
ജാലകത്തിരശ്ശീല നീക്കി നക്ഷത്രങ്ങൾ
text_fieldsലണ്ടൻ: 2021-22 ക്ലബ് സീസൺ അവസാനിച്ചതോടെ ലോകമെങ്ങും കൂടുമാറ്റക്കാലമാണ്. കിലിയൻ എംബാപ്പെ റയൽ മഡ്രിഡിലേക്ക് പോവാനിരിക്കെ അവസാന നിമിഷം വലിയ തുകക്ക് താരത്തെ പി.എസ്.ജി നിലനിർത്തിയത് ഈയ്യിടെ വിവാദങ്ങളിലേക്ക് വരെ നയിച്ചു. ഇംഗ്ലണ്ടിൽ ജൂൺ 10നാണ് ട്രാൻസ്ഫർ വിൻഡോ തുറക്കുക. സെപ്റ്റംബർ ഒന്നിന് അടക്കും. ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, ജർമനി എന്നിവിടങ്ങളിൽ ജൂലൈ 10ന് തുടങ്ങും. ഫ്രാൻസിലും ഇറ്റലിയിലും ആഗസ്റ്റ് 31നും ജർമനിയിലും സ്പെയിനിലും സെപ്റ്റംബർ ഒന്നിനും തിരശ്ശീല വീഴും.
ഫ്രഞ്ച് താരം പോള്‍ പോഗ്ബ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ടു. ഫ്രീ ഏജന്റായാണ് ടീം വിടുന്നത്. തന്റെ പഴയ ക്ലബായ യുവന്റസിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്ലെങ്കിൽ പി.എസ്.ജിയോ റയലോ ആവും താവളം. ഒമ്പത് വർഷത്തിന് ശേഷം റയൽ മഡ്രിഡ് വിടുന്നതായി വെൽഷ് സൂപ്പർ താരം ഗാരെത് ബെയിലും സ്ഥിരീകരിച്ചു. ന്യൂകാസിൽ, കാർഡിഫ് സിറ്റി, ടോട്ടൻഹാം, ഡി.സി യുനൈറ്റഡ് തുടങ്ങിയവ പട്ടികയിലുണ്ട്. ലിവർ പൂൾ സ്ട്രൈക്കറായ സാദിയോ മാനേയിൽ ബയേൺ മ്യൂണിക്കും പി.എസ്.ജിയും നോട്ടമിട്ടിട്ടുണ്ട്. യുവന്റസ് സ്ട്രൈക്കർ പൗലോ ഡിബാല ക്ലബ് വിട്ട സാഹചര്യത്തിൽ ഇന്റർമിലാൻ, ടോട്ടൻഹാം, റോമ, മാഞ്ചസ്റ്റർ യുനൈറ്റഡ് എന്നിവയിലൊന്നിലാണ് സാധ്യത. അത് ലറ്റികോ മഡ്രിഡിന്റെ മുന്നേറ്റ നിരയിലെ കരുത്തൻ ലൂയി സുവാരസ്, ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മിയാമി, വെസ്റ്റ് ഹാം, ആസ്റ്റൻ വില്ല, ആഴ്സനൽ എന്നിവയിലോ ബാഴ്സലോണയിലോ എത്തിയേക്കാം.
പി.എസ്.ജി വിടുന്ന എയ്ഞ്ചൽ ഡീ മരിയ യുവന്റസിലേക്ക് മാറിയേക്കും. ബയേൺ മ്യൂണിക്കിൽ നിന്നിറങ്ങുന്ന റോബർട്ട് ലെവൻഡോവ്സ്കിക്ക് വേണ്ടി ബാഴ്സലോണ, ആഴ്സനൽ, ചെൽസി, മാഞ്ചസ്റ്റർ യുനൈറ്റഡ്, ടോട്ടൻഹാം രംഗത്തുണ്ട്. ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് എർലിങ് ഹാലാൻഡ് മാഞ്ചസ്റ്റർ സിറ്റിയിലെത്തുമെന്ന് ഏറക്കുറെ ഉറപ്പായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
