സുവാരസിന്റെ മാപ്പ്, മുസ്ലേരയുടെ മടക്കം; ഉറുഗ്വായിയുടെ കാത്തിരിപ്പ്
text_fieldsഉറുഗ്വായിയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ് ലൂയി സുവാരസ്. ആധുനിക ഫുട്ബാളിൽ ഡീഗോ ഫോർലാനും എഡിൻസൻ കവാനി, ഡീഗോ ഗോഡിൻ, ഫെർണാണ്ടോ മുസ്ലേര എന്നിവരടക്കമുള്ള ഉറുഗ്വായിയുടെ സുവർണ തലമുറയുടെ പ്രതിനിധി. കഴിഞ്ഞമാസം സുവാരസ് നടത്തിയ ഒരു മാപ്പ് പറച്ചിലും അതിന് കോച്ച് മാർസലോ ബിയൽസ കഴിഞ്ഞദിവസം നൽകിയ മറുപടിയും ഫുട്ബാൾ ലോകത്ത് ചർച്ചയായിരുന്നു. 2024 സെപ്റ്റംബറിൽ അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ച സുവാരസ്, പക്ഷേ അവസരം ലഭിച്ചാൽ ലോകകപ്പ് കളിക്കാൻ ആഗ്രഹമുണ്ടെന്ന് മേയിൽ വെളിപ്പെടുത്തിയിരുന്നു. മുമ്പ് കോച്ച് ബിയൽസക്കെതിരെ നടത്തിയ വിമർശനങ്ങൾക്ക് അദ്ദേഹം മാപ്പ് പറയുകയും ചെയ്തു. 39 വയസ്സുള്ള സുവാരസ് മേജർ സോക്കർ ലീഗിൽ ഇന്റർ മയാമിക്കായി ഇൗ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് ആറു ഗോളും ഒരു അസിസ്റ്റും അക്കൗണ്ടിലാക്കിയിട്ടുണ്ട്. തന്റെ പ്രഫഷനൽ കരിയറിലെ 600ാമത് ഗോൾ എന്ന നാഴികക്കല്ലും അടുത്തിടെ പിന്നിട്ടു. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, റോബർട്ട് ലെവൻഡോവ്സ്കി എന്നിവർക്കൊപ്പം നിലവിൽ ഫുട്ബാളിൽ സജീവമായുള്ള മികച്ച അഞ്ച് ഗോൾവേട്ടക്കാരിൽ ഒരാളാണ് അദ്ദേഹം.
പ്രായക്കൂടുതലും കാൽമുട്ടിലെ പരിക്കും കാരണം പല മത്സരങ്ങളിലും പകരക്കാരനായാണ് ഇറങ്ങേണ്ടി വരുന്നതെങ്കിലും കുറഞ്ഞ മിനിറ്റുകളിൽ വളരെ ഉയർന്ന ഗോൾ ശരാശരിയാണ് സുവാരസിന്റേത്. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ടീമിലേക്ക് സുവാരസിനെ കോച്ച് മടക്കിവിളിച്ചില്ല. പക്ഷേ, 2024ൽ അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ച മറ്റൊരു 39 കാരനെ 26 അംഗ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഗോൾ കീപ്പർ ഫെർണാണ്ടോ മുസ്ലേരയെ! നാലു ലോകകപ്പ് കളിച്ച മുസ്ലേരയുടെ പരിചയ സമ്പത്ത് ബാറിന് കീഴിൽ ഉപയോഗപ്പെടുത്താനാണ് കോച്ചിന്റെ നീക്കം. സുവാരസിനെ ഒഴിവാക്കിയത് ടീമിന്റെ തന്ത്രങ്ങളുടെ ഭാഗമായാണെന്നും അദ്ദേഹം മാപ്പുപറയേണ്ട കാര്യമൊന്നുമില്ലെന്നായിരുന്നു ബിയൽസയുടെ മറുപടി. പഴയ പടക്കുതിരകളായ ഉറുഗ്വായ്, 1930ൽ പ്രഥമ ലോകകപ്പിൽ അർജന്റീനയെയും, 1950 ൽ ‘മാറക്കാന ദുരന്ത’ത്തിലൂടെ ബ്രസീലിനെയും വീഴ്ത്തി കിരീടം നേടിയെങ്കിലും പിന്നീടൊരു ഫൈനൽ പ്രവേശം സ്വപ്നം മാത്രമായി. 75 വർഷങ്ങൾക്കിപ്പുറം ഉറുഗ്വായ് കളത്തിലിറങ്ങുന്നത് പുതിയ ഗോൾവേട്ടക്കാരൻ ലിവർ പൂൾ സ്ട്രൈക്കർ ഡാർവിൻ നൂനസ്, റയൽ മഡ്രിഡ് താരം ഫെഡെ വാൽവെർഡെ, ബാഴ്സലോണ പ്രതിരോധ താരം റൊണാൾഡ് അരാഹോ എന്നിവരുടെ നേതൃത്വത്തിൽ മികച്ച യുവതലമുറയുമായാണ്.
യൂറോപ്യൻ ശൈലിയിലുള്ള അതിവേഗ പ്രസിങ് ടീമായി ഉറുഗ്വായ് മാറിയിരിക്കുന്നു. ഗ്രൂപ്പിലെ അവസാന മത്സരമായ ഉറുഗ്വായ്-സ്പെയിൻ പോരാട്ടമാകും ഗ്രൂപ് ചാമ്പ്യന്മാരെ നിശ്ചയിക്കുക. ഈ ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ നോക്കൗട്ടിൽ അർജന്റീന ഉൾപ്പെടുന്ന ഗ്രൂപ് ജെയിലെ ടീമുകളെയാണ് നേരിടേണ്ടി വരുക. അതിനാൽ രണ്ടാം സ്ഥാനക്കാരായാൽ അർജന്റീനയെ നേരിടേണ്ടി വന്നേക്കാമെന്നതിനാൽ ഒന്നാം സ്ഥാനത്തിനായി സ്പെയിനും ഉറുഗ്വായിയും തമ്മിലെ പോരാട്ടം തീപാറും. പ്രതീക്ഷകളുടെ അമിത ഭാരവുമായാണ് താരത്തിളക്കത്താൽ സമ്പന്നമായ സ്പെയിനിന്റെ വരവ്. മുന്നേറ്റത്തിൽ ബാഴ്സലോണയുടെ സൂപ്പർ താരം ലമീൻ യമാൽ, നിക്കോ വില്യംസ്, മിഡ്ഫീൽഡിലെ എൻജിനുകളായ റോഡ്രി, പെഡ്രി, ഒൽമോ, പ്രതിരോധത്തിൽ ലപോർട്ട എന്നിവരടങ്ങുന്ന ലോകോത്തര ടീം. പന്തടക്കത്തിലും വേഗതയേറിയ പാസിങ്ങിലും അറ്റാക്കിലും മികച്ചുനിൽക്കുന്ന ടീം. എന്നാൽ, യമാലിനേറ്റ പരിക്കുമൂലം ഗ്രൂപ്പിലെ ആദ്യ മത്സരങ്ങളിൽ കളിക്കാനാവുമോ എന്നത് ആരാധകരെ ആശങ്കയിലാക്കുന്നു. 2010ൽ ടികി ടാക്ക ശൈലിയിൽ ലോകത്തെ അമ്പരപ്പിച്ച് കപ്പടിച്ച സ്പെയിനിന് ഇത്തവണയും കിരീടമുയർത്താനുള്ള ശേഷിയുണ്ട്.
കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയെ അട്ടിമറിച്ച് ലോകത്തെ ഞെട്ടിച്ച സൗദി അറേബ്യ, പശ്ചിമേഷ്യൻ ഫുട്ബാളിലെ ഏറ്റവും കരുത്തരായ ടീമാണ്. എന്നാൽ, ഏഷ്യൻ കപ്പിലെയും ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെയും ഫോം വിലയിരുത്തുമ്പോൾ ടീമിന്റെ സ്ഥിരത ചോദ്യചിഹ്നമാണ്. സമീപകാലത്ത് പരിശീലകരിൽ വന്ന മാറ്റങ്ങളും മുൻനിര സ്ട്രൈക്കർമാരുടെ ഫോമില്ലായ്മയും പ്രകടനത്തിൽ നിർണായകമാകും. സൂപ്പർ താരവും ക്യാപ്റ്റനുമായ സാലിം അൽ ദൗസരിയിലാണ് സൗദി പ്രതീക്ഷ കേന്ദ്രീകരിക്കുന്നത്. പുതുമുഖങ്ങളാണ് ആഫ്രിക്കൻ പ്രതിനിധികളായ ‘ബ്ലൂ ഷാർക്സ്’ എന്ന വിളിപ്പേരുള്ള കേപ് വെർദെ. പ്രതിരോധത്തിലൂന്നിയുള്ള കൗണ്ടർ അറ്റാക്കിങ് ശൈലിയുള്ള ടീം. കേപ് വെർദെ വംശജരായി പോർചുഗൽ, ഫ്രാൻസ്, നെതർലൻഡ്സ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ ജനിച്ചുവളർന്ന മികച്ച താരങ്ങളുമായാണ് മുൻക്യാപ്റ്റനും കോച്ചുമായ ബുബിസ്റ്റ ശക്തമായ ടീമിനെ വാർത്തെടുത്തത്. ആഫ്രിക്കൻ യോഗ്യതാ റൗണ്ടിൽ കരുത്തരായ കാമറൂൺ, അംഗോള തുടങ്ങിയ വമ്പന്മാരെ അട്ടിമറിച്ച് ഗ്രൂപ് ചാമ്പ്യന്മാരായ കേപ് വെർദെ ചെറിയ മീനല്ലെന്ന് സാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

