ക്യാപ്റ്റൻ സൺ ടോട്ടൻഹാം വിടുന്നു; മേജർ സോക്കർ ലീഗിലേക്കെന്ന് സൂചന
text_fieldsലണ്ടൻ: ഒരു പതിറ്റാണ്ടുകാലം ടോട്ടൻഹാം ഹോട്സ്പറിന്റെ ഗോൾനീക്കങ്ങളിൽ സുവർണ സ്പർശമായി മുന്നിലോടിയ ദക്ഷിണ കൊറിയൻ ഇതിഹാസം സൺ ഹ്യൂങ് മിൻ ടീം വിടുന്നു.
നീണ്ട 17 വർഷത്തിനിടെ ടോട്ടൻഹാം മാറോടു ചേർത്ത ആദ്യ കിരീടമായ യൂറോപ ലീഗ് ട്രോഫിയിലേക്ക് ടീമിനെ നയിച്ചാണ് ഒടുവിൽ മടങ്ങുന്നത്. 2026 വരെ കരാറുണ്ടെങ്കിലും ടീമും പ്രിമിയർ ലീഗും വിട്ട് മെസ്സിയടക്കം പ്രമുഖർ പന്തുതട്ടുന്ന മേജർ സോക്കർ ലീഗിലാണ് 33കാരൻ കണ്ണുവെക്കുന്നതെന്നാണ് സൂചന. ലോസ് ആഞ്ചൽസ് എഫ്.സിയുമായി ചർച്ച അവസാന ഘട്ടത്തിലാണ്. മടക്കം പ്രഖ്യാപിച്ചതോടെ ഞായറാഴ്ച ആഴ്സനലിനെതിരായ സൗഹൃദ മത്സരം സണ്ണിന് ടോട്ടൻഹാം കുപ്പായത്തിൽ വിടവാങ്ങലാകും.
ബുണ്ടസ് ലിഗയിൽ ഓളം തീർത്ത യുവതാരമായി ലോകം കണ്ണുവെച്ചുതുടങ്ങിയ 2015ലാണ് ഒരു ഏഷ്യൻ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകക്ക് ബയേർ ലെവർകൂസനിൽനിന്ന് സൺ ടോട്ടൻഹാമിലെത്തുന്നത്. ഇംഗ്ലീഷ് നായകൻ ഹാരി കെയിനുമൊത്ത് മുൻനിരയിൽ കളി മെനഞ്ഞും ഗോളടിച്ചും തകർപ്പൻ കൂട്ടുകെട്ടുയർത്തിയ സൺ പ്രിമിയർ ലീഗിൽ 333 തവണയാണ് ടീമിന്റെ ജഴ്സിയണിഞ്ഞത്.
വല കുലുക്കിയത് 127 തവണ. ഇരുവരുടെയും കൂട്ടുകെട്ട് ഏറ്റവും കുടുതൽ ഗോളടിച്ച സഖ്യവുമായി. ഹാരി കെയിൻ സമീപകാലത്ത് കളംമാറി ബയേൺ മ്യൂണിക്കിലെത്തി കിരീടവരൾച്ചക്ക് വിരാമമിട്ടപ്പോൾ സൺ ടീമിനൊപ്പം തന്നെ തുടർന്ന് കിരീടം ചൂടി. ടീമിനൊപ്പം 454 കളികളിൽ 173 ആണ് ഗോൾ നേട്ടം. അസിസ്റ്റുകൾ 101ഉം.
ടോട്ടൻഹാം ജഴ്സിയിൽ സൺ കുറിച്ച നേട്ടങ്ങളനവധി. പ്രിമിയർ ലീഗിൽ ഗോൾഡൻ ബൂട്ട് ചൂടിയപ്പോൾ ആ ബഹുമതി തൊടുന്ന ആദ്യ ഏഷ്യൻ താരമായി. 23 ഗോൾ നേടിയ 2021-22 സീസണിൽ മുഹമ്മദ് സലാഹുമൊത്തായിരുന്നു നേട്ടം പങ്കിട്ടത്. 2019ൽ ലിവർപൂളിനെതിരെ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ച ടീമിലും സൺ ഉണ്ടായിരുന്നു.
എതിരില്ലാത്ത രണ്ടു ഗോളിന് അന്ന് ചെമ്പട കിരീടമുയർത്തി. 2021ൽ ഇ.എഫ്.എൽ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റാണ് കപ്പിനും ചുണ്ടിനുമിടയിൽ കിരീടം നഷ്ടമായത്.
2023ൽ ഹ്യൂഗോ ലോറിസ് ടീം വിട്ടപ്പോൾ നായക പദവി സണ്ണിനെ തേടിയെത്തി. പിന്നീട് ക്യാപ്റ്റൻ പദവി സണ്ണിനു മാത്രമായി.
2019ൽ ബേൺലിക്കെതിരെ സ്വന്തം പെനാൽറ്റി ബോക്സിനു സമീപത്തുനിന്ന് ഒറ്റക്ക് കുതിച്ച് നേടിയ സോളോ ഗോൾ മാത്രം മതി താരത്തിന്റെ വേഗവും പന്തടക്കവും ഫിനിഷിങ്ങും അടയാളപ്പെടുത്താൻ. അതേ ഗോളിന് ഫിഫയുടെ പുഷ്‍കാസ് അവാർഡും തേടിയെത്തി. ദക്ഷിണ കൊറിയയിൽ ഫുട്ബാളിനെ ഇത്രമേൽ ജനകീയമാക്കിയ താരം ഏറെയായി ഏഷ്യയിലെ ഏറ്റവും മികച്ച താരങ്ങളിൽ മുന്നിലാണ്. ആദ്യം പിതാവും പിന്നീട് മൗറീസ്യോ പൊച്ചെറ്റിനോ എന്ന ടോട്ടൻഹാം കോച്ചും അഗ്നി പകർന്ന കാലുകൾ ഇന്നും യൂറോപ്യൻ കളിമുറ്റങ്ങളിൽ കനൽ വിതച്ചുകൊണ്ടിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

