സുബ്രതോ കപ്പ്: കേരളം ക്വാർട്ടറിൽ
text_fieldsമലപ്പുറം: ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന സുബ്രതോ കപ്പ് അന്താരാഷ്ട്ര ഫുട്ബാൾ ടൂർണമെന്റിൽ കേരള ടീം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. സബ് ജൂനിയർ (അണ്ടർ 14) വിഭാഗം പൂൾ എച്ചിലെ അവസാന മത്സരത്തിൽ ഡൽഹി ഇന്റർനാഷനൽ സ്പോർട്സ് സ്കൂളിനെ 5-0ത്തിന് തകർത്താണ് കേരളത്തെ പ്രതിനിധാനം ചെയ്യുന്ന ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസ് ക്വാർട്ടർ ഫൈനലിൽ കടന്നത്. ഒന്നാം പകുതിയിൽ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്ന കേരള ടീം രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ കൂടി നേടി.
കേരളത്തിനു വേണ്ടി ജിജിൻ മൂന്ന് ഗോളുകളും മുഹമ്മദ് ജിഷാൻ രണ്ട് ഗോളുകളും സ്കോർ ചെയ്തു. പൂൾ എച്ചിലെ എല്ലാ മത്സരങ്ങളും ജയിച്ച് സമ്പൂർണ ആധിപത്യത്തോടെയാണ് കേരള ടീം ക്വാർട്ടർ ഫൈനലിൽ കടന്നത്. സെപ്റ്റംബർ 11ന് സുബ്രതോ പാർക്ക് സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ ക്വാർട്ടർ ഫൈനൽ മത്സരം.

