ടീം മാറി, ശീലം മാറിയില്ല; ഗോളടി തുടർന്ന് സുവാരസ്
text_fieldsമഡ്രിഡ്: ടീം മാറിയെന്നേയുള്ളൂ ലൂയി സുവാരസ് ശീലങ്ങളൊന്നും മാറ്റിയിട്ടില്ല. ബാഴ്സലോണ വിട്ട് അത്ലറ്റികോ മഡ്രിഡിലെത്തിയ സുവാരസ് അരങ്ങേറ്റ മത്സരത്തിൽതന്നെ ഇരട്ട ഗോളടിച്ച് കളം വാണു. ഗ്രനഡക്കെതിരായ മത്സരത്തിൽ 6-1നായിരുന്നു അത്ലറ്റികോയുടെ ജയം. 71ാം മിനിറ്റിൽ ഡീഗോ കോസ്റ്റക്ക് പകരക്കാരനായി കളത്തിലിറങ്ങിയ ശേഷം 20 മിനിറ്റിനുള്ളിലായിരുന്നു സുവാരസ് ഡബ്ൾ നേടിയത്.
ഡീഗോ കോസ്റ്റയുടെ (9) ഗോളിൽ ലീഡ് നേടി. രണ്ടാം പകുതിയിൽ എയ്ഞ്ചൽ കൊറിയ (47), ജോ ഫെലിക്സ് (65) എന്നിവർകൂടി സ്കോർ ചെയ്ത് ലീഡുയർത്തി. പിന്നാലെ, സുവാരസ് കളത്തിലെത്തിയതോടെ അത്ലറ്റികോയുടെ ആക്രമണത്തിന് മൂർച്ചയേറുകയായിരുന്നു. കളത്തിലെത്തി രണ്ടാം മിനിറ്റിൽ മാർകോസ് ലോറേൻറായുടെ (72) ഗോളിന് വഴിയൊരുക്കിയ ഉറുഗ്വായ് താരം 85, 93 മിനിറ്റിലാണ് സുവാരസ് സ്കോർ ചെയ്തത്.

