സംസ്ഥാന സീനിയർ ഫുട്ബാൾ; മലപ്പുറവും തൃശൂരും സെമിയിൽ
text_fieldsകോട്ടയത്തിനെതിരെ ഗോൾ നേടാൻ മലപ്പുറം താരം മുഹമ്മദ് നിഷാമിന്റെ വിഫല ശ്രമം -(Photo: പി. അഭിജിത്ത്)
മലപ്പുറം: സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറവും തൃശൂരും സെമിയിൽ പ്രവേശിച്ചു. ബുധനാഴ്ച രാവിലെ മൂന്നാം ക്വാർട്ടറിൽ പാലക്കാടിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചാണ് തൃശൂരിന്റെ സെമി പ്രവേശം. വൈകീട്ട് നടന്ന നാലാം ക്വാർട്ടറിൽ കോട്ടയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മലപ്പുറം തോൽപിച്ചത്.
പാലക്കാടിനെതിരെ തൃശൂരിന്റെ മധ്യനിര താരങ്ങളായ കെ.എം. റിജാസ് 41ാം മിനിറ്റിലും ബിജേഷ് ടി. ബാലൻ 45ാം മിനിറ്റിലും മുന്നേറ്റതാരം വി.എച്ച്. മിഥ്ലാജ് 47ാം മിനിറ്റിലും ഗോൾ നേടി. പാലക്കാടിനായി പ്രതിരോധതാരം എ. രഞ്ജിത്ത് 18ാം മിനിറ്റിലും മുന്നേറ്റതാരം ടി.പി. ഷിജാസ് 45ാം മിനിറ്റിലും അധികസമയത്തിന്റെ മൂന്നാം മിനിറ്റിലുമാണ് ആശ്വാസ ഗോൾ നേടിയത്. ഇരുടീമും കട്ടക്ക് നിന്ന മത്സരത്തിൽ ആദ്യപാദത്തിൽ ഇരുടീമും സമനില തുടർന്നെങ്കിലും രണ്ടാംപാദത്തിൽ അവസരം മുതലാക്കിയ തൃശൂർ വിജയവഴിയിലേക്കെത്തി. തൃശൂരിന്റെ പൊലീസ് താരം ബിജേഷ് ടി. ബാലനാണ് മാൻ ഓഫ് ദി മാച്ച്.
കോട്ടയത്തിനെതിരെ മലപ്പുറത്തിന്റെ മുന്നേറ്റതാരങ്ങളായ ജുനൈൻ കടവലത്ത് നാലാം മിനിറ്റിലും അക്മൽ ഷാൻ 53ാം മിനിറ്റിലും വല കുലുക്കി. 84ാം മിനിറ്റിൽ ക്യാപ്റ്റൻ മുഹമ്മദ് സാലിമാണ് കോട്ടയത്തിനായി മറുപടി ഗോൾ നേടിയത്. കളിയിൽ മലപ്പുറത്തിന്റെ ജുനൈനാണ് മാൻ ഓഫ് ദി മാച്ച്. വെള്ളിയാഴ്ച രണ്ടാം സെമിയിൽ ആതിഥേയരായ മലപ്പുറവും തൃശൂരും തമ്മിൽ ഏറ്റുമുട്ടും.

