ബ്ലാസ്റ്റേഴ്സ് മോഹം പൊലിഞ്ഞു; മോഹൻ ബഗാനോട് തോറ്റ് സൂപ്പർ കപ്പിൽനിന്ന് പുറത്ത്
text_fieldsഭുവനേശ്വർ: ദേശീയതലത്തിലെ ഒരു കിരീടത്തിനായി പതിറ്റാണ്ട് പിന്നിട്ട കേരള ബ്ലാസ്റ്റേഴ്സിന്റെ കാത്തിരിപ്പ് തുടരും. ഗോളുകളും അസിസ്റ്റുകളുമായി മലയാളികൾ നിറഞ്ഞുകളിച്ച കലിംഗ സൂപ്പർ കപ്പ് ക്വാർട്ടർ ഫൈനലിൽ ഐ.എസ്.എൽ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനോട് തോറ്റ് സെമി ഫൈനൽ കാണാതെ പുറത്തായി.
ശനിയാഴ്ച വൈകീട്ട് കലിംഗ സ്റ്റേഡിയത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു പരാജയം. സഹൽ അബ്‌ദുൽ സമദും സുഹൈൽ അഹമ്മദ് ഭട്ടുമാണ് ബഗാനായി ലക്ഷ്യം കണ്ടത്. കളി തീരാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ശ്രീക്കുട്ടനിലൂടെ പിറന്ന ഇൻജുറി ടൈം ഗോളിൽ ബ്ലാസ്റ്റേഴ്സ് തോൽവിയുടെ ഭാരം കുറച്ചു. ബഗാന്റെ മലയാളി മിഡ്ഫീൽഡർ സലാഹുദ്ദീൻ അദ്നാനാണ് പ്ലെയർ ഓഫ് ദ മാച്ച്.
നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാളിനെ തകർത്ത് ക്വാർട്ടറിലെത്തിയ ഡേവിഡ് കറ്റാലയുടെ സംഘത്തിന് ബഗാനെതിരെ മികച്ച കളി പുറത്തെടുത്തിട്ടും ജയം പിടിക്കാനായില്ല. ഈസ്‌റ്റ് ബംഗാളിനെതിരെ കളിച്ച ടീമിൽ മാറ്റങ്ങളുണ്ടായിരുന്നു. ക്യാപ്‌റ്റൻ അഡ്രിയാൻ ലൂണ കരക്കിരുന്നു. മുഹമ്മദ് അയ്മനായിരുന്നു പകരക്കാരൻ. തുടക്കത്തിൽ പലതവണ ബ്ലാസ്റ്റേഴ്സ് ഗോളിന് അടുത്തെത്തി. എന്നാൽ, നിരാശയായിരുന്നു ഫലം. 22ാം മിനിറ്റിൽ വലതുപാർശ്വത്തിൽ കിട്ടിയ പന്തുമായി ബഗാൻ താരം സലാഹുദ്ദീൻ മുന്നേറിയപ്പോൾ നവോച്ചക്ക് തടയാനായില്ല. വെട്ടിയൊഴിഞ്ഞ് ബോക്‌സിലേക്ക് കയറി ഗോൾമുഖത്തുണ്ടായിരുന്ന മലയാളി താരം സഹലിലേക്ക് കൃത്യം ക്രോസ്. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെ കാഴ്ചക്കാരാക്കി സഹൽ ഗോളി സച്ചിൻ സുരേഷിനെ കീഴടക്കി പന്ത് വലയിലേക്കടിച്ചു. ഇടക്ക് ബ്ലാസ്‌റ്റേഴ്‌സ് തകർപ്പൻ നീക്കം നടത്തി. ബോക്‌സിന് പുറത്തുനിന്ന് നോഹ സദോയി തൊടുത്ത കരുത്തുറ്റ ഷോട്ട് ഗോളി ധീരജ് ആയാസപ്പെട്ട് തടഞ്ഞു. 38ാം മിനിറ്റിൽ ഹോർമിപാമിന്റെ ഒന്നാന്തരം ക്രോസ് ധീരജ് ഒറ്റക്കൈകൊണ്ട് കുത്തിയകറ്റി.
രണ്ടാംപകുതിയുടെ തുടക്കത്തിൽതന്നെ സലാഹുദ്ദീന്റെ മുന്നേറ്റം സച്ചിൻ സുരേഷിന്റെ കൃത്യമായ ഇടപെടലാണ് രക്ഷിച്ചത്. അടുത്ത നിമിഷം പ്രത്യാക്രമണം. നോഹയുടെ ഷോട്ട് ധീരജ് തടുത്തു. 51ാം മിനിറ്റിൽ കളിഗതിക്കെതിരായി ബഗാൻ ലീഡുയർത്തി. ഇടതു പാർശ്വത്തിൽ മലയാളി താരം ആഷിഖ് കുരുണിയനെ പ്രതിരോധിക്കാൻ നവോച്ചക്കായില്ല. ക്രോസ് ഗോൾമുഖത്തേക്ക്. ഡ്രിൻസിച്ചിന്റെ തൊട്ടുമുന്നിൽനിന്ന് സുഹൈൽ അനായാസം ലക്ഷ്യം കണ്ടു. 65, 67 മിനിറ്റുകളിൽ ബ്ലാസ്റ്റേഴ് താരം ജീസസ് ജിമെനെസിന്റെ ശ്രമങ്ങൾ നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്. പകരക്കാരനായെത്തിയ ക്വാമെ പെപ്രയും ഗോളിനായി ആഞ്ഞുശ്രമിച്ചു. 86ാം മിനിറ്റിൽ വിബിനും പെപ്രയും ചേർന്ന് നടത്തിയ നീക്കവും ഗോൾമുഖത്ത് അവസാനിച്ചു. ഇൻജുറി ടൈമിന്റെ നാലാം മിനിറ്റിൽ ബോക്‌സിലേക്കുള്ള ജിമിനെസിന്റെ പന്ത് കാലിലെടുത്ത് മലയാളി താരം ശ്രീക്കുട്ടൻ സ്കോർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

