സൂപ്പർ ലീഗ് കേരള; കണ്ണൂരിൽ സൂപ്പർ ലീഗ് ഫൈനൽ ആരവം
text_fieldsകണ്ണൂർ വാരിയേഴ്‌സ് എഫ്.സി പരിശീലനത്തിൽ
കണ്ണൂര്‍: കാൽപ്പന്തിനെ സ്നേഹിച്ച കണ്ണൂരിന്റെ മണ്ണിൽ സൂപ്പർ ലീഗ് ഫൈനൽ ആരവം. സൂപ്പർ ലീഗ് കേരളയില്‍ കന്നികിരീടം ലക്ഷ്യമിട്ട് ഫൈനലിൽ ഇറങ്ങുന്ന കണ്ണൂർ വാരിയേഴ്‌സിന് ജന്മനാട്ടിൽ കളിച്ചുകയറാം. ഡിസംബര്‍ 19ന് കണ്ണൂര്‍ മുനിസിപ്പില്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് ആറ് മുതല്‍ ഫൈനല്‍ മത്സരം തുടങ്ങും. കണ്ണൂരും തൃശൂര്‍ മാജിക്ക് എഫ്.സിയും തമ്മിൽ ഏറ്റുമുട്ടും. ആദ്യ ഘട്ടത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലായിരുന്നു ഫൈനല്‍ മത്സരം നിശ്ചയിച്ചിരുന്നത് എന്നാല്‍, തെരഞ്ഞെടുപ്പ് കാരണം സൂപ്പര്‍ ലീഗ് സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ തീയതി മാറ്റുകയായിരുന്നു. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 21ന് ഇന്ത്യന്‍ സൂപ്പര്‍ ക്രോസ് റൈസിങ് മത്സരങ്ങള്‍ നടക്കുന്നതിനാൽ മത്സരം കണ്ണൂരിലേക്ക് മാറ്റി.
ഒരു ഇടവേളക്കു ശേഷം സൂപ്പർ ലീഗ് മത്സരങ്ങൾ കണ്ണൂരിലെത്തിയതിന്റെ ആഹ്ലാദത്തിലായിരുന്നു വടക്കേ മലബാറുകാർ. ഇരട്ടി ആവേശം പകർന്നാണ് ഒടുവിൽ ഫൈനൽ മത്സരവും കണ്ണൂരിലെത്തുന്നത്. സെമി ഫൈനലില്‍ ശക്തരായ കാലിക്കറ്റ് എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് കണ്ണൂര്‍ വാരിയേഴ്‌സ് ഫൈനലിന് യോഗ്യത നേടിയത്. ഇതോടെ സൂപ്പര്‍ ലീഗില്‍ എല്ലാ ടീമുകളെയും പരാജയപ്പെടുത്തുന്ന രണ്ടാമത്തെ ടീമായി കണ്ണൂര്‍ വാരിയേഴ്‌സ് മാറി. ഫൈനലിൽ കണ്ണൂരിന്റെ കളി കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ക്ലബ് അര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാന്‍ കണ്ണൂരിന്റെ പരിശീലകന്‍ മാനുവല്‍ സാഞ്ചസിനായി.
തുടര്‍ച്ചയായി രണ്ടാം തവണയും ടീമിനെ സെമി ഫൈനലിലെത്തിച്ച് സൂപ്പര്‍ ലീഗില്‍ ചരിത്രം കുറിച്ചു. അതോടൊപ്പം സൂപ്പര്‍ ലീഗില്‍ രണ്ട് സീസണിലും എവേ മത്സരങ്ങളില്‍ ഒരു മത്സരം പോലും തോറ്റിട്ടില്ലെന്ന അപൂര്‍വ റെക്കോഡും മാനുവല്‍ സാഞ്ചസിനുണ്ട്. കണ്ണൂരിന്റെ ഫൈനല്‍ പ്രവേശനത്തില്‍ നിര്‍ണയകമായത് കണ്ണൂര്‍ അത്താഴക്കുന്ന് സ്വദേശി മുഹമ്മദ് സിനാന്‍ ആണ്.
സെമിയില്‍ കാലിക്കറ്റിനെ തോല്‍പ്പിച്ചപ്പോള്‍ വിജയ ഗോള്‍ സിനാന്റെ കാലുകളില്‍ നിന്നായിരുന്നു. സെമി ഫൈനലെന്ന സമ്മര്‍ദഘട്ടത്തിലും കണ്ണൂരിന് ലഭിച്ച പെനാല്‍റ്റി എടുക്കാന്‍ പരിശീലകന്‍ നിയോഗിച്ചിരുന്നത് സിനാനെ ആയിരുന്നു. പ്രതിരോധ താരങ്ങളായ സച്ചിന്‍ സുനില്‍, അശ്വിന്‍ എന്നിവരാണ് സെമി ഫൈനലില്‍ കണ്ണൂര്‍ വാരിയേഴ്‌സിന് വേണ്ടി ബൂട്ടുകെട്ടിയ മറ്റു രണ്ട് കണ്ണൂര്‍ താരങ്ങള്‍. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ സൂപ്പര്‍ ലീഗ് കേരളയുടെ ഫൈനല്‍ കൊണ്ടുവരാന്‍ സാധിച്ചതില്‍ വലിയ അഭിമാനമുണ്ടെന്നും ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താണ് ഇത്രയും വലിയ മത്സരങ്ങള്‍ ഇവിടെ സംഘടിപ്പിക്കുന്നതെന്നും ആരാധക പിന്തുണയാണ് ഇതിന് പ്രചോദനമായതെന്നും കണ്ണൂര്‍ വാരിയേഴ്‌സ് ചെയര്‍മാന്‍ ഡോ. എം.പി. ഹസ്സന്‍ കുഞ്ഞി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

