ആരവങ്ങൾക്ക് നടുവിലേക്ക് ആവേശമായി 'ആശാൻ', ഇതൊരു ഒന്നൊന്നര 'വരവ്'..
text_fieldsകൊച്ചി: കാണികൾ നിറഞ്ഞുകവിഞ്ഞ ഗാലറി. ആരവങ്ങൾക്കായി കാത്തുകാത്തിരിക്കുന്ന ആരാധകർ. ഈ ആവേശത്തള്ളിച്ചക്കു നടുവിലേക്ക് കളി തുടങ്ങുന്നതിന് മുമ്പ് ആശാന്റെ ഒരു 'വരവു'ണ്ട്'. ഉദ്ഘാടന മത്സരത്തിനു മുമ്പെന്ന പോലെ ഇന്നും ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ച് ആ പതിവു തെറ്റിച്ചില്ല. ഗാലറി ഏറ്റവുമധികം ഇളകിമറിയുന്ന മുഹൂർത്തങ്ങൾക്കാണ് ആശാന്റെ ഈ വരവ് വഴിയൊരുക്കുന്നത്.
ഒഴിഞ്ഞ മൈതാനത്തേക്ക് വുകോമനോവിച്ച് നടന്നടുക്കുന്നതോടെ ഗാലറി ശബ്ദമുഖരിതമാകും. ആർപ്പുവിളികളും കൈയടികളുമായി കാണികൾ ആശാന്റെ പ്രത്യക്ഷപ്പെടൽ അതോടെ ആഘോഷമാക്കി മാറ്റും. മൈതാന മധ്യത്തെത്തിയശേഷം സ്റ്റേഡിയത്തിലെ മുഴവൻ ഭാഗങ്ങളിലുമുള്ള കാണികളെ വണങ്ങുന്നതോടെ ആവേശം ഉച്ചസ്ഥായിയിലെത്തുകയായി.
കോച്ചും ഈ മുഹൂർത്തങ്ങൾ ഏറെ ആസ്വദിക്കുന്നുവെന്ന് വ്യക്തം. കാണികൾക്ക് ആവേശം പകരുന്നതിനൊപ്പം ലോകഫുട്ബാളിൽ തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ അകമഴിഞ്ഞ പിന്തുണയെ ആശാനും അങ്ങേയറ്റം വിലമതിക്കുന്നുണ്ടെന്ന് അടയാളപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ വേറിട്ട രീതികൾ.

