സ്പാനിഷ് ക്ലബിലെ സൂപ്പർ താരങ്ങൾ സെവൻസ് ഗാലറിയിൽ...! മലപ്പുറത്തിന്റെ കളിയാവേശം ഏറ്റെടുത്ത് സെവിയ്യ
text_fieldsസെവിയ്യ എഫ്.സിയുടെ ഫേസ് ബുക് പോസ്റ്റ്
കോഴിക്കോട്: പൊടിമണ്ണ് പറക്കുന്ന മലപ്പുറത്തിന്റെ സെവൻസ് ആരവങ്ങൾക്കു നടുവിൽ സ്പാനിഷ് ലാ ലിഗയിലെ മിന്നും താരങ്ങളുടെ സാന്നിധ്യം. കുമ്മായ വരകൾ അതിരിട്ട ചെമ്മൺ മൈതാനത്ത് കളി പൊടിപൊടിക്കുമ്പോൾ ഗാലറിയിൽ മലപ്പുറത്തെ ആരാധകപ്പടക്കൊപ്പം സെവിയ്യയുടെ അസ്പിലിക്യുറ്റയും അലക്സിസ് സാഞ്ചസും വർഗാസും നിറഞ്ഞ ആവേശത്തോടെയിരിക്കുന്നു.
സ്പാനിഷ് ലാ ലിഗയിലെ ഞായറാഴ്ച രാത്രിയിൽ സെവിയ്യയും ബാഴ്സലോണയും ഏറ്റുമുട്ടാനൊരുങ്ങവെയാണ് മലപ്പുറത്തെ ഫുട്ബാൾ ആവേശം അടയാളപ്പെടുത്തികൊണ്ട് സെവിയ്യ വേറിട്ടൊരു ചിത്രം പങ്കുവെച്ചത്.
‘എല്ലാ കോണിലും ഫുട്ബോൾ ശ്വസിക്കുന്ന മലപ്പുറം. ഇന്ന് രാത്രി ഹൃദയമിടിപ്പ് ഞങ്ങളായി മാറുന്നു...’ എന്ന അടിക്കുറിപ്പുമായി സെവിയ്യയും ബാഴ്സലോണയും തമ്മിലെ മത്സരാവേശം ക്ലബ് ആരാധകരുമായി പങ്കുവെക്കുന്നു.
എ.ഐയിൽ നിർമിച്ചെടുത്ത ചിത്രം സെവിയ്യയുടെ ഔദ്യോഗിക ഫേസ് ബുക് പേജ് വഴിയാണ് പങ്കുവെച്ചത്. ഞായറാഴ്ച രാത്രിയിൽ ഇന്ത്യൻ സമയം 7.45നാണ് സെവിയ്യയും ബാഴ്സലോണയും തമ്മിലെ പോരാട്ടം. സാമൂഹിക മാധ്യമ പേജിൽ ചിത്രം പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ മലയാളി ആരാധകർ സെവിയ്യയുടെ മലപ്പുറം പ്രേമം ഏറ്റെടുത്തു. മലപ്പുറത്തിന്റെ ഫുട്ബാൾ കേളി പങ്കുവെച്ചുകൊണ്ടുള്ള കമന്റുകളുടെ പ്രവാഹമായി ചിത്രത്തിനു താഴെ.
കേരളത്തിന്റെ ഫുട്ബാൾ ആവേശം യൂറോപ്പ്യൻ ക്ലബുകൾ ഏറ്റെടുക്കുന്നത് പുതുമയുള്ള കാര്യമല്ല. ഓണത്തിനും വിഷുവിനും മുതൽ വെള്ളം കളിക്കും തൃശൂർ പൂരത്തിനും വരെ കേരളത്തിലെ ആരാധകർക്ക് സാമൂഹിക മാധ്യമ പേജ് വഴി ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയൻ ക്ലബുകൾ ആശംസ നേരാൻ മത്സരിക്കുന്നത് പതിവാണ്. അതിൽ നിന്നും വ്യത്യസ്തമാണ് സെവൻസ് മത്സരം കാണാനെത്തിയ താരങ്ങളുടെ ചിത്രം നിർമിച്ചുകൊണ്ടുള്ള ഈ ആഘോഷം.
എട്ട് റൗണ്ട് മത്സരങ്ങൾ പൂർത്തിയായ ലാ ലിഗയിൽ നിലവിൽ റയൽ മഡ്രിഡാണ് (21 പോയന്റ്) ഒന്നാമതുള്ളത്. 19 പോയന്റുമായി ബാഴ്സലോണ തൊട്ടു പിന്നിലുണ്ട്. ഏഴ് കളിയിൽ മൂന്ന് ജയവുമായി സെവിയ്യക്ക് പത്ത് പോയന്റാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

