റഫറിയെ ക്രൂരമായി മർദിച്ച അർജന്റീന ഫുട്ബാൾ താരം തലക്ക് വെടിയേറ്റ് മരിച്ച നിലയിൽ
text_fieldsബ്യൂനസ് ഐറിസ്: ഫുട്ബാൾ മത്സരത്തിനിടെ റഫറിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയായ യുവ ഫുട്ബാളറെ റെയിൽവേ സ്റ്റേഷന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. അർജന്റീനയിലെ യുവ ഫുട്ബാളർ വില്യംസ് അലക്സാണ്ടർ ടാപോണിനെയാണ് തലക്ക് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. അടിയേറ്റ റഫറിയുടെ പരാതിയെ തുടർന്ന് താരത്തിനെതിരെ കൊലപാതക ശ്രമത്തിനടക്കം കേസെടുത്തതോടെ കടുത്ത മാനസിക സമ്മർദത്തിൽ വില്യംസ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം. എന്നാൽ, വെടിവെക്കാൻ ഉപയോഗിച്ച തോക്ക് കണ്ടെത്താനായിട്ടില്ല. ഭാര്യ അഗസ്റ്റിനക്ക് ഓഡിയോ സന്ദേശമയച്ചാണ് 24കാരൻ ജീവനൊടുക്കിയത്. താരത്തിന് രണ്ട് വയസ്സ്, ഏഴ് മാസം വീതം പ്രായമുള്ള കുട്ടികളുണ്ട്.
പ്രാദേശിക ഫുട്ബാൾ മത്സരത്തിൽ കോർട്ടാഡ ടീമിന്റെ താരമായിരുന്നു വില്യംസ്. സഹതാരത്തിന് ചുവപ്പു കാർഡ് കാണിച്ചതിൽ കുപിതനായ വില്യംസ് റഫറി റഫറി ക്രിസ്റ്റ്യൻ ഏരിയൽ പനേഗയെ ഇടിച്ചു വീഴ്ത്തുകയും തലയിൽ ചവിട്ടുകയുമായിരുന്നു. ഇതോടെ റഫറി അബോധാവസ്ഥയിലായി. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം, റഫറി പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതോടെ വില്യംസ് അലക്സാണ്ടറിനെതിരെ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തു. 10 മുതൽ 15 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് താരത്തിനെതിരെ ചുമത്തിയിരുന്നത്. വില്യംസ് അലക്സാണ്ടറെ ഫുട്ബാളിൽനിന്ന് ആജീവനാന്തം വിലക്കാനും ശിപാർശ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

