനായും ജോലി ചെയ്തതിനു ശേഷമാണ് അദ്ദേഹം ഫുട്ബാളിലെത്തിയത്. ബ്രസീലിൽ നിന്നു രക്ഷപ്പെട്ട ഒരു ആഫ്രിക്കൻ അടിമയായിരുന്നു ആന്ദ്രാദെയുടെ അച്ഛൻ. അമ്മ അർജന്റീനക്കാരിയും.
ആന്ദ്രാദെ ജനിക്കുമ്പോൾ അദ്ദേഹത്തിന്റെ അച്ഛന് 98 വയസ്സുണ്ടായിരുന്നു എന്നതാണ് പിൽക്കാലത്ത് പ്രചരിച്ചിരുന്ന കഥകളിലൊന്ന്. പ്രാദേശിക ക്ലബിലൂടെ കളിച്ചുവളർന്ന ആന്ദ്രാദെ ദേശീയ ടീമിൽ ഇടം പിടിക്കാൻ വൈകിയില്ല. ഉറുഗ്വായ് ആരാധകരുടെ പ്രിയതാരമായി മാറിയ ആന്ദ്രാദെയെക്കുറിച്ച് ലോകമറിഞ്ഞത് പാരിസ് ഒളിമ്പിക്സിലൂടെയാണ്. സാധാരണ കാണികൾ മാത്രമല്ല ആന്ദ്രാദെയാൽ വശീകരിക്കപ്പെട്ടത്. പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരി കോളെറ്റ് വില്ലിയും നടി ജോസഫൈൻ ബേക്കറുമെല്ലാം ആന്ദ്രാദെയുടെ ആരാധകരായി. അവരുമായുള്ള സൗഹൃദം വഴി ആന്ദ്രാദെ ഒരു നിശാശലഭത്തെപ്പോലെ പാരിസിയൻ വിരുന്നുകളിലെ പതിവുകാരനായി. അതോടെ അദ്ദേഹത്തിന്റെ പതനവും തുടങ്ങി.
ഒളിമ്പിക് സ്വർണവുമായി ഉറുഗ്വായ് ടീം നാട്ടിലേക്കു മടങ്ങിയപ്പോഴും ആന്ദ്രാദെ പാരിസിൽ തുടർന്നു. മാസങ്ങൾക്കു ശേഷം നാട്ടിൽ മടങ്ങിയെത്തിയപ്പോഴേക്കും അദ്ദേഹം മറ്റൊരാളായി മാറിയിരുന്നു. തനിക്കു കിട്ടിയ താരപരിവേഷം താങ്ങാനാവാതെ പോയ ആന്ദ്രാദെ സുഹൃത്തുക്കൾക്കും അപ്രാപ്യനായി. മോണ്ടെവിഡിയോയിൽ തന്റെ ബഹുമാനാർഥം നാട്ടുകാർ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിൽ പോലും അദ്ദേഹം പങ്കെടുത്തില്ല. എന്നാൽ, അപ്പോഴും ആന്ദ്രാദെയുടെ ഫുട്ബാൾ മികവ് പൂർണമായി അസ്തമിച്ചിരുന്നില്ല. 1925ൽ ഉറുഗ്വായ് ടീമിനൊപ്പം ഒമ്പത് യൂറോപ്യൻ രാജ്യങ്ങളിൽ പര്യടനം നടത്തിയ അദ്ദേഹത്തെ കാണാൻ എല്ലായിടത്തും ആരാധകർ തടിച്ചുകൂടി.
എന്നാൽ, മത്സരങ്ങൾക്കിടെ പതിവായി ക്ഷീണം അനുഭവപ്പെട്ടതോടെ ആന്ദ്രാദെ ബ്രസൽസിൽവെച്ച് ഒരു ഡോക്ടറെ കണ്ടു. വഴിതെറ്റിയ ജീവിതത്തിനുമുന്നിൽ ഒരു റെഡ് സിഗ്നൽ പോലെ ആ രോഗം തെളിഞ്ഞു-സിഫിലിസ്. തന്റെ അഭയകേന്ദ്രം എന്നും അപായകേന്ദ്രം എന്നും ഒരുപോലെ വിശേഷിപ്പിക്കാവുന്ന പാരിസിലേക്കു രക്ഷപ്പെട്ട ആന്ദ്രാദെ പിന്നീട് മാസങ്ങൾക്കു ശേഷമാണ് മോണ്ടെവിഡിയോയിൽ തിരിച്ചെത്തിയത്. എങ്കിലും ഉറുഗ്വായ് ദേശീയ ടീമിൽ നിന്ന് അദ്ദേഹം പുറത്തായില്ല. 1928 ആംസ്റ്റർഡാം ഒളിമ്പിക്സിലും 1930ലെ പ്രഥമ ലോകകപ്പിലും ആന്ദ്രാദെ ടീമിലുണ്ടായിരുന്നു. അർജന്റീനയെ 4-2നു തോൽപിച്ച് ഉറുഗ്വായ് ലോകകിരീടം നേടിയ മത്സരമായിരുന്നു ദേശീയ ജഴ്സിയിൽ ആന്ദ്രാദെയുടെ അവസാന അരങ്ങ്.
പെലെയുടെ മുൻഗാമി
ഫുട്ബാൾ വിട്ടതോടെ ആന്ദ്രാദെ ആൾക്കൂട്ടത്തിൽനിന്ന് കൂടുതൽ അകന്നു. മത്സരത്തിനിടെ ഗോൾപോസ്റ്റിലിടിച്ചുണ്ടായ ഒരു പരുക്കിന്റെ അനന്തരഫലമായി അദ്ദേഹത്തിന്റെ ഒരു കണ്ണിന് കാഴ്ചയും നഷ്ടമായി. എങ്കിലും ഉറുഗ്വായ് അദ്ദേഹത്തെ മറന്നിരുന്നില്ല. 1950ൽ ബ്രസീൽ ആതിഥ്യമരുളിയ ലോകകപ്പിലെ അതിഥികളിലൊരാളായിരുന്നു അദ്ദേഹം. മാറക്കാനയിൽ ബ്രസീലിനെ 2-1നു ഞെട്ടിച്ച് ജേതാക്കളായ ഉറുഗ്വായ് ടീമിൽ ആന്ദ്രാദെയുടെ ബന്ധു വിക്ടർ റോഡ്രിഗസുമുണ്ടായിരുന്നു. എന്നാൽ, കളിക്കളത്തിൽ എന്ന പോലെ ജീവിതത്തിലും ആന്ദ്രാദെ ആർക്കും പിടികൊടുത്തില്ല.
1956ൽ അദ്ദേഹത്തെക്കുറിച്ച് ഫീച്ചർ ചെയ്യാൻ ഉറുഗ്വായിലെത്തിയ ഫ്രിറ്റ്സ് ഹാക്ക് എന്ന ജർമൻ മാധ്യമപ്രവർത്തകന് ആറുദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ആന്ദ്രാദെയെ കണ്ടെത്താനായത്. ഹാക്കിന്റെ ചോദ്യങ്ങൾക്കു മറുപടി പറയാൻ പോലും പറ്റാത്ത അവസ്ഥയിൽ, ഒരു തകർന്ന ഫ്ലാറ്റിന്റെ ബേസ്മെന്റിലായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ ജീവിതം. ഒരു വർഷത്തിനകം ഒരു അനാഥാലയത്തിൽവെച്ച് ആന്ദ്രാദെ മരണമടയുകയും ചെയ്തു.
ജീവിതാവസാനം ദുരിതപൂർണമായെങ്കിലും ഫുട്ബാളിലെ ആദ്യ ഗ്ലോബൽ സൂപ്പർ സ്റ്റാർ എന്ന നിലയിൽ ആന്ദ്രാദെ ഇപ്പോഴും അനശ്വരനായി തുടരുന്നു. ഉറുഗ്വായ് പോലെ ഉദാരപരമായ നയങ്ങൾ പുലർത്തിയിരുന്ന രാജ്യത്തു ജനിച്ചതുകൊണ്ടാണ് അദ്ദേഹം ലോകോത്തര ഫുട്ബാളറായത് എന്നു പറയാം. പ്രസിഡന്റ് ഹോസെ ബാഹി ഒർഡോനസിനുകീഴിൽ പൗരാവകാശങ്ങളുടെ പറുദീസയായിരുന്നു അന്നത്തെ ഉറുഗ്വായ്. വംശീയവിവേചനങ്ങളില്ലാതെ ആന്ദ്രാദെ ഉൾപ്പെടെയുള്ള കറുത്ത വർഗക്കാരെ ചേർത്തുപിടിച്ചതിന്റെ ഗുണം അവരുടെ ഫുട്ബാൾ ടീമിനും കിട്ടി.
തുടരെ രണ്ട് ഒളിമ്പിക് സ്വർണവും ലോകകപ്പ് നേട്ടവുമായി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽ ലോകഫുട്ബാളിലെ ഒന്നാം നമ്പർ ടീമായിരുന്നു അവർ. മനോഹരമായ ഫുട്ബാൾ മാത്രമല്ല ഉറുഗ്വായ് ലോകത്തിനു കാണിച്ചുകൊടുത്തത്. എല്ലാവരെയും ചേർത്തുപിടിച്ചാൽ ഫുട്ബാൾ എത്ര മനോഹരമാക്കാം എന്നതു കൂടിയാണ്. അതേ വഴിയിലൂടെ സഞ്ചരിച്ചാണ് ബ്രസീൽ പിന്നീട് പെലെയെയും ഗരിഞ്ചയെയുമെല്ലാം സൃഷ്ടിച്ചതും ലോകം കീഴടക്കിയതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

