ബൂഫൽ എത്തി; ഇനി അൽ റയ്യാന്റെ പത്താം നമ്പറുകാരൻ
text_fieldsദോഹയിൽ നടന്ന ചടങ്ങിൽ മൊറോക്കോ താരം സുഫിയാൻ ബൂഫലിനെ അൽ റയ്യാൻ ക്ലബ് അവതരിപ്പിച്ചപ്പോൾ
ദോഹ: ഖത്തർ ലോകകപ്പിൽ വിസ്മയപ്രകടനവുമായി ലോക ഫുട്ബാളിനെ അതിശയിപ്പിച്ച മൊറോക്കൻ ടീമിലെ പ്രമുഖ താരങ്ങളിലൊരാളായ സുഫിയാൻ ബൂഫൽ ഇനി ഖത്തരി ക്ലബായ അൽ റയ്യാന്റെ പത്താം നമ്പർ താരം. ഫ്രഞ്ച് ലീഗ് വൺ ക്ലബായ ഏയ്ഞ്ചേഴ്സിൽനിന്നാണ് ബൂഫൽ അൽ റയ്യാനിലെത്തുന്നത്.
29കാരനായ അറ്റാക്കിങ് മിഡ്ഫീൽഡർ ചൊവ്വാഴ്ച ഖത്തറിൽ വൈദ്യപരിശോധനക്കായി എത്തിയിരുന്നു. നടപടിക്രമങ്ങളെല്ലാം പൂർത്തിയായശേഷമാണ് മാധ്യമങ്ങൾക്കു മുമ്പാകെ താരത്തിന് ക്ലബ് അധികൃതർ അൽ റയ്യാൻ ജഴ്സി കൈമാറിയത്. ലോകകപ്പിന്റെ സെമി ഫൈനലിലെത്തുന്ന ആദ്യ അറബ്, ആഫ്രിക്കൻ ടീമെന്ന വിശേഷണം ഖത്തറിലെ കണ്ണഞ്ചും പ്രകടനത്തിലൂടെ മൊറോക്കോ സ്വന്തമാക്കിയിരുന്നു. വിശ്വമേളക്കുശേഷം മൊറോക്കൻ താരങ്ങൾക്ക് ട്രാൻസ്ഫർ മാർക്കറ്റിൽ ഏറെ ഡിമാൻഡ് ഉയർന്നു. യൂറോപ്യൻ ടീമുകളിൽ പലതും ബൂഫലിൽ നോട്ടമിട്ടിരുന്നു. അതെല്ലാം നിരസിച്ചാണ് താരം ഖത്തറിലേക്കു പറന്നത്. 2016ൽ ഫ്രഞ്ച് ലീഗിലെ മികച്ച ആഫ്രിക്കൻ താരമെന്ന ബഹുമതി ബൂഫൽ നേടിയിട്ടുണ്ട്.
2012ൽ ഏയ്ഞ്ചേഴ്സിലൂടെയാണ് പ്രഫഷനൽ കരിയറിന് തുടക്കമിട്ടത്. 2015ൽ ഫ്രാൻസിലെതന്നെ ലില്ലെയിലേക്കു മാറി. 2016 മുതൽ 2020 വരെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ സതാംപ്ടണിന്റെ അണിയിലായിരുന്നു. ഇതിനിടയിൽ വായ്പാടിസ്ഥാനത്തിൽ ഒരു സീസണിൽ സ്പാനിഷ് ലീഗിൽ സെൽറ്റ വിഗോക്കുവേണ്ടിയും ബൂട്ടണിഞ്ഞു. 2020ലാണ് ഏയ്ഞ്ചേഴ്സിൽ തിരിച്ചെത്തിയത്. അതിനുശേഷം 56 മത്സരങ്ങളിൽനിന്ന് ഏയ്ഞ്ചേഴ്സിനുവേണ്ടി 13 ഗോളുകൾ നേടിയിട്ടുണ്ട്. മൊറോക്കോക്കുവേണ്ടി കഴിഞ്ഞ ലോകകപ്പിൽ ഉൾപ്പെടെ 39 മത്സരങ്ങളിൽ കളിച്ചു. ആറു ഗോളുകൾ ദേശീയ ടീമിനുവേണ്ടി നേടിയിട്ടുണ്ട്. ചിലിയുടെ മുന്നേറ്റതാരം ജീസൺ വാർഗാസിനെ വായ്പാടിസ്ഥാനത്തിൽ ടീമിലെത്തിച്ചതായി അൽ റയ്യാൻ അധികൃതർ കഴിഞ്ഞ ദിവസം ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വ്യക്തമാക്കിയിരുന്നു. 12 ടീമുകളുള്ള ഖത്തർ സ്റ്റാർസ് ലീഗിൽ നിലവിൽ നിരാശജനകമായ പ്രകടനത്തോടെ പത്താം സ്ഥാനത്താണ് അൽ റയ്യാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

