വല കുലുക്കാനായെടാ
text_fieldsസൂപ്പർ ലീഗ് കേരള ഫുട്ബാൾ വാർത്തസമ്മേളനത്തിനെത്തിയ സംവിധായകൻ മണികണ്ഠൻ അയ്യപ്പ, എസ്.എൽ.കെ മാനേജിങ് ഡയറക്ടർ ഫിറോസ് മീരാൻ, സി.ഇ.ഒ മാത്യു ജോസഫ്, റാപ്പർ വേടൻ എന്നിവർ കപ്പിന് സമീപം
കോഴിക്കോട്: സൂപ്പർ ലീഗ് കേരള പ്രഥമ സീസൺ നിർത്തിയിടത്തുനിന്ന് രണ്ടാം സീസൺ പുനരാരംഭിക്കുന്നു. കേരള ഫുട്ബാളിൽ ചരിത്രമാറ്റത്തിന് തുടക്കമിട്ട എസ്.എൽ.കെ ഒന്നാം സീസണിലെ ഫൈനലിൽ കൊമ്പുകോർത്ത് ജേതാക്കളായ കാലിക്കറ്റ് എഫ്.സിയും രണ്ടാം സ്ഥാനക്കാരായ ഫോഴ്സ കൊച്ചി എഫ്.സിയുമാണ് ഉദ്ഘാടന ദിവസമായ വ്യാഴാഴ്ച കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ പോരടിക്കുക.
മാസങ്ങൾ കഴിഞ്ഞെങ്കിലും കപ്പ് കൈവിട്ടതിന്റെ കളിപ്പക ഒടുങ്ങാതെയാണ് ഫോഴ്സ കലിപ്പടക്കാൻ വീണ്ടും എത്തുന്നതെങ്കിലും കിരീടനേട്ടം യാദൃച്ഛികമല്ലെന്ന് തെളിയിക്കാനും പുതിയ കളിയഴക് കളത്തിൽ കാണിക്കാനുമൊരുങ്ങിയാണ് കാലിക്കറ്റ് ഇറങ്ങുക. ഇതോടെ രണ്ടാം സീസണിന് ഗ്രാൻഡ് കിക്കോഫാകുമെന്നാണ് കളിയാരാധകർ വിലയിരുത്തന്നത്. രണ്ടര മാസത്തോളം നീണ്ടുനിൽക്കുന്ന ലീഗിൽ ഫൈനലടക്കം 33 മത്സരങ്ങളാണുള്ളത്.
കണ്ണൂർ വാരിയേഴ്സ് എഫ്.സി, കാലിക്കറ്റ് എഫ്.സി, മലപ്പുറം എഫ്.സി, തൃശൂർ മാജിക് എഫ്.സി, ഫോഴ്സ കൊച്ചി എഫ്.സി, തിരുവനന്തപുരം കൊമ്പൻസ് എഫ്.സി ടീമുകളാണ് പോരാട്ടത്തിനിറങ്ങുക. കഴിഞ്ഞ തവണ നാല് വേദികളിലായാണ് മത്സരങ്ങൾ നടന്നിരുന്നതെങ്കിൽ ഇത്തവണ ആറായി ഉയർന്നിട്ടുണ്ട്.
കണ്ണൂരിനും തൃശൂരിനും സ്വന്തം ഹോം ഗ്രൗണ്ടുകൾ ലഭിച്ചു. കണ്ണൂർ ജവഹർ സ്റ്റേഡിയവും തൃശൂർ കോർപറേഷൻ സ്റ്റേഡിയവുമാണ് യഥാക്രമം ഇരു ടീമുകളുടെയും തട്ടകങ്ങൾ. കഴിഞ്ഞ സീസണിൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഹോം മത്സരങ്ങൾ കളിച്ച ഫോഴ്സ കൊച്ചി എഫ്.സി ഇത്തവണ എറണാകുളം മഹാരാജാസ് ഗ്രൗണ്ടിലാണ് ഹോം മത്സരങ്ങൾക്ക് ഇറങ്ങുക. പുതുതായി ഉൾപ്പെടുത്തിയ മൂന്നു വേദികളും മികച്ച രീതിയിൽ മത്സരങ്ങൾക്കായി ഒരുക്കിയെടുത്തിട്ടുണ്ട്. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം, മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയം, തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം എന്നിവിടങ്ങളും കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും പോരാട്ടങ്ങൾക്ക് വേദിയാവും.
ഹോം ആൻഡ് എവേ അടിസ്ഥാനത്തിലാണ് സൂപ്പർ ലീഗ് കേരളയിലെ മത്സരങ്ങൾ. പോയന്റ് നിലയിലെ ആദ്യ നാല് സ്ഥാനക്കാർ സെമി ഫൈനലിന് യോഗ്യത നേടും. തുടർന്ന് ഡിസംബർ 14ന് ഫൈനൽ നടക്കും. 150 ഇന്ത്യൻ താരങ്ങളാണ് ആറ് ടീമുകളിലായി അണിനിരന്നിരിക്കുന്നത്. ഇതിൽ 100 പേരും മലയാളികളാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള 50 പേരുമുണ്ട്. ലാറ്റിനമേരിക്ക, യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങളിൽനിന്നുൾപ്പടെ 36 വിദേശ താരങ്ങളും കരുത്തുകാണിക്കാൻ ഇറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

