സൂപ്പർ ലീഗ് കേരള; കാലിക്കറ്റ് എഫ്.സി- കണ്ണൂർ വാരിയേഴ്സ് മത്സരം സമനിലയിൽ, 1-1
text_fieldsകോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്.സിക്കെതിരെ ഗോൾ നേടിയ കാലിക്കറ്റ് എഫ്.സി താരം മുഹമ്മദ് അർഷാഫിന്റെ ആഹ്ലാദം
കോഴിക്കോട്: മലബാറുകാർ തമ്മിൽ ഏറ്റുമുട്ടിയ സൂപ്പർ ലീഗ് കേരള നാലാം റൗണ്ടിൽ കാലിക്കറ്റ് എഫ്.സിയും കണ്ണൂർ വാരിയേഴ്സ് എഫ്.സിയും സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.
കളിയുടെ അവസാനംവരെ പൊരുതിക്കളിച്ച ഇരുടീമുകളും വിജയം സ്വപ്നം കണ്ടെങ്കിലും ഫലമുണ്ടായില്ല. ഒരു ചുവപ്പ് കാർഡും രണ്ട് ഗോളുകളും കണ്ട മത്സരത്തിൽ കാലിക്കറ്റിനായി മുഹമ്മദ് അർഷാഫ് സ്കോർ ചെയ്തപ്പോൾ കണ്ണൂരിനായി എസിയർ ഗോമസ് സമനില പിടിച്ചു. നാല് മത്സരങ്ങളിൽ കണ്ണൂര്‍ വാരിയേഴ്സ് തോല്‍വി അറിയാതെ രണ്ട് ജയവും രണ്ട് സമനിലയുമായി എട്ട് പോയന്റ് നേടി ഒന്നാം സ്ഥാനത്താണ്. ഒരു ജയവും ഒരു തോല്‍വിയും രണ്ട് സമനിലയുമായി അഞ്ച് പോയന്റുമായി കാലിക്കറ്റ് നാലാമതാണ്. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ എബിൻദാസിനെ ഫൗൾ ചെയ്ത കാലിക്കറ്റിന്റെ മുഹമ്മദ് ആസിഫ് മഞ്ഞക്കാർഡ് കണ്ടു. ബോക്സിന് തൊട്ടുപുറത്തു നിന്ന് കണ്ണൂരിന് ലഭിച്ച ഫ്രീകിക്ക് എസിയർ ഗോമസിന് മുതലാക്കാനായില്ല. 17ാം മിനിറ്റിൽ കാലിക്കറ്റിന് അനുകൂലമായ ഫ്രീകിക്ക്. അർജന്റീനക്കാരൻ ഫെഡറിക്കോ ഹെർനാൻ ബോസോയുടെ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
28 ാം മിനിറ്റിലാണ് അർഷാഫിലൂടെ കാലിക്കറ്റ് ലീഡ് നേടിയത്. പ്രശാന്ത് എടുത്ത കോര്‍ണര്‍ ബോക്സിലെ കൂട്ടപൊരിച്ചിലിനൊടുവില്‍ മൂഹമ്മദ് അജ്സലിന് ലഭിച്ചു. അജ്സല്‍ ബോക്സിന് പുറത്ത് നിന്നിരുന്ന അർഷാഫിന് നല്കി. താരം കൃത്യമായി പോസ്റ്റിലെത്തിച്ചു. 38 ാം മിനിറ്റില്‍ അസിയര്‍ ഗോമസിലൂടെ കണ്ണൂര്‍ വാരിയേഴ്സ് തിരിച്ചടിച്ചു.
ഇടത് വിങ്ങിലൂടെ ഓവര്‍ ലാപ്പ് ചെയ്ത് എത്തിയ മനോജ് പന്ത് അസിയറിന് നല്കി. പിന്നെ ബോക്സിന് തൊട്ടുമുമ്പില്‍ നിന്നിരുന്ന അഡ്രിയാന്‍. അഡ്രിയാനിൽനിന്ന് പന്ത് സ്വീകരിച്ച അസിയര്‍ ഗോല്‍ കീപ്പറെ കബളിപ്പിച്ച് ഗോളാക്കി. ആദ്യപകുതി അവസാനിക്കാനിരിക്കെ കാലിക്കറ്റിന്റെ ആസിഫ് ചുവപ്പ് കാർഡ് വാങ്ങി പുറത്തേക്ക് പോയി. അഞ്ചാം മിനിറ്റിൽതന്നെ ആദ്യ മഞ്ഞക്കാർഡ് ലഭിച്ചിരുന്ന ആസിഫ് 42ാം മിനിറ്റിൽ പന്ത് കൈകൊണ്ട് തടയാൻ ശ്രമിച്ചപ്പോൾ റഫറി രണ്ടാം മഞ്ഞക്കാർഡും കാണുകയായിരുന്നു. 55ാം മിനിറ്റിൽ കാലിക്കറ്റിന് വീണ്ടും മഞ്ഞക്കാർഡ്. എതിർതാരത്തെ ഇടിച്ചതിന് ജോനാഥൻ പെരേരക്ക് നേരെയാണ് റഫറി കാർഡുയർത്തിയത്.
76ാം മിനിറ്റിൽ ഇടതുവിങ്ങിലൂടെ മുന്നേറി കാലിക്കറ്റിന്റെ ഫെഡറിക്കോ ഹെർനാൻ ബോസോ പോസ്റ്റിലേക്ക് കോരിയിട്ട പന്ത് ക്രോസ് ബാറിൽ തട്ടി മടങ്ങി. 16000ത്തിൽപരം കാണികൾ മത്സരം വീക്ഷിക്കാനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

