ഫിഫ ക്ലബ് ലോകകപ്പ് നറുക്കെടുപ്പ് പൂർത്തിയായി; ആദ്യ മത്സരം അൽ ഇത്തിഹാദും ഓക്ലാൻറ് സിറ്റിയും തമ്മിൽ
text_fieldsജിദ്ദയിൽ നടന്ന ഫിഫ ക്ലബ് ലോകകപ്പ് നറുക്കെടുപ്പ്
ജിദ്ദ: ഈ വർഷം ഡിസംബറിൽ ജിദ്ദയിൽ നടക്കുന്ന 2023 ഫിഫ ക്ലബ് ലോകകപ്പിന്‍റെ നറുക്കെടുപ്പ് പൂർത്തിയായി. ഡിസംബർ 12ന് നടക്കുന്ന ആദ്യ മത്സരത്തിൽ അൽ ഇത്തിഹാദ്-ഓക്ലാൻറ് സിറ്റി ക്ലബുകൾ തമ്മിൽ ഏറ്റുമുട്ടും.
ആതിഥേയരായ സൗദിയുടേതാണ് അൽ ഇത്തിഹാദ് ക്ലബ്. 15ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ആദ്യ മത്സരത്തിലെ വിജയിയുമായി ഈജിപ്തിന്‍റെ അൽ അഹ്ലി ഏറ്റുമുട്ടും. മൂന്നാം മത്സരം മെക്‌സിക്കോയുടെ ക്ലബ് ലിയോണും ജപ്പാന്‍റെ ഉറവ റെഡ് ഡയമണ്ട്സും തമ്മിലാണ്. ആദ്യ സെമി ഫൈനൽ ഡിസംബർ 18ന് നടക്കും. അതിൽ രണ്ടാം മത്സരത്തിലെ വിജയിയും കോപ്പ ലിബർട്ടഡോർസ് വിജയികളും മത്സരിക്കും. ഡിസംബർ 19ലെ രണ്ടാം സെമിയിൽ മൂന്നാം മത്സരത്തിലെ വിജയികളും മാഞ്ചസ്റ്റർ സിറ്റിയുമാണ് ഏറ്റുമുട്ടുക.
ടൂർണമെന്‍റ് കപ്പ് ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ ചടങ്ങിൽ പ്രദർശിപ്പിക്കുന്നു
ഫൈനൽ മത്സരം ഡിസംബർ 22നാണ്. ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലാണ് മത്സരങ്ങൾ. ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയുടെയും സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്‍റും ഫിഫ കൗൺസിൽ അംഗവുമായ യാസർ ബിൻ ഹസൻ അൽമസ്ഹലിന്‍റെയും സാന്നിധ്യത്തിലാണ് നറുക്കെടുപ്പും ഔദ്യോഗിക ലോഗോ പ്രകാശനവും നടന്നത്.
ഫിഫയിലെ ചാമ്പ്യൻഷിപ്പ് ഡയറക്ടർ ജെയിം യാർസ, മുൻ മാഞ്ചസ്റ്റർ സിറ്റി താരം യായ ടൂറെ, അൽ-ഇത്തിഹാദിന്‍റെ മുൻ താരം മനാഫ് അബു ശാക്കിർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

