Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അർജന്റീനയുടെ വിത്ത്, ബാഴ്സലോണയുടെ മണ്ണ്

text_fields
bookmark_border
മെസ്സി എന്ന ഫുട്ബാളറുടെ കരിയർ ലാറ്റിനമേരിക്കയും യൂറോപ്പും തമ്മിലുള്ള സംസ്കാര സംഗമത്തിന്റെ കഥ കൂടിയാണ്
അർജന്റീനയുടെ വിത്ത്, ബാഴ്സലോണയുടെ മണ്ണ്
cancel

ഒരു ചെറിയ വിത്തിൽ ഒരു മഹാവൃക്ഷത്തിന്റെ സാധ്യത മുഴുവൻ ഒളിഞ്ഞിരിക്കാം. പക്ഷേ അത് എത്ര ഉയരത്തിൽ വളരുമെന്ന് തീരുമാനിക്കുന്നത് വിത്ത് മാത്രം അല്ല; മണ്ണും കാലാവസ്ഥയും വെള്ളവും കൂടിയാണ്. ലയണൽ മെസ്സിയുടെ കഥയും സമാനമാണ്. അർജന്റീനയിലെ റൊസാരിയോയിൽ പിറന്ന മെസ്സി എന്ന ലാറ്റിനമേരിക്കൻ ജനിതകഗുണമുള്ള വിത്തിനെ ലോകഫുട്ബോളിലെ വൻമരമാക്കി വളർത്തിയത് ബാഴ്സലോനയുടെ വളക്കൂറുള്ള മണ്ണാണ്. ലാ മാസിയ അക്കാദമിയുടെ വെള്ളവും വെളിച്ചവുമാണ്. സ്പാനിഷ് ലീഗിന്റെ കാലാവസ്ഥയാണ്. ഒരേ സമയം യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ ഋതുഭേദങ്ങളിൽ പൂത്തുലയാനും രാജ്യാന്തര ഫുട്ബോളിൽ അർജന്റീനയുടെ പേരാലായി പടർന്നു പന്തലിക്കാനും മെസ്സിയെ പ്രാപ്തനാക്കിയത് ചെറുപ്പത്തിൽ തന്നെ ലഭിച്ച ഈ പറിച്ചു നടലാണ്. കൗതുകകരമെന്നു പറയാം ആ വളർച്ചയ്ക്കു വഴിയൊരുക്കിയത് ശരീരത്തിലെ ഒരു വളർച്ചാ ഹോർമോണിന്റെ അപര്യാപ്തതയും!

പെലെയെയും മറഡോണയെയുമെല്ലാം മറികടന്ന് മെസ്സിയെ ലോകഫുട്ബോളിന്റെ രാജസിംഹാസനത്തിൽ പ്രതിഷ്ഠിക്കാൻ നിശ്ചയമായും ഒരു കാരണമായി പറയാവുന്നത് ഒരേ സമയം ക്ലബ് ഫുട്ബോളിലും രാജ്യാന്തര ഫുട്ബോളിലും അദ്ദേഹം പുലർത്തിയ സ്ഥിരതയാണ്. ക്ലബ് ഫുട്ബോളിലെ കഠിനമായ മത്സരക്ഷമതയിലും രാജ്യാന്തര ഫുട്ബോളിന്റെ കടുത്ത വൈകാരികക്ഷമതയിലും മെസ്സി മികവു പുലർത്തി.

ഫുട്ബാളിന്റെ ഏറ്റവും വലിയ ആഗോള ഉത്സവമായ ലോകകപ്പിലും ഗുണപരമായ ഫുട്ബാളിന്റെ ഏറ്റവും വലിയ പ്രദർശനമായ യുവേഫ ചാംപ്യൻസ് ലീഗിലും മെസ്സിയെപ്പോലെ മികവു കാണിച്ച ലാറ്റിനമേരിക്കൻ താരങ്ങൾ മറ്റാരുമില്ല. ബ്രസീലിനു വേണ്ടി മിന്നിത്തിളങ്ങുന്ന കാലത്തും പെലെ ആ പരീക്ഷണം നേരിട്ടിട്ടില്ല. മറഡോണയാവട്ടെ യൂറോപ്പിൽ ഒരു മിന്നൽപ്പിണർ പോലെയായിരുന്നു. ബാഴ്സലോനയ്ക്കും നാപ്പോളിക്കും വേണ്ടി കളിച്ചപ്പോൾ പ്രതിഭയുടെ തീപ്പൊരിയാണ് അദ്ദേഹത്തിൽ നിന്നുണ്ടായത്. പക്ഷേ അതൊരിക്കലും മെസ്സിയെപ്പോലെ ഒരു ജ്വാലയായി മാറിയില്ല. മെസ്സിക്കു ശേഷം ലാറ്റിനമേരിക്കൻ ഫുട്ബോൾ കണ്ട ഏറ്റവും മികച്ച പ്രതിഭ എന്നു വാഴ്ത്തപ്പെട്ട ബ്രസീലുകാരൻ നെയ്മറുടെ അവസ്ഥയും സമാനം.

ഈ യൂറോപ്യൻ-ലാറ്റിനമേരിക്കൻ സമാഗമം മെസ്സിയുടെ ജനിതകത്തിൽ തന്നെയുണ്ടായിരുന്നുവെന്നു പറയാം. അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഇരുവരും യൂറോപ്യൻ പൈതൃകമുള്ളവരാണ്. അതുകൊണ്ടുതന്നെ മെസ്സിയുടെ കരിയർ ഒരു ഫുട്ബോൾ പ്രതിഭയുടെ കഥ മാത്രമല്ല. അത് ലോക ഫുട്ബാളിലെ വൻകരാസംയോജനത്തിന്റെ കഥ കൂടിയാണ്. ലാറ്റിനമേരിക്കൻ ഫുട്ബാളിന്റെ സ്വാഭാവികതയും യൂറോപ്യൻ ഫുട്ബാളിന്റെ സംവിധാനവുമാണ് മെസ്സി എന്ന ലോകോത്തര താരത്തെ സൃഷ്ടിച്ചെടുത്തത്. മെസ്സിയുടെ കളിയിലും ആ വഴക്കം കാണാം.

മറഡോണയിൽ നിന്നും റൊണാൾഡീഞ്ഞോയിൽ നിന്നുമെല്ലാം വ്യത്യസ്തമായി, തന്റെ സർഗപരത വേറിട്ടുനിർത്തിയതിനൊപ്പം തനിക്കു ചുറ്റുമുള്ള സംവിധാനത്തോടു പൊരുത്തപ്പെടാനും അദ്ദേഹത്തിനു സാധിച്ചു. എന്നാൽ ആ വൃക്ഷത്തിന്റെ തണൽ യൂറോപ്പിൽ മാത്രം നിന്നില്ല. അതിന്റെ ശിഖരങ്ങൾ അറ്റ്ലാന്റിക് കടന്ന് അർജന്റീനയിലേക്കു തന്നെ പടർന്നു. ഒടുവിൽ അതിന്റെ കായ്ക്കനി അർജന്റീനയുടെ മണ്ണിൽ തന്നെ ഊർന്നു വീണു- ലോകകപ്പ്!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The career of the Messi is also a story of cultural confluence between Latin America and Europe
Next Story