
പിതാവിന്റെ വിയോഗമറിയാതെ ലോകകപ്പ് വിജയത്തിലേക്ക് ഗോൾ പായിച്ച് ഒൾഗ കാർമോണ
text_fieldsവനിത ലോകകപ്പിൽ സ്പെയിൻ കന്നിവിജയം കുറിച്ചപ്പോൾ ഏറ്റവും അഭിനന്ദിക്കപ്പെട്ടത് ഒൾഗ കാർമോണയെന്ന ക്യാപ്ടനാണ്. ഫിഫ വനിത ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഇംഗ്ലണ്ടിന് തോൽപിച്ച് സ്പെയിൻ കിരീടത്തിൽ മുത്തമിട്ടപ്പോൾ മുന്നിൽനിന്ന് നയിച്ചതും 29ാം മിനിറ്റിൽ വിജയഗോൾ നേടിയതും ഒൾഗ തന്നെയാണ്. പക്ഷെ അപ്പോഴൊന്നും അവരറിഞ്ഞിരുന്നില്ല, തന്റെ പിതാവ് എന്നന്നേക്കുമായി ഈ ലോകത്തുനിന്ന് മടങ്ങിയ വിവരം.
മത്സരശേഷമാണ് റോയൽ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ ഒൾഗയുടെ പിതാവിന്റെ മരണവിവരം പുറത്തുവിട്ടത്. ‘ഫൈനലിന് ശേഷമാണ് വോൾഗ ദുഖകരമായ ആ വാർത്ത അറിഞ്ഞത്. ഈ നിമിഷത്തിൽ ഞങ്ങൾ ഒൾഗയ്ക്കും അവളുടെ കുടുംബത്തിനും ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നു. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു, ഓൾഗ, നീ സ്പാനിഷ് ഫുട്ബോളിന്റെ ചരിത്രമാണ്’-ഫെഡറേഷൻ ട്വീറ്റിൽ പറഞ്ഞു.
വിജയഗോൾ നേടിയത് ഒൾഗ കാർമോണ
ഇംഗ്ലണ്ടിനും സ്പെയിനിനും ലോകകപ്പിൽ കന്നി ഫൈനലായിരുന്നു. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയതിന്റെയും സ്പെയിനുമായി മുമ്പ് മുഖാമുഖം വന്നപ്പോൾ ജയിച്ചതിന്റെയും മാനസിക മുൻതൂക്കമുണ്ടായിരുന്നു ഇംഗ്ലീഷുകാർക്ക്. കാണികളിലൊരാൾ ഗ്രൗണ്ട് കൈയേറിയതിനെത്തുടർന്ന് 25 മിനിറ്റിൽ കളി അൽപനേരം തടസ്സപ്പെട്ടിരുന്നു. മികച്ച അവസരങ്ങളിലൊന്ന് 16ാം മിനിറ്റിൽ ലഭിച്ചിരുന്നു.
ഇംഗ്ലണ്ടിന്റെ ലോറൻ ഹെംപിന്റെ ബുള്ളറ്റ് ക്രോസ്ബാറിൽ തട്ടിത്തെറിച്ചു. ഒരു മിനിറ്റിനുശേഷം, സ്പാനിഷ് താരം സൽമ പാരല്ല്യൂലോ ഗോളിലേക്ക് കുതിച്ചു. പക്ഷേ ഒരു ക്ലീൻ ഷോട്ട് നേടാനായില്ല. വലക്ക് മുന്നിൽ ആൽബ റെഡോണ്ടോയുടെ ശ്രമം ഇംഗ്ലീഷ് ഗോളി മേരി ഇയർപ്സ് തടഞ്ഞു.
എന്നാൽ, 29ാം മിനിറ്റിൽ കഥ മാറി. കാർമോണയുടെ ഇടങ്കാൽ ഷോട്ട് ഗോൾകീപ്പർ മേരി ഇയർപ്സിന്റെ ഡൈവിങ്ങിനെയും പരാജയപ്പെടുത്തി വലയുടെ മൂലയിലിറങ്ങി. സെമി ഫൈനലിൽ സ്വീഡനെതിരെയും ഗോൾ നേടിയ കാർമോണ അങ്ങനെ സ്പെയിനിന്റെ വിജയറാണിയായി.
പാഴായ പെനാൽറ്റി
ലീഡിന്റെ ബലത്തിൽ ഒന്നാം പകുതിയിൽ കളം ഭരിച്ച സ്പെയിനിനെതിരെ രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് അപകടം വിതറിക്കൊണ്ടിരുന്നു. ഇടക്ക് പലതവണ സ്പാനിഷ് താരം പാരല്ല്യൂലോ ഗോളിനടുത്തെത്തി. 54-ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ഹെംപിന് മറ്റൊരു അവസരം ലഭിച്ചെങ്കിലും പുറത്തേക്കായി. 68ാം മിനിറ്റിൽ ലീഡ് ഇരട്ടിയാക്കുമെന്നുറപ്പിച്ച നിമിഷങ്ങൾ. കെയ്റ വാൽഷിന്റെ ഹാൻഡ്ബോളിന് സ്പാനിഷ് താരങ്ങളുടെ പെനാൽറ്റി അപ്പീൽ. വിഡിയോ അവലോകനത്തിൽ റഫറി പെനാൽറ്റി അനുവദിച്ചു. ജെന്നി ഹെർമോസയെടുത്ത കിക്ക് ഇംഗ്ലണ്ട് ഗോൾകീപ്പർ ഇയർപ്സ് ഗംഭീരമായി കൈയിലൊതുക്കുകയായിരുന്നു.
കലാപാനന്തരം കിരീടം
പരിശീലകൻ ജോർജ് വിൽഡക്കെതിരെ താരങ്ങൾ കൂട്ടത്തോടെ രംഗത്തെത്തിയതിനെ തുടർന്ന് കലുഷിതമായിരുന്നു ഏതാനും മാസം മുമ്പ് ടീമിലെ അവസ്ഥ. വിൽഡയാണ് കോച്ചെങ്കിൽ തങ്ങളെ ഉൾപ്പെടുത്തേണ്ടതില്ലെന്ന് 15ഓളം കളിക്കാർ വ്യക്തമാക്കുകയും ചെയ്തിരുന്നു. മാനസികസമ്മർദം അനുഭവിക്കുന്നുവെന്നായിരുന്നു ഇവരുടെ ആരോപണം. കൂട്ടത്തിൽ മൂന്ന് കളിക്കാർ, ഓന ബാറ്റിൽ, ഐറ്റാന ബോൺമാറ്റി, മരിയോണ കാൽഡെന്റി എന്നിവർ പിന്നീട് ഫുട്ബാൾ ഫെഡറേഷനുമായി അനുരഞ്ജനത്തിലെത്തുകയും കളിക്കാൻ തയാറാവുകയും ചെയ്തു. ഇതാദ്യമായാണ് സ്പെയിൻ ലോകകപ്പ് സെമിയിൽപോലുമെത്തുന്നത്. കിരീട നേട്ടത്തോടെ ജർമനിക്കു ശേഷം പുരുഷ, വനിത ലോകകപ്പുകൾ വിജയിക്കുന്ന ടീമായി സ്പെയിൻ മാറി.
