വെൽകം ബാക്ക്, ക്യാപ്റ്റൻ; വിരമിക്കൽ പിൻവലിച്ച് സുനിൽ ഛേത്രി; ബംഗ്ലാദേശിനെതിരെ കളിക്കും
text_fieldsന്യൂഡൽഹി: കഴിഞ്ഞ വർഷം അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ച ഇന്ത്യയുടെ സ്റ്റാർ സ്ട്രൈക്കർ സുനിൽ ഛേത്രി വീണ്ടും ദേശീയ ടീമിന്റെ ജഴ്സിയണിയാനെത്തുന്നു. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ അഭ്യർഥന മാനിച്ചാണ് 40കാരന്റെ തിരിച്ചുവരവ്.
മാർച്ച് 25ന് ബംഗ്ലാദേശിനെതിരെ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മൂന്നാം റൗണ്ട് മത്സരത്തിൽ ഛേത്രി കളിക്കും. അതിനു മുമ്പ് 19ന് മാലദ്വീപിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിലും ഛേത്രി ഇറങ്ങുമെന്നാണ് റിപ്പോർട്ട്. തുടർന്നും താരത്തിന്റെ സേവനം ഇന്ത്യൻ ടീമിനുണ്ടാവും. ഇന്ത്യയുടെ എക്കാലത്തെയും ടോപ് ഗോൾ സ്കോററാണ് ഛേത്രി. രാജ്യത്തിന് വേണ്ടി ഏറ്റവുമധികം കളിച്ചതും ദേശീയ ടീമിനെ കൂടുതൽ തവണ നയിച്ചതും ഇദ്ദേഹംതന്നെ.
അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ച ശേഷം ക്ലബ് ഫുട്ബാളിൽ തുടരുന്ന ഛേത്രി ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളൂരു എഫ്.സിക്കായി മിന്നുംപ്രകടനമാണ് കാഴ്ചവെക്കുന്നത്. സീസണിൽ ഇതുവരെ ബംഗളൂരുവിനായി 12 തവണ വല ചലിപ്പിച്ച് ഗോൾവേട്ടയിൽ ഇന്ത്യൻ താരങ്ങളിൽ ഒന്നാംസ്ഥാനത്താണ്. 2024 ജൂൺ ആറിന് കൊൽക്കത്ത സാൾട്ട് ലേക് സ്റ്റേഡിയത്തിൽ കുവൈത്തിനെതിരെ നടന്ന ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തോടെയാണ് ഛേത്രി വിരമിച്ചത്.
150 മത്സരങ്ങളിൽ 94 അന്താരാഷ്ട്ര ഗോളുകൾ ഛേത്രിയുടെ പേരിലുണ്ട്. ക്യാപ്റ്റൻ, ലീഡർ, ലെജൻഡ്...മാർച്ചിൽ ഫിഫ അന്താരാഷ്ട്ര ജാലകത്തിലേക്ക് ഇന്ത്യൻ ടീമിൽ മടങ്ങിയെത്തുമെന്ന് എ.ഐ.എഫ്.എഫ് ഛേത്രിയുടെ ചിത്രത്തോടെ എക്സിൽ കുറിച്ചു. ഛേത്രിയുടെ വിരമിക്കലോടെ ബ്ലൂ ടൈഗേഴ്സിന്റെ പ്രകടനം തീർത്തും മോശമായിട്ടുണ്ട്. 2024ൽ ഒരു ജയം പോലും നേടാനായിരുന്നില്ല ടീമിന്. മാലദ്വീപിനും ബംഗ്ലാദേശിനുമെതിരായ മത്സരങ്ങൾക്ക് ഷില്ലോങ് ജവഹർലാൽ നെഹ്റു സ്റ്റേഡിയമാണ് വേദിയാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

