Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അമേരിക്ക കീഴടക്കിയ ബ്രിട്ടിഷുകാരൻ
cancel
camera_alt

ഡേവിഡ് ബെക്കാം ലയണൽ മെസ്സിക്കൊപ്പം

ലണ്ടനിലെ ഹീത്രോ എയർപോർട്ടിൽ നിന്ന് പാൻ അമേരിക്കൻ ഫ്ലൈറ്റ് നമ്പർ 101ൽ പറന്നുയർന്ന് 1964 ഫെബ്രുവരി 7ന് ന്യൂയോർക്ക് എയർപോർട്ടിൽ ഇറങ്ങിയ വിഖ്യാത ബ്രിട്ടിഷ് റോക്ക് ബാൻഡായ ബീറ്റിൽസ് അമേരിക്കൻ ജനതയുടെ സംഗീതാഭിരുചിയുടെ ട്യൂൺ തന്നെമാറ്റിക്കുറിച്ചു എന്നാണ് ചരിത്രം. ബീറ്റിൽസിന്റെ മാസ്മരിക ഈണങ്ങളിൽ അമേരിക്കക്കാർ മയങ്ങിയതോടെ അതുവരെയുള്ള മ്യൂസിക് റെക്കോർഡുകളെല്ലാം തുടരെ തിരുത്തിയെഴുതപ്പെട്ടു. ജോൺ ലെനൻ, പോൾ മക്കാർട്ടിനി, ജോർജ് ഹാരിസൺ, റിങ്കോ സ്റ്റാർ എന്നിങ്ങനെ നാൽവർ സംഘമായിട്ടാണ് ബീറ്റിൽസ് അമേരിക്ക കീഴടക്കിയതെങ്കിൽ 43 വർഷങ്ങൾക്കു ശേഷം ഒരു ബ്രിട്ടിഷുകാരൻ ഒറ്റക്ക് അമേരിക്കൻ ജനതയുടെ കാഴ്ചാശീലങ്ങളെ അട്ടിമറിച്ചു.

അയാൾ പാട്ടുകാരനായിരുന്നില്ല, പന്തുകളിക്കാരനായിരുന്നു. പേര് ഡേവിഡ് റോബർട്ട് ജോസഫ് ബെക്കാം! ഫുട്ബോൾ മികവു കൊണ്ടു മാത്രമല്ല ബെക്കാം അമേരിക്കൻ മനസ്സ് കീഴടക്കിയത്, തന്റെ സെലിബ്രിറ്റി സ്റ്റാറ്റസ് കൊണ്ടും ഫാഷൻ സ്റ്റേറ്റ്മെന്റുകൾ കൊണ്ടും കൂടിയാണ്. ഫുട്ബോളിനെ എങ്ങനെ ആകർഷകമായൊരു വാണിജ്യ ഉൽപന്നമാക്കി മാറ്റാം എന്ന ആ മാതൃകയെ പിന്നീട് ലോകം പേരിട്ടു വിളിച്ചു- ദ് ബെക്കാം ഇഫക്ട്. രണ്ടു പതിറ്റാണ്ടാവുമ്പോഴും അതിന്റെ അനുരണനങ്ങൾ അമേരിക്കൻ കായികരംഗത്തു കാണാം.

നിയമം തിരുത്തിയ ബെക്കാം

ലോകമെങ്ങുമുള്ള ബ്രിട്ടിഷ് കോളനികളെല്ലാം ഫുട്ബോളിനെ പുണർന്നപ്പോഴും ബേസ്ബോൾ കൊണ്ടും ബാസ്കറ്റ് ബോൾ കൊണ്ടും ആ അധിനിവേശത്തെ ചെറുത്തുനിന്നവരാണ് അമേരിക്കക്കാർ. ഫുട്ബോൾ എന്നത് അവർക്ക് കാൽപ്പന്തു കളി ആയിരുന്നില്ല, റഗ്ബിയോടു സാമ്യമുള്ള തങ്ങളുടെ അമേരിക്കൻ ഫുട്ബോൾ ആയിരുന്നു. 1994ൽ ഫിഫ ലോകകപ്പിന് ആതിഥ്യമരുളിയെങ്കിലും ആ ആവേശം തങ്ങളുടെ പ്രഫഷനൽ ഫുട്ബോൾ ലീഗായ മേജർ ലീഗ് സോക്കറിലേക്കു (എംഎൽഎസ്) പകരാൻ അമേരിക്കയ്ക്കു സാധിച്ചിരുന്നില്ല.

ഇതിനൊരു മാറ്റം വരുത്തണമെന്ന എംഎൽഎസ് കമ്മിഷണർ ഡോൺ ഗാർബറുടെയും ലൊസാഞ്ചലസ് ഗാലക്സി സഹഉടമ ടിം ലെയ്വീക്കിന്റെയും ആലോചനയാണ് ബെക്കാമിന്റെ വരവിലേക്കു നയിച്ചത്. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിൽ കോച്ച് ഫാബിയോ കാപ്പെല്ലോയുമായി അത്ര സ്വരച്ചേർച്ചയില്ലാതെ നിൽക്കുകയായിരുന്നു അക്കാലത്ത് ബെക്കാം. സൂപ്പർതാരപദവി ഉണ്ടായിരുന്നെങ്കിലും കളിക്കാൻ സ്ഥിരമായി അവസരം കിട്ടിയിരുന്നില്ല. ഈ അവസരം മുതലെടുത്ത എംഎൽഎസ് അധികൃതർ മഡ്രിഡിൽ വച്ച് ബെക്കാമുമായി ചർച്ച നടത്തി.

സ്പാനിഷ് ലീഗിലെ സൂപ്പർ താരങ്ങളിലൊരാൾ എന്ന പദവിയിൽ നിന്ന് എംഎൽഎസിലെ ഒരേയൊരു സൂപ്പർ താരം എന്ന പദവിയിലേക്കു മാറാൻ ബെക്കാമിന് സമ്മതമായിരുന്നു. എങ്കിലും ബെക്കാമിനെപ്പോലൊരാളെ ഏറ്റെടുക്കാനുള്ള സാമ്പത്തിക സാധ്യത എംഎൽഎസിനുണ്ടായിരുന്നില്ല.

21 ലക്ഷം യുഎസ് ഡോളറായിരുന്നു ഓരോ എംഎൽഎസ് ഫ്രാഞ്ചൈസിക്കും കളിക്കാർക്കെല്ലാം വേണ്ടി ചിലവഴിക്കാൻ അനുവദനീയമായിരുന്ന തുക. ഒരു ടീമിനെയൊന്നാകെ ഒരുക്കാൻ വേണ്ട ആ തുക പോലും ബെക്കാമിനെ വാങ്ങാൻ തികയുമായിരുന്നില്ല. ഒടുവിൽ എംഎൽഎസ് ബെക്കാമിനായി നിയമത്തിൽ മാറ്റം വരുത്തി. തങ്ങളുടെ സാലറി ക്യാപിനെക്കാൾ ഉയർന്ന തുക നൽകി ഓരോ ടീമിനും നിശ്ചിത എണ്ണം കളിക്കാരെ സ്വന്തമാക്കാം എന്നതായിരുന്നു അത്.

പിൽ‌ക്കാലത്ത് ബെക്കാം റൂൾ എന്നറിയപ്പെട്ട ഈ നിയമപ്രകാരം എംഎൽഎസിലെത്തുന്ന ആദ്യ താരമായി അങ്ങനെ ബെക്കാം. അഞ്ചു വർഷത്തേക്ക് ഗാലക്സിയുമായി കരാർ ഒപ്പിട്ട അദ്ദേഹത്തിന് പ്രതിഫലമായും ലാഭവിഹിതമായും ബോണസുകളായും വാഗ്ദാനം ചെയ്യപ്പെട്ട തുക 25 കോടി യുഎസ് ഡോളറിലേറെയായിരുന്നു!

ദ് മെസ്സി ഇഫക്ട്

പ്രതീക്ഷിച്ച പോലെ ബെക്കാമിന്റെ വരവ് അമേരിക്കയിൽ വൻചലനം സൃഷ്ടിച്ചു. ലൊസാഞ്ചലസ് ഗാലക്സിയുടെ പതിനൊന്നായിരത്തോളം സീസൺ ടിക്കറ്റുകളാണ് ബെക്കാമിന്റെ വരവിനു പിന്നാലെ വിറ്റുപോയത്. ടീമിന്റെ ജഴ്സി വിൽപന വർധിച്ചത് അയ്യായിരം ഇരട്ടിയിലേറെ. സ്വന്തം ടീമിനു മാത്രമല്ല അദ്ദേഹത്തിന്റെ വരവു നേട്ടമായത്. ഗാലക്സിയുമായുള്ള ഹോം മത്സരങ്ങളിൽ എതിർടീമുകളുടെ സ്റ്റേഡിയങ്ങൾ നിറഞ്ഞു കവി‍ഞ്ഞു.

പല ടീമുകളും ഇക്കാരണം കൊണ്ട് സ്റ്റേഡിയം മാറ്റാൻ വരെ നിർബന്ധിതരായി. എംഎൽഎസിന്റെ ടിവി സംപ്രേഷണത്തുക 80 ലക്ഷം യുഎസ് ഡോളറിൽ നിന്ന് 25 കോടി യുഎസ് ഡോളറായി കുതിച്ചുയർന്നു. ഫുട്ബോളിൽ മാത്രമൊതുങ്ങിയില്ല ബെക്കാം ഇഫക്ട്. ബെക്കാമും പങ്കാളിയും സൂപ്പർ മോ‍ഡലുമായ വിക്ടോറിയയും അമേരിക്കൻ ഫാഷൻ ലോകത്തും തരംഗമായി മാറി.

എന്നാൽ കളിക്കളത്തിൽ ആ മികവോടെ തുടങ്ങാൻ ബെക്കാമിനു കഴിഞ്ഞില്ല. ആദ്യ സീസണിൽ തന്നെ പരുക്കേറ്റ അദ്ദേഹത്തിന് പല മത്സരങ്ങളും നഷ്ടമായി. 2009ലെ എംഎൽഎസ് ഓഫ് സീസണിൽ ഇറ്റാലിയൻ ക്ലബ് എസി മിലാനു വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിക്കാൻ പോയത് ഗാലക്സി ആരാധകരുടെ പ്രതിഷേധത്തിനിടയാക്കി. എന്നാൽ തിരിച്ചുവരവിൽ രണ്ട് എംഎൽഎസ് കപ്പും സപ്പോർട്ടിങ് ഷീൽഡും നേടി ബെക്കാം ആരാധകരുടെ വിശ്വാസം കാത്തു.

ആറു സീസണുകളിലായി 98 മത്സരങ്ങൾ കളിച്ച ബെക്കാം 18 ഗോളുകളും 40 അസിസ്റ്റുകളുമാണ് പേരിലാക്കിയത്. ബെക്കാമിന്റെ താരപ്പൊലിമ ആരാധകർക്ക് ആവേശമായെങ്കിലും സഹതാരങ്ങൾക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചത്. ബെക്കാം വന്നതോടെ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം വിട്ടുനൽകേണ്ടി വന്നത് യുഎസ് താരം ലണ്ടൻ ഡോണോവനെ ചൊടിപ്പിച്ചു.

യുഎസ് മാധ്യമപ്രവർത്തകനായ ഗ്രാന്റ് വാൾ എഴുതിയ ദ് ബെക്കാം എക്സ്പിരിമെന്റ് എന്ന പുസ്തകത്തിലൂടെ ഡോണോവൻ ബെക്കാമിനെതിരെ തുറന്നടിച്ചു. എന്നാൽ പിന്നീട് സൗഹൃദത്തിലായ ഇരുവരും ഗാലക്സിയുടെ കിരീടനേട്ടങ്ങളിൽ നിർണായക പങ്കുവഹിച്ചു.

2012ൽ വിരമിച്ചതിനു ശേഷവും എംഎൽഎസിലെ ബെക്കാം ഇഫക്ട് തുടർന്നു. അതിനു കാരണം ഗാലക്സിയുമായുള്ള അദ്ദേഹത്തിന്റെ കരാറിൽ ഒളിപ്പിച്ചു വച്ചിരുന്ന ഒരു നിബന്ധനയായിരുന്നു. ഭാവിയിൽ എംഎൽഎസ് വിപുലീകരിക്കുമ്പോൾ ചെറിയ തുകയ്ക്ക് ബെക്കാമിന് ഒരു ടീമിനെ സ്വന്തമാക്കാം എന്നതായിരുന്നു അത്. അതു സാക്ഷാൽക്കരിക്കപ്പെട്ടത് 2018ലാണ്. ഇന്റർ മയാമി ക്ലബ്ബിന്റെ സഹഉടമയായതോടെ തന്റെ വരവിനെക്കാൾ വലിയൊരു അൽഭുതമാണ് ബെക്കാം കാത്തുവച്ചിരുന്നത്.

2023ൽ സൗദി അറേബ്യൻ ക്ലബ്ബുകളുടെ വലിയ ഓഫറുകളുടെ പ്രലോഭനം മറികടന്ന് ബെക്കാം ടീമിലെത്തിച്ചത് സാക്ഷാൽ ലയണൽ മെസ്സിയെത്തന്നെ. ഒന്നര പതിറ്റാണ്ടു മുൻപ് അമേരിക്കൻ മണ്ണിൽ താൻ സൃഷ്ടിച്ച ഓളം ഹ്രസ്വമാകുമെന്നു വിലയിരുത്തിയവരെ അമ്പരിപ്പിച്ച് മുന്നേറുന്നു ഇപ്പോഴും ഈ ബ്രിട്ടിഷ് താരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel MessiDavid BeckhamUS Soccer FederationInter Miami
News Summary - The British who conquered America
Next Story