സുനിൽ ഛേത്രിക്കും ശമ്പളമില്ല! അനിശ്ചിതത്വങ്ങൾക്കിടെ താരങ്ങൾക്കുള്ള ശമ്പളം മരവിപ്പിച്ച് ബംഗളൂരു എഫ്.സി
text_fieldsബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ഐ.സ്.എൽ) ഭാവി സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം സുനിൽ ഛേത്രി ഉൾപ്പെടെയുള്ള താരങ്ങളുടെ ശമ്പളം മരവിപ്പിച്ച് ബംഗളൂരു എഫ്.സി. ഒന്നാം ടീമിലെ കളിക്കാരുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും ശമ്പളം താൽക്കാലികമായി നിര്‍ത്തുകയാണെന്ന് ക്ലബ് അധികൃതർ അറിയിച്ചു.
ഐ.എസ്.എൽ അനിശ്ചിതമായി നീട്ടിവെച്ചതാണ് ലീഗിന്‍റെയും ക്ലബുകളുടെയും ഭാവി തുലാസിലാക്കിയത്. ‘ഐ.എസ്.എൽ ഭാവി സംബന്ധിച്ച അനിശ്ചിതാവസ്ഥ മൂലം കളിക്കാരുടെയും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെയും ശമ്പളം താൽക്കാലികമായി നിര്‍ത്തിവെക്കുക എന്നത് ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. ഇന്ത്യന്‍ ഫുട്‌ബാളില്‍ ഒരു ക്ലബ് നടത്തിക്കൊണ്ടു പോകുക എന്ന വെല്ലുവിളിയേറിയ ജോലി ഞങ്ങള്‍ എല്ലാ സീസണിലും ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്’ -ബി.എഫ്.സി പത്രക്കുറിപ്പിൽ അറിയിച്ചു.
ലീഗിന്റെ ഭാവി സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ ഇതല്ലാതെ മറ്റു വഴികളില്ല. താരങ്ങളുടെയും ജീവനക്കാരുടെയും കുടുംബത്തിന്റെയും ക്ഷേമവും ഭാവിയുമാണ് ഞങ്ങൾക്ക് പ്രധാനം. ഇതിനൊരു പരിഹാരത്തിനായി കാത്തിരിക്കെ തന്നെ അവരുമായി ബന്ധം നിലനിര്‍ത്തുന്നുണ്ട്.
രാജ്യത്തെ ഫുട്‌ബാള്‍ വികസനത്തെയോ യുവതാരങ്ങൾക്കുള്ള ഫുട്‌ബാള്‍ സ്‌കൂളുകളെയോ ഇത് ബാധിക്കില്ല. കായികരംഗത്തിന്റെ വളര്‍ച്ചക്കും വികസനത്തിനുമായി ക്ലബ് തുടര്‍ന്നും പ്രവര്‍ത്തിക്കും. ഈ പ്രതിസന്ധിക്ക് വേഗത്തില്‍ ഒരു പരിഹാരം ആവശ്യമാണെന്നും ബി.എഫ്.സി പ്രസ്താവനയിൽ വ്യക്തമാക്കി.
അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനിലെ മുതിർന്ന പ്രതിനിധികൾ ആഗസ്റ്റ് ഏഴിന് ന്യൂഡല്‍ഹിയില്‍ എട്ട് ഐ.എസ്.എല്‍ ക്ലബുകളുടെ ചീഫ് എക്‌സിക്യൂട്ടീവുകളുമായി നിര്‍ണായക യോഗം ചേരുന്നുണ്ട്. ഐ.എസ്.എൽ നടത്തിപ്പുകാരായ ഫുട്ബാള്‍ സ്പോര്‍ട്സ് ഡെവലപ്മെന്‍റ് ലിമിറ്റഡും (എഫ്.എസ്.ഡി.എൽ) അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും തമ്മിലെ മാസ്റ്റര്‍ റൈറ്റ്‌സ് കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് ടൂർണമെന്‍റ് മാറ്റിവെക്കുന്നതിലേക്ക് നയിച്ചത്.
റിലയന്‍സ് ഗ്രൂപ്- സ്റ്റാർ സംയുക്ത സംരംഭമാണ് എഫ്.എസ്.ഡി.എൽ. സെപ്റ്റംബറിലാണ് ഐ.എസ്.എൽ നടക്കേണ്ടിയിരുന്നത്. ഐ.എസ്.എൽ ഉൾപ്പെടുത്താതെയാണ് നേരത്തേ എ.ഐ.എഫ്.എഫ് പുതിയ സീസണ്‍ മത്സര കലണ്ടർ പുറത്തിറക്കിയത്. എ.ഐ.എഫ്.എഫും ലീഗ് നടത്തിപ്പുകാരായ എഫ്.എസ്.ഡി.എലുമായുള്ള കരാര്‍ ഡിസംബറില്‍ അവസാനിക്കുകയാണ്. കരാര്‍ പുതുക്കുന്നതു സംബന്ധിച്ച് നീക്കങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

