സൂപ്പർ ലീഗ് കേരള: കണ്ണൂർ വാരിയേഴ്സ്- തൃശൂർ മാജിക് എഫ്.സി ഫൈനൽ ഇന്ന്
text_fieldsകണ്ണൂർ വാരിയേഴ്സ് എഫ്.സി ക്യാപ്റ്റൻ അഡ്രിയാൻ സർദിനേറോയും തൃശൂർ മാജിക് എഫ്.സി ക്യാപ്റ്റൻ മൈസൺ ആൽവേസും സൂപ്പർ ലീഗ് കേരള കിരീടത്തിനരികെ
ഫോട്ടോ- ബിമൽ തമ്പി
കണ്ണൂർ: കാൽപന്ത് കളിയുടെ വിസ്മയ കാഴ്ചകളിലേക്ക് കൺപാർത്തിരിക്കുന്ന കണ്ണൂരിന് ഇന്ന് സ്വപ്ന ഫൈനൽ. ജവഹർ സ്റ്റേഡിയത്തിലെ പുൽത്തകിടികളെ തീ പിടിപ്പിക്കുന്ന സൂപ്പർ ലീഗ് കേരള രണ്ടാം പതിപ്പിന്റെ കിരീട പോരാട്ടത്തിൽ പുതിയൊരു ചരിതം കുറിക്കാൻ കണ്ണൂർ വാരിയേഴ്സും തൃശൂർ മാജിക് എഫ്.സിയും നേർക്കുനേർ.
വൈകുന്നേരം 7.30നാണ് കിക്കോഫ്. സ്വന്തം പോർക്കളത്തിൽ ഇനിയുമൊരു ജയം രുചിച്ചിട്ടില്ലാത്ത വാരിയേഴ്സ് കിരീടമെന്ന ഒറ്റ ലക്ഷ്യത്തിലേക്ക് പന്ത് തട്ടുമ്പോൾ കളിയഴകിന്റെ മാന്ത്രിക ചെപ്പ് തുറക്കാനെത്തുകയാണ് തൃശൂരുകാർ. ഒരു കോടി രൂപയാണ് ജേതാക്കൾക്ക് സമ്മാനത്തുക. റണ്ണേഴ്സ് അപ്പിന് 25 ലക്ഷവും.
സൂപ്പർ ലീഗിലാദ്യമായി ഇത്തവണ സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കാനവസരം ലഭിച്ച ടീമുകൾ തമ്മിലെ കലാശപോര് കളിയാവേശത്തിന്റെ കൊടുമുടി കയറുമെന്നുറപ്പ്.
ഗാലറികളിലൊഴുകിയെത്തി ആർപ്പുവിളികളുയർത്തുന്ന മറൈൻ ആർമിയുടെ പിന്തുണ വാരിയേഴ്സിന് കരുത്ത് പകരുന്നതിനൊപ്പം സമ്മർദവുമേറ്റും. സ്വന്തം തട്ടകത്തിൽ കളിച്ച അഞ്ചിൽ മൂന്നും തോറ്റ വാരിയേഴ്സിന് ഇവിടെ ഒറ്റ കളിയും ജയിക്കാനായിട്ടില്ല. ഈ തലവര മായ്ച്ച് കിരീടമുയർത്തുക തന്നെ ചെയ്യുമെന്ന് സ്പാനിഷുകാരനായ കോച്ച് മാനുവൽ സാഞ്ചസും നായകൻ ആഡ്രിയൻ സാർ സിനറോയും ഉറപ്പിച്ചു പറയുന്നു.
ഈ സീസണിൽ ആദ്യ മത്സരത്തിൽ തൃശൂരിനോട് സമനില പാലിച്ച കണ്ണൂർ തൃശൂരിൽ രണ്ട് ഗോൾ വിജയവുമായാണ് സെമിയിലേക്ക് വഴിയൊരുക്കിയത്. അന്ന് മുൻനിരക്കാരെ കരക്കിരുത്തിയ തൃശൂർ കോച്ച് ആന്ദ്രെ ചെർനിഷോവ് ഇന്ന് കഥ മാറുമെന്ന ദൃഢ നിശ്ചയത്തിലാണ്. കളിയുടെ എല്ലാ മേഖലകളിലും ഒരുപോലെ മികവ് കാട്ടുന്നവരാണ് ഇരു ടീമുകളും.
അവസാന നിമിഷം സെമിയിലിടം പിടിച്ച വാരിയേഴ്സ് നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റിനെ അട്ടിമറിച്ചാണ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. കരുത്തരായ മലപ്പുറത്തിനുമേൽ സ്വന്തം മണ്ണിൽ ആധികാരിക ജയവുമായി തൃശൂർ ഫൈനലിലിടം നേടി. മുഹമ്മദ് സിനാനെന്ന കണ്ണൂർക്കാരന്റെ ഗോളടി മികവിൽ കേന്ദ്രീകരിക്കുന്ന കണ്ണൂരിന്റെ ആക്രമണ നിരയിൽ നായകൻ ആഡ്രിയാനോയും കരീം സംബുവും ഏറെ അപകടകാരികൾ. മനോജ് കണ്ണനും നിക്കോളസും കാക്കുന്ന പ്രതിരോധം ശക്തമാണെങ്കിലും ഗോൾ വഴങ്ങിയാൽ പതറുന്നതാണ് ടീമിന്റെ ദൗർബല്യം.
മധ്യനിരയിൽ വിദേശ താരങ്ങളായ ലവ് സാംബയും കീൻ ലൂയിസും അസിയർ ഗോമസും കളിയുടെ നിയന്ത്രണമേറ്റെടുക്കാൻ പോന്നവർ. ആദ്യ കളികളിൽ മങ്ങി സെമിയിൽ ഹാട്രിക്ക് മികവുമായി തിരിച്ചെത്തിയ മാർക്കസ് ജോസഫാണ് തൃശൂർ മാജിക്ക് എഫ്.സിയുടെ മുൻനിരയിലെ പോരാളി. ഒപ്പം അഫ്സലുമുണ്ട്.
ഗോളവസരങ്ങളൊരുക്കുന്നതിൽ മധ്യനിരയിൽ ഇവാൻ മാർക്കോവിച്ചും ഫായിസും നവീൻ കൃഷ്ണയും പ്രതിരോധത്തിൽ ലെനി റോഡ്രിഗ്സും കരുത്തറിയിച്ചവർ. അതുകൊണ്ട് തന്നെ പ്രവചനം അസാധ്യമാവുന്ന പോരാട്ടത്തിൽ ഇന്നത്തെ ദിവസം ആരുടേതാകുമെന്നറിയാൻ അവസാന വിസിൽ വരെ കാത്തിരിക്കേണ്ടിവരും.
രാത്രി 7.30 മുതൽ സോണി ടെൻ, ഡി.ഡി മലയാളം, സ്പോർട്സ് ഡോട്ട് കോം (വെബ്സൈറ്റ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

