വാതുവെപ്പും ഒത്തുകളിയും തടയാൻ ടാസ്ക് ഫോഴ്സ്
text_fieldsദോഹ: ലോകകപ്പിൽ വാതുവെപ്പും ഒത്തുകളിയും തടയാനുള്ള കർമപദ്ധതിക്ക് രൂപം നൽകി ഫിഫ. അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ പിന്തുണയോടെ ഇൻറഗ്രിറ്റി ടാസ്ക് ഫോഴ്സിന് രൂപം നൽകിയാണ് ഫിഫ ലോകകപ്പ് മത്സരങ്ങൾക്കു പിന്നിലെ കളികളെ തടയാൻ തയാറെടുക്കുന്നത്. സൂറിചിലെ ഫിഫ ആസ്ഥാനത്ത് ടാസ്ക് ഫോഴ്സിന്റെ ആദ്യ യോഗം ചേർന്നു.
ലോകകപ്പിലുടനീളം വിശ്വാസ്യതും സുതാര്യതയും ഉറപ്പുവരുത്തുകയാണ് ഫിഫ ഇന്റഗ്രിറ്റി ടാസ്ക് ഫോഴ്സിന്റെ ചുമതല. ബെറ്റിങ് മാര്‍ക്കറ്റും ലോകകപ്പിലെ ഓരോ മത്സരവും ഈ ടീം സൂക്ഷ്മമായി നിരീക്ഷിക്കും. അന്താരാഷ്ട്ര അന്വേഷണ ഏജന്‍സികളുമായി ചേര്‍ന്നായിരിക്കും ഈ പ്രവര്‍ത്തനങ്ങള്‍. എഫ്.ബി.ഐക്കു പുറമെ, ഖത്തര്‍ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി കമ്മിറ്റി, ഇന്റര്‍ പോള്‍, ഗ്ലോബല്‍ ലോട്ടറി മോണിറ്ററിങ് സിസ്റ്റം, ഇന്റര്‍നാഷനല്‍ ബെറ്റിങ് ഇന്റഗ്രിറ്റി അസോസിയേഷന് തുടങ്ങിയവയുമായെല്ലാം ഇന്റഗ്രിറ്റി ടാസ്ക് ഫോഴ്സിന്റെ പ്രവര്‍ത്തനം സമന്വയിപ്പിക്കും. ഫിഫ അറബ് കപ്പിലും ഫിഫ വനിതാ ലോകകപ്പിലും ഇന്റഗ്രിറ്റി ടാസ്ക് ഫോഴ്സിനെ നിയമിച്ചിരുന്നു. വരും ദിവസങ്ങളില്‍ ഓരോ രാജ്യത്തിന്റെയും ഇന്റഗ്രിറ്റി ഓഫിസര്‍മാര്‍ക്കും റഫറിമാര്‍ക്കും വര്‍ക്ക് ഷോപ്പുകളും നടത്തുന്നുണ്ട്.
ഏഴു വർഷത്തെ ഇടവേളക്കു ശേഷമാണ് ഫിഫ എഫ്.ബി.ഐയുമായി സഹകരിക്കുന്നത്. 2026 ലോകകപ്പിന് മെക്സികോ, കാനഡ എന്നിവർക്കൊപ്പം സംയുക്ത ആതിഥേയർ എന്ന നിലയിലാണ് അമേരിക്കൻ അന്വേഷണ ഏജൻസിയെയും ഇന്റഗ്രിറ്റി ടീമിൽ ഉൾപ്പെടുത്തിയത്. ലോകകപ്പിലെ ഗ്രൂപ് റൗണ്ട് മുതൽ ഫൈനൽവരെയുള്ള 64 മത്സരങ്ങളും ഇന്റഗ്രിറ്റി ടീമിന്റെ നിരീക്ഷണത്തിലായിരിക്കും. കളിക്കാർ, ടീം പരിശീലക സംഘം, മാനേജ്മെന്റ്, സ്റ്റാഫ്, കാണികൾ തുടങ്ങിയവരിലെല്ലാം നിരീക്ഷണമുണ്ടാകും.
2010ലും 2011ലും വിവിധ ദേശീയ ടീമുകളുടെ സൗഹൃദ മത്സരങ്ങളിലും മറ്റും ഒത്തുകളിയും വാതുവെപ്പും സജീവമായി എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഫിഫ രംഗത്തിറങ്ങിയത്. തുടർന്ന് നിരവധി റഫറിമാരെ പാനലിൽനിന്ന് ഒഴിവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

